മണ്ണ് പൊന്നാക്കും ഈ ഫലവൃക്ഷത്തൈകൾ

തിരുവാതിര ഞാറ്റുവേല ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ഗാന്ധിപാര്‍ക്കില്‍ നടത്തുന്ന നടീല്‍വസ്തുക്കളുടെ വിപണന മേളയില്‍ നിന്ന്
കോഴിക്കോട്
മണ്ണിനെ പൊന്നാക്കുന്ന തിരുവാതിര ഞാറ്റുവേലയിൽ തേൻവരിക്കയും മൽഗോവയും റെഡ്‌നെല്ലിയുമെല്ലാം പറമ്പിൽ നട്ടുപിടിപ്പിക്കാം. വൈവിധ്യമാർന്നതും ഗുണനിലവാരമുള്ളതുമായ ഫലവൃക്ഷത്തൈകൾ ഒരുകുടക്കീഴിലെത്തിച്ച് കലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയും ഖാദി ഗ്രാമോദ്യോഗ് എംപോറിയവും. വിദേശിയും സ്വദേശിയുമായി നിരവധി പഴങ്ങളുടെയും തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ്, വാഴ തുടങ്ങിയവയുടെയും തൈകൾ ഗാന്ധിപാർക്കിലെയും മാനാഞ്ചിറ ഖാദി ഗ്രാമോദ്യോഗ് അങ്കണത്തിലെയും വിപണന മേളയിലുണ്ട്.
കുള്ളൻ തെങ്ങുകളും കവുങ്ങുകളും, ഒരുവർഷത്തിനകം കായ്‌ക്കുന്ന കുരുമുളക് തൈകളും കറിവേപ്പുമെല്ലാം വാങ്ങിക്കാം. 30 രൂപ മുതലാണ് വില. കുരുമുളകിൽ കരിമുണ്ട, പന്നിയൂർ കൈരളി, പന്നിയൂർ വംഗനധ, വിജയ്, ബുഷ് പെപ്പർ, കവുങ്ങിൽ ഇന്റർ മംഗള, മൊഹിത് നഗർ, കാസർകോടൻ, മാവിനങ്ങളിൽ കാലാപാടി, അൽഫോൺസ്, നാട്ടുമാവ്, മൂവാണ്ടൻ, കർപ്പൂരം, കിളിച്ചുണ്ടൻ, പ്ലാവിനങ്ങളിൽ വിയറ്റ്നാം ഏർലി, ഡങ്സൂര്യ, ഗംലെസ് എന്നിവയുമുണ്ട്. നെല്ലി ഗ്രാഫ്റ്റ്, ബെർ ആപ്പിൾ, പേരകൾ, അബിക്കസ്, ജബോട്ടിക്ക, റെയിൻഫോറസ്റ്റ് പ്ലം, ഗവർണേഴ്സ് പ്ലം, ഡ്രാഗൺ ഫ്രൂട്ട്, അവക്കാഡോ, മിൽക്ക് ഫ്രൂട്ട്, റൊളിനിയ, മാങ്കോസ്റ്റിൻ, മുസംബി, ഞാവൽ തുടങ്ങിയവയുമുണ്ട്.
ഗാന്ധിപാർക്കിലെ മേള മേയർ ഒ സദാശിവൻ ഉദ്‌ഘാടനംചെയ്‌തു. കലക്ടർ എം എസ് മാധവിക്കുട്ടി അധ്യക്ഷയായി. സഫറി വെള്ളയിൽ, അബ്‌ദുൾ മജീദ്, കെ ബി ജയാനന്ദ്, പി കെ കൃഷ്‌ണനുണ്ണി രാജ എന്നിവർ സംസാരിച്ചു. അഡ്വ. തോമസ് മാത്യു സ്വാഗതവും യു ബി ബ്രിജി നന്ദിയും പറഞ്ഞു.
ഖാദി ഗ്രാമോദ്യോഗിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്‌തു. പരിസ്ഥിതി സംരക്ഷക അവാർഡ് ജേതാവ് പി എം ജീജാബായിനെ ആദരിച്ചു. കെ കെ മുരളീധരൻ, വിനിത സജീവ്, ജേക്കബ് വടക്കഞ്ചേരി, പി കെ ബിദുൻ, പി പി മോഹനൻ എന്നിവർ സംസാരിച്ചു. എം കെ ശ്യാംപ്രസാദ് സ്വാഗതവും ടി ഷൈജു നന്ദിയും പറഞ്ഞു. പ്രദർശനം ജൂലൈ അഞ്ചിന് സമാപിക്കും.









0 comments