ad
Deshabhimani

അഭിമാനമാണ്‌ സ്മാർട്ടാണ്‌ കുറ്റ്യാടി

a

അധ്യാപകർ ശാസ്‌ത്രവണ്ടിയുടെ പണിപ്പുരയിൽ

avatar
വി രഗീഷ്

Published on Mar 30, 2026, 12:18 AM | 1 min read

കുറ്റ്യാടി

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം രാജ്യത്തിന് തന്നെ അഭിമാനമാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തായി മാറുകയാണ് മണ്ഡലത്തിൽ രൂപീകരിച്ച ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ ‘സ്മാർട്ട് കുറ്റ്യാടി'. സോഷ്യൽ വിഷൻ ഫോർ അക്കാദമിക്ക് റിജുവിനേഷൻ ആൻഡ് ട്രാൻസ്ഫോർമേഷൻ ‘സ്മാർട്ട് പദ്ധതി' അക്കാദമിക സമൂഹത്തിന്റെ പിന്തുണയും ബഹുജന പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് മുന്നോട്ടുപോകുന്നത്‌.

അഞ്ചുവർഷത്തിനിടെ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള വിദ്യാഭ്യാസ മേഖലയിൽ സ്മാർട്ടിലൂടെ കുറ്റ്യാടി നേടിയത് അസൂയാവഹമായ മാറ്റങ്ങളാണ്. വിവിധ തലങ്ങളിലായി 40 പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കിയത്. സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന അക്കാദമിക, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പലവട്ടം ഒത്തുചേർന്നാണ് പദ്ധതികൾ ആസൂത്രണം ചെയ്തത്. ലളിതമായ പദ്ധതികളിലൂടെ -2 മുതൽ പ്ലസ്‌ടു വരെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തൽ, പുതിയകാലത്തെ വിദ്യാഭ്യാസ രീതിക്കുതകും വിധം രക്ഷിതാക്കളെ പ്രാപ്തരാക്കാൻ ‘പാരന്റിങ്’, പ്രാദേശിക പിന്തുണയോടെ ഭിന്നശേഷി വിദ്യാർഥികളെ ചേർത്തുപിടിക്കാൻ ‘ഒപ്പം', ജനകീയ ഇടപെടലുകളിലൂടെ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കാനും പാശ്ചാത്തല സൗകര്യം ഒരുക്കാനും ‘സ്പർശം’, പത്താം തരം വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ‘എളുപ്പമാണ് എസ്എസ്എൽസി'യിലൂടെ കൗൺസലിങ്, യുപി വിദ്യാർഥികളുടെ ശാസ്ത്ര പരീക്ഷണങ്ങൾക്കായി ‘ശാസ്ത്രവണ്ടി' പര്യടനം, സ്കൂൾ ലൈബ്രറി എംഎൽഎ ഫണ്ടിലൂടെ ശാക്തീകരിക്കൽ, പ്ലസ്ടുവിന്‌ ശേഷം തുടർപഠനം നടത്താനാവാതെ വിവാഹിതരായി മണ്ഡലത്തിലെത്തിയ യുവതികളെ ബിരുദധാരികളാക്കാൻ ‘സമ്പൂർണ ഡിഗ്രി' പദ്ധതി, വിരമിക്കുന്ന അധ്യാപകരെ സാമൂഹ്യരംഗത്ത് സജീവമാക്കൽ, ബഹിരാകാശ പഠനത്തിന് ‘ഇൻഡ്രോ ടു ആസ്ട്രോ' തുടങ്ങിയ പദ്ധതികളാണ് സ്മാർട്ട് കുറ്റ്യാടിയിലൂടെ നടപ്പാക്കിയത്.

പാചക തൊഴിലാളി മേഖലയിലും സ്മാർട്ടിന്റെ ഇടപെടലുണ്ടായി. നവകേരളം കെട്ടിപ്പടുക്കുന്ന വൈജ്ഞാനിക സമ്പദ്‌ വ്യവസ്ഥയെ ഉപയോഗിക്കുന്നതിന് സഹായകരമായ സംരംഭകത്വ പരിശീലനം, കരിയർ ഗൈഡൻസ് കോഴ്സുകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. തെരഞ്ഞെടുത്ത 250 പേരടങ്ങുന ടാസ്ക് ഫോഴ്സാണ് പദ്ധതി നടപ്പാക്കുന്നത്. 2023 ജൂലൈ 23ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്ത പദ്ധതിക്ക് റിട്ട. ഡിഇഒ ടി അജിത്കുമാർ ചെയർമാനും പി കെ അശോകൻ കൺവീനറുമായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home