ad
Deshabhimani

കരുതൽ തുടരാൻ ജനപ്രിയൻ

a
avatar
എ സജീവ്‌കുമാർ

Published on Mar 27, 2026, 01:05 AM | 1 min read

കൊയിലാണ്ടി

ഒരു കാലത്ത് കോൺഗ്രസിന്റെ കുത്തക മണ്ഡലങ്ങളിലൊന്നായിരുന്ന കൊയിലാണ്ടിയുടെ സിരകളിൽ ഇപ്പോൾ ഒഴുകുന്നത്‌ ഇടതുപക്ഷത്തിന്റെ ഹൃദയരക്തമാണ്. പി വിശ്വനുശേഷം കെ ദാസൻ രണ്ടുതവണയും കഴിഞ്ഞ തവണ കാനത്തിൽ ജമീലയും നേടിയ വിജയം കൊയിലാണ്ടിയെ വികസന രംഗത്ത് വലിയ മാറ്റങ്ങൾക്ക്‌ വേദിയാക്കി. രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ ദാസനാണ്‌ ഇക്കുറിയും മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി ജനവിധി തേടുന്നത്‌. അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ വലിയ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. 2016ൽ കെ ദാസൻ 13,369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ദാസേട്ടനെന്ന്‌ ആളുകൾ സ്‌നേഹപൂർവം വിളിക്കുന്ന കെ ദാസനെ മണ്ഡലത്തിലൊരാൾക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ല.

കൂടുതൽ കടലോരമുള്ള മണ്ഡലത്തിൽ ഹാർബർ ആരംഭിച്ചത്‌ ദാസൻ എംഎൽഎയായപ്പോഴാണ്‌. ഉള്ളൂർ കടവ്, തോരായിക്കടവ്, നടേരിക്കടവ്, അകലാപ്പുഴ പാലങ്ങളുടെ പ്രവൃത്തി ആരംഭിച്ചതും ദാസന്റെ കാലത്താണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച്‌ നിരവധി റോഡുകൾ നിർമിക്കുകയും നവീകരിക്കുകയും ചെയ്തു. നിരവധി സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ, താലൂക്കാശുപത്രിക്ക് കെട്ടിടം, കേളപ്പജിക്ക് സ്മാരകം, മുചുകുന്ന് ഗവ. കോളേജിൽ 68 കോടി രൂപയുടെ വികസനങ്ങൾ തുടങ്ങിയവയ്‌ക്ക്‌ നേതൃത്വം നൽകിയതും ദാസനായിരുന്നു.

2000 മുതൽ 2010 വരെ കൊയിലാണ്ടി നഗരസഭാ ചെയർമാനായിരുന്നു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായിരുന്ന ദാസൻ നിലവിൽ കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗമാണ്‌. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റും ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും മുനിസിപ്പൽ, കോർപറേഷൻ കണ്ടിജൻസി യൂണിയൻ ജില്ലാ പ്രസിഡന്റുമാണ്‌.

ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാറാണ് യുഡിഎഫ് സ്ഥാനാർഥി. സ്ഥാനാർഥിയെ തീരുമാനിച്ചത്‌ മുതൽ തന്നെ ഇദ്ദേഹത്തിനെതിരെ അഴിമതി ആരോപണവുമായി സേവ് കോൺഗ്രസിന്റെ പോസ്റ്റർ നിറഞ്ഞതാണ്. ബിജെപിയുടെ നോർത്ത് ജില്ലാ പ്രസിഡന്റ്‌ പ്രഫുൽ കൃഷ്ണയാണ് എൻഡിഎ സ്ഥാനാർഥി. മണ്ഡലത്തിൽ ഇക്കുറി 2,12,511 വോട്ടർമാരാണ്‌ വിധിയെഴുതാനുള്ളത്‌.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home