ഇന്ന് വായനദിനം
അക്ഷരം പൂക്കുന്ന കാട്

വി മുഹമ്മദ്കോയ വി എം കെ ബൊട്ടാണിക്കൽ ഗാർഡനിൽ
നെബിൻ കെ ആസാദ്
Published on Jun 19, 2026, 02:05 AM | 1 min read
കോഴിക്കോട്
കോടപുതച്ച മലനിരകൾക്കുതാഴെ, കൊടുവള്ളിയിലൊരു കാടുണ്ട്. ഋതുഭേദങ്ങളിൽ ഖലീൽ ജിബ്രാന്റെയും കുമാരനാശാന്റെയും മാധവിക്കുട്ടിയുടെയുമെല്ലാം വരികൾ പൂത്തുതളിർക്കുന്ന അക്ഷരക്കാട്. ആ കാടിനെ പരിപാലിക്കുമ്പോൾ ഉദ്യാനപാലകന്റെ സ്വപ്നവല്ലരികളും പൂവണിയുന്നു.
ദേശീയപാതയിൽ പടനിലത്തുനിന്ന് നരിക്കുനി റൂട്ടിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ആരാമ്പ്രം വനശ്രീയിൽ വി മുഹമ്മദ്കോയയുടെ ‘വി എം കെ ബൊട്ടാണിക്കൽ ഗാർഡ’നിലെത്താം. മൂന്നേക്കറിൽ പടർന്നുകിടക്കുന്ന കാടൊരു സാഹിത്യ ഉദ്യാനമാണ്. മാർക്വേസിന്റെയും ബഷീറിന്റെയും വിക്ടർ ഹ്യൂഗോയുടെയുമൊക്കെ ആരാധകനാണ് സ്വർണവ്യാപാരിയായ മുഹമ്മദ്‌കോയ. ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ ‘ആരണ്യക’യും ജീൻ ജിയാനോയുടെ ‘മരങ്ങൾ നട്ട മനുഷ്യ’നുമാണ് കാടൊരുക്കാൻ പ്രേരണയേകിയത്. 1998ലാണ് കുടുംബസ്വത്തായി കിട്ടിയ ഭൂമിയിൽ കാടൊരുക്കിത്തുടങ്ങിയത്. ചെസ്റ്റ്‌നട്ട് മരത്തിന് വെള്ളമൊഴിക്കുമ്പോൾ കോയയുടെ മനസ്സിൽ മാർക്വേസിന്റെ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ തെളിയും. മാങ്കോസ്റ്റീന് വളമേകുമ്പോൾ വിളയുന്നത് ബഷീറിന്റെ ഓർമകൾ. മാതളനാരങ്ങയുടെ അരുണിമയിൽ മാധവിക്കുട്ടിയുടെ_വാക്കുകളെ പുണരാം.
കഥ പറയുന്ന മരങ്ങൾ
കഥകളിലും കവിതകളിലും മിത്തുകളിലും പ്രധാനഘടകമായി നിറഞ്ഞുനിന്നവയാണ് ഉദ്യാനത്തിലെ ആയിരത്തിലധികം മരങ്ങളും ചെടികളും. ‘കരുണ’യിലെ അശോകവും ബൈബിളിലെ ദേവദാരുക്കളും ഇവിടെയുണ്ട്. "മരങ്ങൾ ആകാശത്ത് ഭൂമി എഴുതുന്ന കവിതകളാണ്’ – ജിബ്രാന്റെ ഉദ്ധരണി കാടിന്റെ ആപ്തവാക്യമാണ്. അയ്യപ്പപ്പണിക്കരുടെ "കാടെവിടെ മക്കളേ'യാണ് നമ്മെ സ്വാഗതം ചെയ്യുക. മന്ദാരത്തിന് ചോട്ടിൽ ഖസാക്കിന്റെ ഇതിഹാസം തെളിഞ്ഞുനിൽക്കുന്നു. വിക്ടർ ഹ്യൂഗോ, കുമാരനാശാൻ, മഹാഭാരതം, പഥേർ പാഞ്ചാലി, ഷേക്‌സ്പിയർ, ഷെർലക് ഹോംസ് തുടങ്ങിയ വിവിധ കവാടങ്ങൾ വനത്തിനുള്ളിൽ കാണാം. ഓരോ ചെടിയും മരവും സാഹിത്യവുമായി ബന്ധപ്പെടുന്നതെങ്ങനെയെന്നറിഞ്ഞേ ഇൗ കാടിറങ്ങാനാകൂ. ഓരോന്നും വിശദീകരിക്കാൻ സന്ദർശകരെക്കാത്ത് കോയയുണ്ട്.
കാടറിയുന്ന കഥാകാരൻ
ഒരെഴുത്തുകാരൻ കൂടിയാണ് കോയ. ചെന്നമല്ലീപുരത്തെ പുളിമരങ്ങൾ, ഷാർജയിലെ ദുഃഖപുത്രി (നോവൽ), വാസവദത്ത (ചെറുകഥകൾ), മരുഭൂമിയിലെ കറുത്ത പക്ഷികൾ (നാടകം), ചില്ലുകൊട്ടാരങ്ങൾ (നോവൽ), കർബലയിലെ ദുരന്ത നായകൻ (ചരിത്രനോവൽ) തുടങ്ങിയവ രചനകൾ. കൊച്ചുമക്കളുടെ പേരുകളിലുമുണ്ട് കോയയുടെ അക്ഷരപ്രേമം."പാവങ്ങളി'ലെ കന്യാസ്ത്രീ സിംപ്ലീസിൻ, ഡെസ്ഡിമൺ, ഷെർലക്, ആൻഫ്രാങ്ക്, മൊണാലിസ എന്നിങ്ങനെ കൊച്ചുമക്കളിലേക്കും കോയ അക്ഷരസ്നേഹം പകർന്നുനൽകുന്നു.










0 comments