വേൾഡ് കപ്പ് ഫുട്ബോളിനെ വരവേൽക്കാൻ സോക്കർ കാർണിവലുമായി ഒരു ഗ്രാമം

ശിൽപ്പികളായ മഹേഷ് കെ നാരായണനും ഒ കെ രാകേഷും ശിൽപ്പ നിർമാണത്തിൽ
ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Jun 04, 2026, 12:59 AM | 1 min read
കുന്നമംഗലം
കാൽപന്തുകളിയെ അത്രമേൽ സ്‌നേഹിക്കുന്ന നാട് ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്നു. വേൾഡ് കപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി സോക്കർ കാർണിവൽ ഒരുക്കുകയാണ് കുരിക്കത്തൂരിലെ ഫുട്ബോൾ പ്രേമികൾ. സരിലയ മ്യൂസിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആണ് സംഘാടകർ. ഏഴ് മുതൽ മത്സരം അവസാനിക്കുന്നതുവരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഫുട്ബോൾ ഇതിഹാസം പെലെയുടെയും ഫുട്ബോൾ മാന്ത്രികൻ ഡീഗോ മറഡോണയുടെയും എട്ടടി ഉയരമുള്ള പ്രതിമകളുടെ പണിപ്പുരയിലാണ് ശിൽപ്പികളായ പാലക്കാട്ടുകാരായ പട്ടാമ്പി കൊപ്പം സ്വദേശി മഹേഷ് കെ നാരായണനും കോതച്ചിറ ഒ കെ രാകേഷും.
ശിൽപ്പങ്ങൾക്കൊപ്പം ഫുട്ബോളും ലോകകപ്പും തെർമോകോളിൽ ഒരുക്കുന്നുണ്ട്. കുരിക്കത്തൂരിലെ സെൽഫി പോയിന്റിലാണ് ഇത് സ്ഥാപിക്കുന്നത്. ഏഴിന് പകൽ നാലിന് പെരുവഴിക്കടവിൽനിന്ന് കുരിക്കത്തൂരിലേക്ക് വിവിധ ടീമുകളുടെ ആരാധകരുടെ ഘോഷയാത്ര നടക്കും. മത്സരം തുടങ്ങിയാൻ അഞ്ഞൂറിലധികം ആളുകൾക്ക് ഒന്നിച്ച് ബിഗ് സ്കീസിൽ എല്ലാ ദിവസവും കളി കാണാനുള്ള സൗകര്യമുണ്ടാകും. 200 ഇഞ്ചിന് മുകളിലുള്ള ബിഗ് സ്ക്രീനാണ് സ്ഥാപിക്കുന്നത്.
ജില്ലയിലെ ചിത്രകാരന്മാർ അണിനിരക്കുന്ന ബിഗ് ക്യാൻവാസ് ഫുട്ബോൾ ചിത്രരചന, വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ അണിഞ്ഞുള്ള ആരാധകരുടെ ഫുട്ബോൾ മത്സരം, ഫുട്ബോൾ ഗോൾഡൻ മൂവ്മെന്റ് ഫോട്ടോ കലക്ഷൻ, ഫുട്ബോൾ ക്വിസ് മത്സരം, ഷൂട്ടൗട്ട്, ഫുട്ബോൾ പ്രമേയമായുള്ള സിനിമാ പ്രദർശനം, ഗാനമേള, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. സമ്മാന പദ്ധതിയിലൂടെ ഒരു ഏക്കർ വരുന്ന കളിക്കളം പണംകൊടുത്ത് വാങ്ങിയ ക്ലബ്ബാണ് സരിലയ. ബി എസ് ജിജിൻ പ്രസിഡന്റും കെ ടി നിഥിൻ സെക്രട്ടറിയുമാണ്. വി ശ്രീജിത്താണ് സ്പോർട്സ് കൺവീനർ. സ്വാഗതസംഘം രൂപീകരിച്ചാണ് പ്രവർത്തനം.










0 comments