നിപാ പ്രതിരോധം
ചീഫ് വെറ്ററിനറി ഓഫീസറില്ല

കോഴിക്കോട്
ജില്ലയിൽ നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ചീഫ് വെറ്ററിനറി ഓഫീസറുടെയും മൃഗരോഗനിയന്ത്രണത്തിനായുള്ള അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് ഓഫീസിന്റെ ചുമതലയുള്ള ജില്ലാ കോ ഓർഡിനേറ്ററുടെയും തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ടിന്റെയും ചുമതല വഹിച്ചിരുന്ന ഡോ. സിബി കെ ചാക്കോ വിരമിച്ച ശേഷം മറ്റൊരാൾക്ക് അധിക ചുമതല നൽകിയാണ് പ്രവർത്തനം. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ തസ്‌തികയിലും ആളില്ല. ജില്ലാ മൃഗസംരക്ഷണ ഓഫീസറായ ഡോക്ടർ രമാദേവി മെയ് 31ന് വിരമിച്ച ശേഷം ഡോ. ഷറഫുദ്ദീനാണ് ചുമതല.
നിപാ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം മനുഷ്യരിലേക്കെത്താൻ ഏറ്റവും സാധ്യതയുള്ള വവ്വാലുകളുടെയും പന്നികളുടെയും സാംപിളുകൾ ശേഖരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ മൃഗരോഗനിയന്ത്രണ ഓഫീസിന്റെ ചുമതലയാണ്. വകുപ്പിന് കീഴിൽ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. ഒരു ടീമിനെ രൂപീകരിച്ച് നിപാ സ്ഥിരീകരിച്ചയിടത്ത് നിരീക്ഷണം നടത്തുന്നുണ്ട്. തിങ്കളാഴ്‌ച വളർത്തുമൃഗങ്ങളിൽനിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധിക്കാനയക്കും. തുടർച്ചയായി നടക്കേണ്ട ഇൗ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ഉദ്യോഗസ്ഥരുടെ അഭാവം വകുപ്പിനെ ബാധിക്കുന്നുണ്ട്. മുമ്പ് കോഴിക്കോട്ട് നിപാ സ്ഥിരീകരിച്ച സമയത്ത് വനം വകുപ്പിന്റെ സഹകരണത്തോടെ വവ്വാലുകളെ പിടിക്കുകയും പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തവണ മൃഗരോഗനിയന്ത്രണ ഓഫീസ്, വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സഹായം തേടിയപ്പോൾ വിദഗ്‌ധരായ സംഘം ഇല്ലെന്നായിരുന്നു മറുപടി. ഇൗ പ്രവർത്തനങ്ങൾകൂടി വെറ്ററിനറി വിഭാഗം ഏറ്റെടുക്കേണ്ട സ്ഥിതിയാണ് നിലവിൽ.










0 comments