ബേക്കറി മേഖല പ്രതിസന്ധിയിൽ
തീവിലയിൽ ‘മധുരം’ കയ്‌ക്കുന്നു

കോഴിക്കോട് ഗാന്ധി റോഡിലെ ബേക്കറിയുടെ അപ്പക്കൂടില്‍ കേക്കുകളുണ്ടാക്കുന്ന ജീവനക്കാരന്‍
സ്വന്തം ലേഖകൻ കോഴിക്കോട് അസംസ്‌കൃത വസ്‌തുക്കളുടെ അനിയന്ത്രിതമായ വിലവർധനമൂലം ബേക്കറി മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. പഞ്ചസാര, മുട്ട, വെളിച്ചെണ്ണ, ഓയിൽ, ഫാറ്റ് തുടങ്ങിയവയ്‌ക്കെല്ലാം വില കൂടിയതാണ് ബേക്കറി മേഖലയെ പ്രതികൂലമായി ബാധിക്കുന്നത്. മാർച്ചിൽ 4.80 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് എട്ടു രൂപ വരെ വിലയുയർന്നിരുന്നു. മൊത്തവിതരണക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വില കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും 6.50 രൂപയാണ് വില. കിലോയ്ക്ക് 44 രൂപയായിരുന്ന പഞ്ചസാരക്ക് 52 രൂപയായി. വെളിച്ചെണ്ണയ്ക്കും വില 270 മുതൽ മുകളിലോട്ടാണ്. ഓണം അടുക്കുന്നതോടെ സാധനങ്ങൾക്കെല്ലാം വീണ്ടും വില കൂടുമെന്നാണ് സൂചന. പാചക വാതകത്തിനും ഡീസലിനും വില കൂടിയതും ബേക്കറികൾക്ക് വലിയ തിരിച്ചടിയായി. നഗരത്തിലെ പ്രമുഖ ബേക്കറിയിൽ ആഴ്‌ചയിൽ ഒമ്പത് മുതൽ 10 സിലിണ്ടർ വരെ ഉപയോഗിക്കുന്നതിനായി 20,000 രൂപയായിരുന്നു ഒരുവർഷം മുമ്പ് വരെ ചെലവ്. വിലക്കയറ്റത്തിന് ശേഷമിത് 27,000 രൂപയായി. ആഴ്‌ചയിൽ ഉപയോഗിക്കുന്ന ഡീസലിനും 1000 രൂപയ്ക്ക് മേൽ ചെലവ് കൂടിയിട്ടുണ്ടെന്ന് ബേക്കറി ഉടമ പറഞ്ഞു. പഫ്‌സിന് ലെയർ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഫാറ്റായ ലിലി 15 കിലോയ്ക്ക് കഴിഞ്ഞ വർഷം ആഗസ്‌തിൽ 2510 രൂപയും ലിലി ഗ്രീനിന് 2390 രൂപയുമായിരുന്നു. ഇൗ വർഷം ആഗസ്‌ത് ആയപ്പോഴേക്കും ലിലിക്ക് 2900 രൂപയും ലിലി ഗ്രീനിന് 2790 രൂപയുമായി വില ഉയർന്നു. കേക്ക് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജിഎസ്‌എം ഫാറ്റിനും വില കൂടി, 2700ൽ നിന്ന് 2790 രൂപയായി. 15 ലിറ്റർ സൺഫ്ലവർ ഓയിലിന് 1975ൽനിന്നും 2150 രൂപയായെന്നും ബേക്കറി ഉടമകൾ പറഞ്ഞു. പച്ചക്കറികൾക്കും നേന്ത്രപ്പഴത്തിനും വിലകൂടിയതും തിരിച്ചടിയായി. വില കൂടിയെങ്കിലും ഗുണനിലവാരത്തിലും രുചിയിലും വിട്ടുവീഴ്‌ചയില്ലെന്നും സാധനങ്ങൾക്കനുസരിച്ച് ഉൽപ്പന്നങ്ങൾക്കും വില കൂട്ടിയാൽ കച്ചവടത്തിനെ കാര്യമായി ബാധിക്കുമെന്നും ബേക്കറി ഉടമകൾ പറയുന്നു.









0 comments