സോക്കർ സ്‌റ്റോറികളറിയാം... ഇവിടെ വരൂ...

സംസ്ഥാന പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന് ഒരുക്കിയ ഫുട്‍ബോൾ ഗ്രന്ഥങ്ങളുടെ പ്രദർശനത്തിൽ നിന്ന്

സ്വന്തം ലേഖകൻ
Published on Jun 09, 2026, 01:06 AM | 1 min read
കോഴിക്കോട്
ക്രിസ്‌തുവിനും 2500 വർഷംമുമ്പ് ചൈനയിൽ കളിച്ചിരുന്ന "സുചു' എന്ന കാൽപ്പന്തുകളിയെക്കുറിച്ചും ജപ്പാനീസ് ദേശീയ വസ്‌ത്രമായ കിമോണ ധരിച്ച് കളിച്ചിരുന്ന "കെനാറി'യെക്കുറിച്ചും ഗ്രീസിലെ "എപിക്‌സിറോസി'നെക്കുറിച്ചും ഇവയിൽനിന്നൊക്കെ ഇന്ന് നാം ആസ്വദിക്കുന്ന കാൽപ്പന്തുകളി എങ്ങനെ വന്നുവെന്നതിനെക്കുറിച്ചുമൊക്കെ എത്ര പേർക്കറിയാം? ഇൗ ചരിത്രങ്ങളെല്ലാം ജില്ലാ ലൈബ്രറി കൗൺസിലും സ്‌റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററും എം സി വസിഷ്‌ഠും ചേർന്ന് മാനാഞ്ചിറ ലൈബ്രറി ഹാളിലാരംഭിച്ച പ്രദർശനത്തിലുണ്ട്.
യൂറോപ്പിൽ പന്തുകളി യുദ്ധഭൂമിക്ക് സമാനമായിരുന്നു. ഇംഗ്ലണ്ടിൽ ആധുനിക സോക്കറിന് കേളികൊട്ട് മുഴങ്ങിയപ്പോൾ ആദ്യമായി പന്തുരുണ്ട ഏഷ്യൻ രാജ്യമാണ് ഇന്ത്യ. പട്ടാളക്കാരും ഇൗസ്‌റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥരും വിനോദത്തിനും കായികക്ഷമതക്കുമായി പന്ത് തട്ടിയിരുന്നു. 19–ാം നൂറ്റാണ്ടിലാണ് വെള്ളക്കാർ പന്തുമായി കൊൽക്കത്തയിലെത്തിയത്. ഇന്ത്യയിൽ ബംഗാളിലായിരുന്നു തുടക്കം. 1870നുശേഷം കൽക്കത്ത ഫുട്ബോൾ ക്ലബ്ബും ഡെൽഹൗസി അത്‌ലറ്റിക് ക്ലബ്ബുമുണ്ടായി. റോയൽ ഐറിഷ് റൈഫിൾസ്, ലോയൽ റെജിമെന്റ്, ഗോർഡൻ ഹെലാൻഡേഴ്സ് തുടങ്ങിയ പട്ടാള ടീമുകളും തമ്മിൽ നിരന്തര മത്സരങ്ങളുണ്ടായിരുന്നു. 1893ൽ ബ്രിട്ടീഷ് ക്ലബ്ബുകൾ അസോസിയേഷൻ രൂപീകരിച്ച് ചലഞ്ച് ഷീൽഡ് മത്സരങ്ങൾ ആരംഭിച്ചു. ഡ്യൂറൻ കപ്പ് ഫുട്ബോളിന് തിരശ്ശീല ഉയർന്നു. ഇന്ത്യൻ ക്ലബ്ബുകൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. ബോംബെ, ബംഗളൂരു, സിംല, ഹൈദരാബാദ്, മദിരാശി തുടങ്ങിയ നഗരങ്ങളിൽ കുട്ടികളുടെ ആരവങ്ങൾ ഉയർന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇന്ത്യൻ ടീമുകളുടെ നിരോധത്തിൽ അയവുവരുത്താൻ തുടങ്ങി. തുടർന്ന് കേരളത്തിലും കാൽപ്പന്തുകളിയെത്തി. ആഗോള ഫുട്‌ബോളിന്റെയും അത് ഇന്ത്യയിലും കേരളത്തിലുമെത്തിയതിന്റെയും ചരിത്രം വ്യക്‌തമാക്കുന്ന പുസ്‌തകങ്ങളുടെ പ്രദർശനമാണ് നടക്കുന്നത്.
പെലെ, മറഡോണ, മെസ്സി തുടങ്ങിയ വിവിധ താരങ്ങളുടെ ജീവിതവും ക്ലബ് ഫുട്‌ബോളിന്റെയും ക്ലബ്ബുകളുടെയും ഫിഫയുടെയുമെല്ലാം ചരിത്രവുമുൾപ്പെടുന്ന 71 പുസ്‌തകങ്ങളും പ്രദർശനത്തിലുണ്ട്. മുൻ ഇന്ത്യൻ താരം ഹാരിസ് റഹ്‌മാൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ എം രാധാകൃഷ്‌ണൻ അധ്യക്ഷനായി. എക്സിക്യൂട്ടീവംഗം കെ ചന്ദ്രൻ, ജില്ലാ സെക്രട്ടറി എൻ ഉദയൻ, എക്സിക്യൂട്ടീവംഗം ഉദയഭാനു എന്നിവർ സംസാരിച്ചു. ചൊവ്വവരെ നടക്കുന്ന പ്രദർശനം നീട്ടിയേക്കും.









0 comments