ad
Deshabhimani

കഴിഞ്ഞ വർഷത്തേക്കാൾ 3603 വാഹനങ്ങളുടെ വർധന

വൈദ്യുതി വാഹനങ്ങളോട്‌ പ്രിയമേറുന്നു

s

കോഴിക്കോട് കോണ്‍വെന്റ് റോഡിലെ സ്വകാര്യ ഇലക്ട്രിക് വാഹന ചാര്‍‍ജിങ് സ്റ്റേഷനില്‍ നിന്ന്

avatar
നെബിൻ കെ ആസാദ്‌

Published on Jul 24, 2026, 12:46 AM | 1 min read

കോഴിക്കോട്‌

ജില്ലയിൽ ഇ– വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കുത്തനെ കൂടി. രണ്ടരവർഷത്തിനുള്ളിൽ 31,682 വൈദ്യുതി വാഹനങ്ങൾ നിരത്തിലിറങ്ങി. ഇ‍ൗ വർഷം ജനുവരി ഒന്നുമുതൽ ജൂലൈ 21വരെ 9339 ഇ– വാഹനങ്ങൾ രജിസ്‌റ്റർചെയ്‌തു. മുൻവർഷം ഇതേ കാലയളവിൽ 5736 എണ്ണമായിരുന്നു രജിസ്‌റ്റർ ചെയ്തത്‌. 3603 വാഹനങ്ങളുടെ വർധനയുണ്ടായി.

2025ൽ ആകെ 11,263ഉം 2024ൽ 11,080ഉം ഇ– വാഹനങ്ങളാണ്‌ നിരത്തിലിറങ്ങിയത്‌. റീജിയണൽ ട്രാൻസ്‌പോർട്‌ ഓഫീസുകളായ കോഴിക്കോട്‌– 2669ഉം, വടകര– 842ഉം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറങ്ങി. കൊടുവള്ളി–1555, കൊയിലാണ്ടി–706, നന്മണ്ട– 1289, രാമനാട്ടുകര– 1625, പേരാമ്പ്ര–653 എന്നിങ്ങനെയാണ്‌ സബ്‌ ആർടിഒകളിലെ കണക്ക്‌. കൂടുതൽ കോഴിക്കോട്ടും കുറവ്‌ പേരാമ്പ്രയിലുമാണ്‌.

ബാറ്ററി ഓപറേറ്റഡ്‌ വൈദ്യുതി വാഹനങ്ങൾ (ബിഒവി) കുറയുന്നതായും പ്യുവർ ഇവി വാഹനങ്ങൾ കുത്തനെ കൂടുന്നതായും കണക്കുകളിൽ വ്യക്തമാകുന്നു. കോഴിക്കോട്‌ ആർടിഒക്ക്‌ കീഴിൽ 2024ൽ 3063 ബിഒവി രജിസ്‌റ്റർ ചെയ്‌തിരുന്നു. 2025ൽ ഇത്‌ 839ആയും 26ൽ 294ആയും കുറഞ്ഞു. അതേസമയം 2024ൽ 967 പ്യുവർ ഇവി വാഹനങ്ങളുണ്ടായിരുന്നത്‌ 2025ൽ 2652ആയും ഇ‍ൗ വർഷം ജൂലൈയിൽ 2375ആയും വർധിച്ചു. ഇന്ധന വിലവർധനവും എഥനോൾ ചേർത്ത പെട്രോൾ ഇന്ധനക്ഷമത നശിപ്പിക്കുന്നതും പ്രധാന ഇരുചക്ര–കാർ നിർമാണ കമ്പനികളെല്ലാം ഇവി വാഹനങ്ങൾ വിപണിയിലെത്തിക്കുന്നതും വൈദ്യുതി വാഹനങ്ങൾ കൂടാൻ കാരണമായി. വീട്ടിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുള്ളവർക്ക്‌ കൂടുതൽ ഗുണംചെയ്യും.

പോൾ മൗണ്ടഡ് ചാർജിങ് പോയിന്റുകൾ കേടെന്ന്‌ പരാതി

സ്കൂട്ടർ, ഓട്ടോറിക്ഷ എന്നിവ ചാർജ് ചെയ്യാനുള്ള കെഎസ്ഇബി പോൾ മൗണ്ടഡ് ചാർജിങ് പോയിന്റുകൾ പലതും കേടാണെന്ന പരാതിയുണ്ട്‌. 2021ൽ കോഴിക്കോട്ട്‌ തുടങ്ങിയ 10 എണ്ണത്തിലും നടത്തിപ്പുകാരും കെഎസ്ഇബിയുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്ന്‌ ചാർജിങ് നടക്കാത്ത സ്ഥിതിയാണെന്ന്‌ ഉപയോക്താക്കൾ പറഞ്ഞു. നഗരപരിധിയിലെ 25 എണ്ണമടക്കം ജില്ലയിൽ 130 ചാർജിങ് പോയിന്റുകൾ 2022ൽ കെഎസ്ഇബി സ്ഥാപിച്ചിരുന്നു. മഴക്കാലമായതോടെ പലതും കേടായി. കെഎസ്ഇബി നേരിട്ട്‌ നടത്തുന്ന അഞ്ച്‌ ചാർജിങ് സ്റ്റേഷനുകളിൽ കാറും ചാർജുചെയ്യാം. എന്നാൽ, ഇത്തരം പോയിന്റുകളിലും ചാർജിങ്‌ തടസ്സം നേരിടാറുണ്ട്‌– ഉപയോക്താക്കൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home