ad
Deshabhimani

കണി കണ്ടുണര്‍ന്നു, പ്രതീക്ഷയുടെ പൊൻപുലരികൾ

a

വിഷു ആഘോഷങ്ങള്‍ക്കായി പാളയത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയവരുടെ തിരക്ക്

avatar
സ്വന്തം ലേഖിക

Published on Apr 15, 2026, 01:33 AM | 1 min read

കോഴിക്കോട്

പ്രതീക്ഷയുടെ പുലരികളെ വരവേൽക്കാൻ പൊന്നിൻകണിയൊരുക്കി വിഷു വന്നെത്തി. ഉരുളിയിൽ കൊന്നപ്പൂവും കോടിമുണ്ടും കണിവെള്ളരിയും ഫലങ്ങളും നിരത്തി, കാര്‍ഷികസമൃദ്ധിയുടെ സ്മരണകളും നാളെയുടെ സമൃദ്ധിയും നാട് കണി കണ്ടുണര്‍ന്നു. പുത്തനുടുപ്പ് ധരിച്ചും സദ്യയുണ്ടും പടക്കം പൊട്ടിച്ചുമെല്ലാം മലയാളികൾ വിഷു ആഘോഷമാക്കുന്നു.

ചൊവ്വാഴ്ച വിഷുവിന്റെ അവസാനഘട്ട ഒരുക്കങ്ങൾക്കായി നഗരം തിരക്കിലമര്‍ന്നു. വഴിയോരക്കച്ചവട കേന്ദ്രങ്ങൾ മുതൽ ഷോപ്പിങ് മാളുകൾ വരെ പൊള്ളുന്ന വെയിലിലും തളരാതെ ആവശ്യക്കാരുടെ നീണ്ടനിരയുണ്ടായിരുന്നു. മിഠായിത്തെരുവിലെ തുണിക്കടകളിലും ചെരുപ്പ് കടകളിലും ചൊവ്വ രാവിലെ മുതൽ കുടുംബങ്ങൾ തിങ്ങിനിറഞ്ഞു. ഗൃഹോപകരണ വിൽപ്പന കേന്ദ്രങ്ങളിലും വിഷുവിനോടനുബന്ധിച്ച് വൻ ഓഫറുകളുണ്ടായിരുന്നു.

മുമ്പിൽ കൊന്ന

കണിയൊരുക്കുന്ന ഇനങ്ങൾക്കാണ് വിപണിയിൽ കൂടുതൽ ഡിമാന്റുള്ളത്. ഇതിൽത്തന്നെ കണിക്കൊന്നയാണ് ഞൊടിയിടയിൽ വിറ്റുപോകുന്നത്. ഒരുപിടി കൊന്നയ്ക്ക് 40 രൂപയാണ് പാളയത്തെ വില. കണിവെള്ളരി – 30, കണിച്ചക്ക – 20, മുല്ല – മുളത്തിന് 50, മയിൽപ്പീലി – 20, കൃഷ്ണവിഗ്രഹം– 250 മുതൽ 350 വരെ എന്നിങ്ങനെയാണ് വിപണിവില. ആപ്പിൾ, ഓറഞ്ച്, കൈതച്ചക്ക, മുന്തിരി തുടങ്ങിയ പഴങ്ങളും കണിവയ്ക്കാനായി വാങ്ങിക്കൂട്ടുന്നുണ്ട്. സദ്യവട്ടത്തിനുള്ള സാധനങ്ങൾ തേടിയെത്തുന്നവരും മറ്റുമായി നഗരത്തിലെ മിക്ക കടകളും ചൊവ്വ വൈകിയും ഉണര്‍ന്നിരുന്നു.

അതേസമയം, കണിക്കൊന്നയുടെ ലഭ്യതക്കുറവിനാൽ ഇത്തവണയും പ്ലാസ്റ്റിക് കൊന്നകൾ വിപണിയിലെ താരമാണ്. 30 രൂപയാണ് വില.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home