ദേശീയപാത നിർമാണം: കെടി ബസാറിൽ രൂക്ഷമായ വെള്ളക്കെട്ട്

വീടുകളിൽ വെള്ളംകയറിയതിനെ തുടർന്ന് കെടി ബസാറിൽ ജെസിബി ഉപയോഗിച്ച് താൽക്കാലിക ചാലുകൾ നിർമിക്കുന്നു
ഒഞ്ചിയം കനത്തമഴയിൽ കെ ടി ബസാറിലെ നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. അശാസ്ത്രീയമായി നിർമിച്ച ദേശീയപാതാ സർവീസ് റോഡുകളും ഓവുചാലുകളുമാണ് വെള്ളക്കെട്ടിനിടയാക്കിയത്. ചിലയിടങ്ങളിൽ സർവീസ് റോഡുകൾ അശാസ്ത്രീയമായി ഉയർത്തിയും ചിലയിടങ്ങളിൽ താഴ്ത്തിയുമാണ് നിർമിച്ചത്. വെള്ളം ഒഴുകിപ്പോകാൻ നിർമിച്ച കോൺക്രീറ്റ് ഓവുകളിലേക്ക് വെള്ളം ഇറങ്ങാനുള്ള വഴികളില്ലാത്തതിനാലാണ് വെള്ളം റോഡിലൂടെ പറന്പുകളിലേക്കും വീടുകളിലേക്കുമെത്തുന്നത്. കെ ടി ബസാറിലെ വലിയ പറമ്പത്ത് സുരേഷ്, അക്ഷയ് മോഹന്‍, പറമ്പത്ത് രാധ, അൻവർ മൻസിൽ ഹംസ, ചെമ്പുത വയലിൽ സുരേന്ദ്രൻ, പറമ്പത്ത് ഉഷ തുടങ്ങി 12 പേരുടെ വീടുകൾ വെള്ളക്കെട്ടിലാണ്. വാർഡ് മെമ്പർ ഹരിദാസന്റെ നേതൃത്വത്തിൽ നാട്ടുകാർ ജെസിബി എത്തിച്ച് ചാലുകീറി വെള്ളം തടയുകയായിരുന്നു. ചോറോട് പഞ്ചായത്ത് സ്റ്റേഡിയം ഭാഗം, മുട്ടുങ്ങൽ വി ഡി എൽപി സ്കൂൾ പരിസരം, എംഎസ് യുപി സ്കൂൾ പരിസരം, ഓലക്കണ്ടി ഭാഗം എന്നിവിടങ്ങളിലെ മുപ്പതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ചോറോട് റഹീന മൻസിൽ റംല, ചിസ്നി മൻസിൽ ഉസ്മാൻ, ആവണി പവിത്രൻ, ഈണം ബാബു, ഡോ. ചന്ദ്രശേഖര വാരിയർ തുടങ്ങിയവരുടെ വീടുകളിൽ വെള്ളം കയറി. പതിവായി കിഴക്കുഭാഗത്തേക്ക് ഒഴുകിപ്പോകുന്ന വെള്ളം, ദേശീയപാത നിർമാണ ഭാഗമായി നിർമിച്ച ഓവുകളിൽ എത്താതെ പടിഞ്ഞാറ് ഭാഗത്ത് കെട്ടിക്കിടക്കുന്നതാണ് പ്രശ്നം. വെള്ളം ഒഴുകിപ്പോകേണ്ട ഭാഗങ്ങളിൽ മണ്ണ് അടിഞ്ഞുകിടക്കുകയാണ്. മഴയ്ക്കുമുമ്പേ ഓവുകൾ സജ്ജമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. ഇക്കാര്യത്തിൽ വഗാഡ് നിർമാണ കമ്പനി തികഞ്ഞ അനാസ്ഥയാണ് കാണിച്ചത്. കഴിഞ്ഞവർഷവും സമാനമായ അനുഭവം ഉണ്ടായിരുന്നു. വടകര എംപിയും എംഎൽഎയും അന്ന് സ്ഥലത്തെത്തി പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വതപരിഹാരം കാണുമെന്ന് ഉറപ്പുനൽകിയിരുന്നു.










0 comments