ഓൾ ഇന്ത്യ ടൂർണമെന്റ് ഇന്ന് സമാപിക്കും
കായികലോകത്തിന് പുതുമയായി പിക്കിൾ ബോൾ

കോഴിക്കോട്
എത്രവേഗത്തിലാണ് മുതിർന്നവർപോലും ഇൗ കൊച്ചുമിടുക്കർക്ക് മുന്നിൽ അടിയറവുപറയുന്നത്. കളിക്കളത്തിൽ മുന്നിൽവരുന്ന കൊച്ചുബോൾ നിഷ്‌പ്രയാസം അടിച്ചുനീക്കുന്പോൾ അതെടുക്കാനാവാതെ മുതിർന്ന താരങ്ങൾ കൊച്ചുതാരങ്ങൾക്കുമുന്നിൽ വിയർക്കുകയാണ്. കായികപ്രേമികൾക്ക് നവ്യാനുഭവം പകർന്ന് വി ഗാർഡ് മലബാർ ഓപ്പൺ 2026 ഓൾ ഇന്ത്യ പിക്കിൾ ബോൾ ടൂർണമെന്റിന് ഗോവിന്ദപുരം ഡ്യൂസ് പിക്കിൾ ബോൾ ക്ലബ്ബിൽ തുടക്കം. ഇന്ത്യൻ പിക്കിൾ ബോൾ അസോസിയേഷനും പിക്കിൾ ബോൾ അസോസിയേഷൻ ഓഫ് കേരളയും ചേർന്ന് സംഘടിപ്പിച്ച ടൂർണമെന്റ് ഞായറാഴ്‌ച സമാപിക്കും.
ടൂർണമെന്റിൽ സംസ്ഥാനത്തെ വിവിധഭാഗങ്ങളിൽ നിന്നുള്ള ദേശീയ–സംസ്ഥാന തലത്തിലുമുള്ള നൂറിലേറെ താരങ്ങൾ പങ്കെടുക്കുന്നു. ബിഗിനർ, ഇന്റർമീഡിയറ്റ്, ഓപ്പൺ, വനിതകൾ, 35 പ്ലസ്, 45 പ്ലസ്, 55 പ്ലസ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.
പുരുഷവിഭാഗം ഇന്റർമീഡിയറ്റ് സിംഗിൾസിൽ മുഹമ്മദ് ഇഷാൻ സ്വർണമെഡലും പി പി സൂര്യദാസ് വെള്ളിയും നേടി. പുരുഷ ഇന്റർമീഡിയറ്റ് ഡബിൾസിൽ മഹിർ മുസ്‌തഫ, പി പി സൗര്യദാസും സ്വർണമെഡൽ കരസ്ഥമാക്കി. വനിതാ സിംഗിൾസിൽ എ സി കൃഷ്‌ണയും ഡബിൾസിൽ അനു ചെറിയാൻ, ശ്രീജ ശ്രീകുമാർപിള്ളയും സ്വർണം നേടി.
അമേരിക്കയിൽ ജന്മംകൊണ്ട പിക്കിൾ ബോൾ, ടെന്നീസ്, ടേബിൾ ടെന്നീസ് എന്നിവയോട് സാദൃശ്യമുള്ള കളിയാണ്. ബാഡ്മിന്റൺ കോർട്ടുമായി സാമ്യമുള്ള കളത്തിലാണ് മത്സരം. ടെന്നീസ് കോർട്ടിന്റെ അത്രയും ഉയരം മാത്രമുള്ള നെറ്റ്, ടേബിൾ ടെന്നീസിന് ഉപയോഗിക്കുന്ന പോലെയുള്ള പാഡിൽ, അകം പൊള്ളയായ പ്ലാസ്റ്റിക് ബോളാണ് പിക്കിൾ ബോളിന് ഉപയോഗിക്കുന്നത്.









0 comments