അധ്യാപകരും രക്ഷിതാക്കളും ആശങ്കയിൽ
ഓണപരീക്ഷക്ക് എന്തെഴുതും


സ്വന്തം ലേഖകൻ
Published on Jul 14, 2026, 01:39 AM | 1 min read
കോഴിക്കോട്
ഓണപരീക്ഷയ്‌ക്ക് ഇനി നാലാഴ്‌ചകൾമാത്രം. ഇതിൽ പ്രവൃത്തിദിനങ്ങളോ മൂന്നാഴ്‌ചയിൽ താഴെയും. കാലാവസ്ഥ പ്രതികൂലമാണെങ്കിൽ അവധിയുടെ കാര്യം പറയാനും വയ്യ. സെൻസസ് കണക്കെടുപ്പ് പൂർത്തീകരിക്കാനുള്ള നെട്ടോട്ടത്തിൽ വിദ്യാലയങ്ങളിൽ പാഠഭാഗങ്ങൾ പൂർത്തീകരിക്കാനാവാതെ വലയുകയാണ് അധ്യാപകർ. പാദവാർഷിക പരീക്ഷയ്‌ക്കുള്ള പാഠഭാഗങ്ങൾ മൂന്നിലൊന്നുപോലും പൂർത്തിയായില്ല. എന്തെഴുതുമെന്നറിയാതെ വിദ്യാർഥികളും എന്തുചെയ്യുമെന്നറിയാതെ രക്ഷിതാക്കളും കുഴയുകയാണ്. പൊതുവിദ്യാലയങ്ങളിലെ മൂന്നിലൊന്ന് അധ്യാപകർക്കും സെൻസസ് ഡ്യൂട്ടി ലഭിച്ചതോടെയാണ് പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ അധ്യാപകർ വലയുന്നത്.
സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലായി ഇരുപതിനായിരത്തോളം അധ്യാപകരാണ് ജില്ലയിലുള്ളത്. ഇതിൽ പന്ത്രണ്ടായിരത്തിലേറെ അധ്യാപകരാണ് സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. ജൂലൈ ഒന്നുമുതൽ 30 വരെയാണ് വീടുകളിൽ കയറിയിറങ്ങി അധ്യാപകർ വിവരങ്ങൾ ശേഖരിക്കേണ്ടത്. ഇത്രയും സമയം സ്‌കൂളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നതാണ് അധ്യാപകരെ കുഴക്കിയത്. മാത്രമല്ല, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്ക് 10 ദിവസം പൂർണമായോ അതല്ലെങ്കിൽ 20 ദിവസം, ദിവസത്തിന്റെ പകുതിയും (ഹാഫ് ഡേ) അവധിയെടുക്കാം. അവധിയെടുത്താൽപോലും കണക്കെടുപ്പ് തീരാത്തതിനാൽ ഇൗ അവധിയെടുക്കാതിരിക്കാനും കഴിയില്ല.
അക്കാദമിക് കലണ്ടർ പ്രകാരം ആഗസ്‌ത് 13നാണ് ഓണപരീക്ഷ. എന്ത് ശ്രമം നടത്തിയാലും പാഠഭാഗങ്ങൾ പകുതിപോലും പൂർത്തീകരിക്കാനാവില്ലെന്നാണ് അധ്യാപകർ പറയുന്നത്. നിലവിലെ വാർഡുകളെ ബ്ലോക്കുകളായി തിരിച്ചാണ് സെൻസസിനായുള്ള വിവരശേഖരണം. ഒരുബ്ലോക്കിൽ 200 കെട്ടിടങ്ങൾ ഉൾപ്പെടും. എന്നാൽ, 600ലേറെ കെട്ടിടങ്ങളുള്ളവരുമുണ്ട്. ഒരു എന്യൂമറേറ്ററിന് ഒരു ബ്ലോക്കിന്റെ ചുമതലയാണെങ്കിലും ഇപ്പോൾ അതിൽ കൂടുതലുണ്ട്. 34 ചോദ്യങ്ങളിലാണ് വ്യക്‌തത തേടേണ്ടത്. പ്രൈമറി സ്‌കൂൾ അധ്യാപകരെയാണ് ഭൂരിഭാഗവും എന്യൂമറേറ്റർമാരായി നിയമിച്ചിരിക്കുന്നത്. അതിനാൽ ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലാണ് വലിയ പ്രതിസന്ധി. ജില്ലയിലാണെങ്കിൽ 61 പ്രൈമറി സ്‌കൂളുകളിൽ പ്രധാനാധ്യാപകരില്ല.
ചില സ്‌കൂളുകളിൽ പകുതിയിലേറെയും മറ്റിടങ്ങളിൽ അതിലേറെയും അധ്യാപകരാണ് സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. സെൻസസിനായി പോകുന്ന അധ്യാപകർക്ക് പകരം, ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യമുയർന്നെങ്കിലും അതുണ്ടായില്ല.











0 comments