ad
Deshabhimani

ഫലം കണ്ടത്‌ കോർപറേഷൻ ഇടപെടൽ

ബീച്ച്‌ ഫയർ സ്റ്റേഷൻ നഗരത്തിലേക്ക്‌ മടങ്ങും

a

ബീച്ച് ഫയർ സ്റ്റേഷനുവേണ്ടി താൽക്കാലികമായി കണ്ടെത്തിയ കെട്ടിടം മേയർ ഒ സദാശിവൻ, ഡെപ്യൂട്ടി മേയർ എസ് ജയശ്രീ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ രാജീവ് എന്നിവർ സന്ദർശിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Aug 01, 2026, 01:29 AM | 1 min read

കോഴിക്കോട്‌

നിൽക്കാനിടം കിട്ടാതെ മീഞ്ചന്തയിലേക്ക്‌ പോകേണ്ടിവന്ന ബീച്ച്‌ ഫയർ സ്റ്റേഷൻ നഗരത്തിലേക്ക്‌ മടങ്ങിവരും. നിലയത്തിന്‌ കെട്ടിടം അനുവദിക്കാൻ കോർപറേഷൻ തീരുമാനിച്ചതോടെയാണ്‌ തിരിച്ചുവരവ്‌. പഴയ കോർപറേഷൻ ഓഫീസിനോട്‌ ചേർന്ന്‌ നിർമിച്ച കെട്ടിടത്തിലേക്കാണ്‌ അഗ്‌നിരക്ഷാനിലയം മാറ്റുന്നതെന്ന്‌ മേയർ ഒ സദാശിവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോർപറേഷൻ നടത്തിയ പരിശ്രമത്തിലാണ്‌ ഫലം കണ്ടതെന്നും ഇരുപതിനകം മാറ്റി സ്ഥാപിക്കാൻ സാധിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നഗരവാസികളുടെ ആശ്രയമായിരുന്ന ബീച്ച്‌ ഫയർ സ്റ്റേഷന്‌ സ്വന്തമായി ഉണ്ടായിരുന്ന കെട്ടിടത്തിന്‌ കാലപ്പഴക്കം ബാധിച്ചതോടെയാണ്‌ മാറ്റാൻ തീരുമാനിച്ചത്‌. സ്റ്റേഡിയത്തിൽ ഒരു ഭാഗം ഫയർ സ്റ്റേഷനായി ഉപയോഗിക്കാമെന്നായിരുന്നു ധാരണ. സംസ്ഥാന സർക്കാരും ഇതിന്‌ അനുമതി നൽകി. ഇതുമായി കോർപറേഷൻ മുന്നോട്ടുപോയെങ്കിലും ഫുട്‌ബോൾ അസോസിയേഷൻ എതിർപ്പുന്നയിച്ചതോടെ പ്രതിസന്ധിയായി. ഇതോടെ ജൂലൈ 13ന്‌ സ്റ്റേഷൻ മീഞ്ചന്തയിലേക്ക്‌ മാറ്റുകയായിരുന്നു. നഗരത്തിനകത്ത്‌ തന്നെ ഫയർ സ്റ്റേഷൻ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ പുതിയ സ്ഥലം കണ്ടെത്താനുള്ള ശ്രമം കോർപറേഷൻ തുടങ്ങിയത്‌.

പഴയ കോർപറേഷൻ ഓഫീസിനോട്‌ ചേർന്ന്‌ പുതുതായി നിർമിച്ച കെട്ടിടം ഫയർ സ്റ്റേഷൻ ആരംഭിക്കാൻ അനുയോജ്യമാണെന്ന്‌ കണ്ടെത്തി. ഇവിടെ പ്രവർത്തിച്ചിരുന്ന ആരോഗ്യ വിഭാഗത്തിന്‌ കീഴിലുള്ള അഴക്‌ പദ്ധതിയുടെയും ഗതാഗത വിഭാഗത്തിന്റെയും ഓഫീസ്‌ കോർപറേഷന്റെ പഴയ കെട്ടിടത്തിലേക്ക്‌ മാറ്റും. പഴയ ഫയർ സ്റ്റേഷന് സമീപമായതിനാൽ പാർക്കിങ്‌ നേരത്തെ ഉണ്ടായിരുന്നിടത്ത്‌ നടക്കും. ഇതിനായി കോർപറേഷൻ ഉടമസ്ഥതയിലുള്ള മതിലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റും. സേനാംഗങ്ങൾക്കുള്ള താമസസ‍ൗകര്യം, ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള സ‍ൗകര്യം എന്നിവയും ഒരുക്കും.

നഗരത്തിലെ പല ഭാഗങ്ങളിലും തീപിടിത്തമുണ്ടാകുമ്പോൾ ബീച്ച്‌ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘമെത്തിയാണ്‌ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്‌. മീഞ്ചന്തയിലേക്ക്‌ പോയത്‌ ആശങ്കകൾക്ക്‌ വഴിയൊരുക്കിയിരുന്നു. ഗതാഗതക്കുരുക്കില്ലാതെ നഗരത്തിലേക്ക്‌ എത്താനാകുമെന്നത്‌ ആശ്വാസമാകുമെന്നും മേയർ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ ഡോ. എസ്‌ ജയശ്രീ, സ്ഥിരം സമിതി അധ്യക്ഷരായ കെ രാജീവ്‌, വി പി മനോജ്‌, വിനീത സജീവ്‌ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home