സായി ഹോസ്റ്റൽ പെൺകുട്ടികളുടെ മരണം
സാന്ദ്രയുടെ അമ്മയുടെ മൊഴിയെടുത്തു

ഫറോക്ക്
കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കൊല്ലം വനിത ഹോസ്റ്റലിൽ മരണപ്പെട്ട സാന്ദ്രയുടെ അമ്മയുടെ മൊഴിയെടുത്തു. കൊല്ലത്തുനിന്നെത്തിയ പ്രത്യേക അന്വേഷണ സംഘമാണ് കടലുണ്ടി പേടിയാട്ട് കുന്നിലെ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. അമ്മ സിന്ധുവിന്റെ വിശദ മൊഴിയും രേഖപ്പെടുത്തി.
കടലുണ്ടി പേടിയാട്ടുകുന്ന് അമ്പാളി പെരുമ്പള്ളി വീട്ടിൽ രവിയുടെ മകൾ സാന്ദ്ര (18), തിരുവനന്തപുരം മുദാക്കൽ വാളക്കാട് ഇളമ്പത്തടം വിഷ്ണു ഭവനിൽ വേണുവിന്റെ മകൾ വൈഷ്ണവി (15) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി ആരോപിച്ചും സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും ബന്ധുക്കൾ മുഖ്യമന്ത്രി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് പരാതി നൽകിയിരുന്നു.
കേസന്വേഷിക്കുന്നതിനായി കൊല്ലം സിറ്റി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ അസി. കമീഷണർ എസ് ഷെരീഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കൊല്ലം സൗത്ത് ഇൻസ്പെക്ടർ ജി പുഷ്പകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. സംഘത്തിലെ ക്രൈം എസ്ഐ എം സരിതയാണ് സിന്ധുവിൽനിന്നും മൊഴിയെടുത്തത്.
രാവിലെ എട്ടുമുതൽ 11.30 വരെ മൊഴിയെടുപ്പ് നീണ്ടു. സാന്ദ്രയുടെ മരണത്തിന് കാരണക്കാർ സായി പരിശീലന കേന്ദ്രവുമായി ബന്ധപ്പെട്ടവരാണെന്ന് അമ്മ സിന്ധു മൊഴി നൽകിയതായാണ് വിവരം.










0 comments