ചുഴലിക്കാറ്റിൽ കുറ്റ്യാടി മേഖലയിൽ കനത്ത നാശം
കാവിലുംപാറയിൽ 45 വീടുകൾ തകർന്നു

മരം വീണ് തകർന്ന കാവിലുംപാറ പുലക്കുന്നത്ത് ബിജി ഷാജിയുടെ വീട്
കുറ്റ്യാടി ചുഴലിക്കാറ്റിൽ കുറ്റ്യാടി മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ കനത്ത നാശം. നിരവധി വീടുകൾക്കുമേൽ മരങ്ങൾ പൊട്ടി വീഴുകയും ഏക്കർ കണക്കിന് കൃഷി നശിക്കുകയും ചെയ്‌തു. ശനി പുലർച്ചെ രണ്ടോടെ വീശിയടിച്ച കാറ്റിലാണ് മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടത്. നാട്ടുകാരും ദുരന്തനിവാരണ സേനാ പ്രവർത്തകരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാവിലുംപാറ പഞ്ചായത്തിലെ 45 വീടുകൾ മരങ്ങൾ കടപുഴകിവീണ് തകകാവിലുംപാറയിൽ 45 വീടുകൾ തകർന്നുർന്നു. വിവിധ വാർഡുകളിലായി ഏകദേശം 50 കോടിയിലേറെ രൂപയുടെ നാശനഷ്ടം സംഭവിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമ്പുവിനാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. കൂടാതെ ജാതി, കൊക്കോ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയും വ്യാപകമായി നശിച്ചു. 300ൽ അധികം കർഷകരുടെ കൃഷികൾ നശിച്ചു. ജോയി കണ്ണഞ്ചിറ, കുര്യൻ ഇല്ലിക്കൽ, ആന്റണി ഇല്ലിക്കൽ, ബോബി ചെറ്റക്കാരിക്കൽ, ജോഷി പുത്തൻപുരയിൽ എന്നിവരുടെ കൃഷികൾ പൂർണമായും നശിച്ചു. പതിനേഴാം വാർഡ് മാവിലപ്പാടി ബാലകൃഷ്ണൻ, എടത്തുംവേലിക്കകത്ത് ചാത്തു, ആനക്കുളത്തിൽ വസന്ത, മാമ്പിലാട് ദാമോദരൻ, കൊടപ്പാനി ഹമീദ്, പുലക്കുന്നത്ത് ബിജി ഷാജി തുടങ്ങിയവരുടെ വീടുകളും നശിച്ചു. പുതുപ്പറമ്പിൽ ഷാജിയുടെ വീടിന്റെ മേൽക്കൂരയും പാറിപ്പോയി. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, വൈസ് പ്രസിഡന്റ് മണലിൽ രമേശൻ, അംഗങ്ങളായ ബോബി മൂക്കൻ തോട്ടം, ഏലിക്കുട്ടി മുട്ടത്ത് കുന്നേൽ, കൃഷി ഓഫീസർ റിതുന, വില്ലേജ് ഓഫീസർ നിജീഷ് എന്നിവർ ചേർന്ന് സന്ദർശിച്ചു. കാവിലുംപാറയ്ക്ക് പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. മരുതോങ്കര പഞ്ചായത്തിലും കൃഷിനാശവും വീടുകളും തകർന്നു. മാമ്പിലാട് കുളത്തനാല്‍ രവി, പൊയിലുപറമ്പത്ത് ദാമോദരൻ എന്നിവരുടെ വീടിന് മുകളിൽ മരം വീണ് തകർന്നു. പന്നിക്കല്ലിൽ കുന്നിൽ റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവ നശിച്ചു. നാശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. കായക്കൊടി പഞ്ചായത്തിൽ കുറുങ്ങോട്ടു കുന്നുമ്മൽ ജാനുവിന്റെ വീട് മരം കടപുഴകിവീണ് തകർന്നു. ഒന്നാം വാർഡിലെ കരിങ്ങാട്ട് നട അങ്കണവാടിയുടെ മുകളിൽ തെങ്ങ് പൊട്ടിവീണ് ഷീറ്റ് ഉൾപ്പെടെ തകർന്നു. പാലോളി നടെമ്മൽ നാണു, തിടങ്ങഴിയുള്ളതറ മാതു എന്നിവരുടെ വീടിനുമുകളിൽ മരം വീണ് ഓടുകളും ഷീറ്റും പാറിപ്പോയി. വേളം പഞ്ചായത്തിലെ എട്ടാം വാർഡിൽ മാങ്ങോട്ട് പള്ളിക്ക് സമീപത്തെ കോമത്ത് കണ്ടി അമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള 50–ഓളം വാഴകൃഷിയും നശിച്ചു.










0 comments