കാപ്പാട് തീരത്തെ റോഡ് കടലെടുത്തു

കാപ്പാട് ബ്ലൂ ഫ്ലാഗ് കടലോരത്തിനടുത്ത് തീരം തകർന്ന നിലയിൽ
എ സജീവ്‌കുമാർ
Published on Jun 29, 2025, 12:15 AM | 1 min read
കൊയിലാണ്ടി
ശക്തമായ കടലാക്രമണത്തിൽ കാപ്പാട് റോഡ് വീണ്ടും തകർന്നു. തിരുവങ്ങൂരിൽനിന്ന് കാപ്പാട് ബ്ലൂ ഫ്ലാഗ് കടലോരത്ത് എത്തുന്നതിന് തൊട്ടടുത്തുള്ള ഭാഗത്താണ് ഇത്തവണ ശക്തമായ ആക്രമണമുണ്ടായത്. ഏതാണ്ട് മൂന്ന് മീറ്ററോളം കൂടി കടലേറ്റമുണ്ടായാൽ റോഡ് പൂർണമായും കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. റോഡിന് തൊട്ടടുത്ത് പഞ്ചായത്ത് ജനകീയാരോഗ്യകേന്ദ്രമാണ്. കടലേറ്റം തുടർന്നാൽ ആരോഗ്യകേന്ദ്രവും കടലെടുക്കും. കടലെടുത്ത ഭാഗത്തിൽനിന്ന് തൊട്ട് തെക്കും വടക്കും വലിയ പാറക്കല്ലുകളാൽ തീരംസുരക്ഷിതമാണ്. എന്നാൽ കടലേറ്റം നടന്ന ഭാഗത്ത് പാറക്കല്ലുകൾ നിക്ഷേപിച്ചിട്ടില്ല. അടിയന്തരമായി തീരസംരക്ഷണ പ്രവർത്തനം ഈ ഭാഗത്ത് നടത്തിയില്ലെങ്കിൽ റോഡ് പൂർണമായി തകരുമെന്ന് സ്ഥലം സന്ദർശിച്ച മേജർ ഇറിഗേഷൻ എൻജിനിയർമാർ പറഞ്ഞു. കൊയിലാണ്ടി ഹാർബറിൽനിന്ന് കാപ്പാട് വരെയുള്ള റോഡ് മുമ്പ് കടലാക്രമണത്തിൽ തകർന്നിരുന്നു. താൽക്കാലികമായി സഞ്ചരിക്കാനായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെങ്കിലും പൂർണമായി ഈ മേഖലയിൽ റോഡ് പുനർനിർമാണം പൂർത്തിയായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടലാക്രമണ ഭീഷണിയുള്ള പത്ത് ഹോട്ട് സ്‌പോട്ടുകളെ കണ്ടെത്തിയിരുന്നു. ഇതില്‍ കാപ്പാടുമുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്ന കടലാക്രമണത്തില്‍ ഈ ഭാഗം പൂര്‍ണമായി കടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ പ്രത്യേക മേഖലയായി തിരിച്ച് കടല്‍ത്തീരം സംരക്ഷിക്കാനുള്ള പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി ചെന്നൈ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥരും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ വിദഗ്‌ധരും കാപ്പാട് എത്തി പരിശോധന നടത്തി പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരദേശ പാത ഇവിടെ നിർമിക്കുക. തകർന്ന കടലോരം അടിയന്തരമായി സംരക്ഷിക്കാൻ ഇടപെടുമെന്ന് കലക്ടർ ഉറപ്പുനൽകിയതായി കാനത്തിൽ ജമീല എംഎൽഎ അറിയിച്ചു.










0 comments