ആർടിഒ തസ്തികകളിൽ ആളില്ല; ഓഫീസുകൾ അനാഥം

സ്വന്തംലേഖകൻ
Published on Jul 18, 2026, 12:00 AM | 2 min read
കോഴിക്കോട്
വാഹന രജിസ്‌ട്രേഷനും നിരത്തിലെ നിയമലംഘനങ്ങളും വർധിക്കുമ്പോഴും ജില്ലയിൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ (ആർടിഒ), ജോയിന്റ് ആർടിഒ തസ്തികകളിൽ ആളില്ല. വയനാട്, കാസർകോട്, കണ്ണൂർ ജില്ലകളിലായി മലബാറിൽ അഞ്ച് ആർടിഒ തസ്‌തികൾ ഒഴിഞ്ഞുകിടക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ആർടിഒയ്ക്ക് അധിക ചുമതല നൽകിയാണ് പലയിടത്തും പ്രവർത്തനം. സ്ഥാനക്കയറ്റം സംബന്ധിച്ച തർക്കങ്ങളും മാറ്റങ്ങളും സർക്കാരിന് പരിഹരിക്കാനാകാത്തതാണ് നിയമനം വൈകാൻ കാരണം. ജില്ലയിൽ കോഴിക്കോട്, വടകര ആർടിഒ തസ്‌തികകളിലാണ് ആളില്ലാത്തത്. ആർടിഒ, സബ് ആർടിഒ ഓഫീസുകളിലും ജീവനക്കാരില്ല. സംസ്ഥാനത്ത് 10 ആർടിഒ തസ്‌തികയിൽ നിയമനം നടന്നിട്ടില്ല.
ഡ്രൈവിങ് ലൈസൻസ് അനുവദിക്കൽ, വാഹന രജിസ്ട്രേഷൻ, പെർമിറ്റുകൾ നൽകൽ, റോഡ് നികുതി പിരിക്കൽ, വിവിധ അപേക്ഷകളിൽ തീരുമാനമെടുക്കൽ തുടങ്ങി പൊതുജനങ്ങൾ നേരിട്ട് ആശ്രയിക്കുന്ന സേവനങ്ങളും ഭരണപരമായ പ്രവർത്തനങ്ങളുടെ ചുമതലകളും റഗുലർ ആർടിഒയ്ക്കാണ്. നിരത്തിൽ പരിശോധനകൾ ശക്തമാക്കൽ, എഐ ക്യാമറകളുടെ പ്രവർത്തന മേൽനോട്ടം, ഇ-–ചലാൻ വഴി പിഴ ചുമത്തൽ, നിയമവിരുദ്ധ വാഹനമാറ്റങ്ങൾ കണ്ടെത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് എൻഫോഴ്‌സ്‌മെന്റ് ആർടിഒയാണ്. എൻഫോഴ്‌സ്‌മെന്റ് ആർടിഒ അഞ്ച് മാസമായി റഗുലർ ആർടിഒയുടെ ചുമതലകൂടി വഹിക്കുന്നതിനാൽ പ്രവർത്തനങ്ങൾ താളം തെറ്റുകയാണ്. നിയമനം വൈകുന്നതിനാൽ ആയിരക്കണക്കിന് ആർസി ബുക്കുകളും ഡ്രൈവിങ് ലൈസൻസുകളും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നതായി പരാതിയുണ്ട്.
വാഹന രജിസ്ട്രേഷൻ കൂടി
ജില്ലയിൽ വാഹന രജിസ്‌ട്രേഷനിൽ മുൻവർഷത്തേക്കാൾ വർധന. ജനുവരി ഒന്ന് മുതൽ ജൂലൈ 16 വരെ_ജില്ലയിൽ 58,538 വാഹനങ്ങളാണ് രജിസ്‌റ്റർ ചെയ്തത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 46,078 വാഹനങ്ങളായിരുന്നു രജിസ്‌റ്റർ ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിലുണ്ടായ അടിസ്ഥാന സൗകര്യത്തിലെ വളർച്ച, ജീവിത ഗുണനിലവാരം മെച്ചപ്പെടൽ തുടങ്ങി വിവിധ മേഖലയിലുണ്ടായ വികസനം, അനുകൂലമായ മാറ്റങ്ങൾ എന്നി-വയുടെ ഫലമാണ് വാഹന രജിസ്ട്രേഷൻ വർധിക്കാനുള്ള കാരണമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
കോഴിക്കോട് ആർടിഒ പരിധിയിലാണ് കൂടുതൽ രജിസ്‌ട്രേഷൻ (12,910). കഴിഞ്ഞ വർഷം 9942 വാഹനങ്ങളാണുണ്ടായിരുന്നത്. കൊടുവള്ളി സബ് ആർടിഒയും (10,383) വടകര ആർടിഒയും (9734) ആണ് തൊട്ടുപിന്നിൽ. കഴിഞ്ഞ വർഷം ഇതേസയം കൊടുവള്ളിയിൽ 7916ഉം വടകരയിൽ 8355ഉം ആയിരുന്നു. കൊയിലാണ്ടി– 5969, നന്മണ്ട– 7249, പേരാമ്പ്ര– 5398, രാമനാട്ടുകര–7615 എന്നിങ്ങനെയാണ് മറ്റ് സബ് ആർടിഒകളിൽ ഇൗ വർഷം രജിസ്റ്റർ ചെയ്ത വാഹനങ്ങൾ.
ജില്ലയിൽ 42,206 ഇരുചക്ര വാഹനങ്ങൾ രജിസ്‌റ്റർ ചെയ്തിട്ടുണ്ട്. കാർ, ജീപ്പ് ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ– 11,672, ചെറിയ ചരക്കുവാഹനങ്ങൾ– 1405, മുച്ചക്ര വാഹനങ്ങൾ– 1919 എന്നിങ്ങനെയാണ് ഇൗ വർഷം രജിസ്‌റ്റർ ചെയ്തിട്ടുള്ളത്.










0 comments