ad
Deshabhimani

മണി മുഴക്കി, വള കിലുക്കി ഓണപ്പൊട്ടനെത്തുന്നു

ഉത്രാടനാളിൽ കുറ്റ്യാടി നിട്ടൂർ പന്തീരടി തറവാട്ടിലെത്തുന്ന ഓണപ്പൊട്ടൻമാർ (ഫയൽ ചിത്രം)

ഉത്രാടനാളിൽ കുറ്റ്യാടി നിട്ടൂർ പന്തീരടി തറവാട്ടിലെത്തുന്ന ഓണപ്പൊട്ടൻമാർ (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 25, 2026, 01:25 AM | 1 min read

ജിതിൻ ബാബു കുറ്റ്യാടി കടത്തനാടിന്റെ വീട്ടുമുറ്റങ്ങളിലേക്ക്‌ ഓണപ്പൊട്ടൻമാരെത്തുന്നു. നിശ്ശബ്ദതയുടെ നിറച്ചാർത്തിൽ, മണിമുഴക്കം മാത്രം അകന്പടിയായി കടത്തനാടിന്റെ ഗ്രാമവീഥികളിൽ ഉത്രാടനാൾമുതൽ ഓണപ്പൊട്ടൻമാർ നിറയും. മാവേലിയുടെ പ്രതിരൂപമായാണ്‌ ഓണപ്പൊട്ടൻമാരെ പൊതുവെ കാണുന്നത്‌. ചിലയിടങ്ങളിൽ ഓണേശ്വരനെന്നും അറിയപ്പെടുന്നു. മലയ സമുദായത്തിൽപ്പെട്ടവരാണ്‌ ഓണപ്പൊട്ടൻ തെയ്യം കെട്ടുന്നത്‌. അത്തംമുതൽ ആരംഭിക്കുന്ന വ്രതത്തിന്‌ ശേഷമാണ്‌ കോലം കെട്ടുക. പ്രകൃതിദത്തമായ വസ്‌തുക്കൾ ഉപയോഗിച്ചാണ്‌ ഒരുക്കം. ശരീരത്തിൽ തേക്കേണ്ട ചായങ്ങൾ‍, ഓലക്കുടകൾ, മുടി നിർമാണം എന്നിവയെല്ലാം ഇ‍ൗ ദിനങ്ങളിലാണ്‌ ഒരുക്കുക. കോലം കെട്ടുന്നതിന്റെ തലേദിവസം ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കൂ. പൂരാട നാളിലെ പ്രത്യേക ചടങ്ങുകൾക്ക്‌ ശേഷം ഉത്രാടദിനത്തിൽ പുലർച്ചെമുതൽ ഇവർ ഒരുങ്ങിത്തുടങ്ങും. മുഖത്തെഴുത്തിന്‌ മനയോലയും കണ്ണെഴുത്തിന്‌ വിളക്കിൻ തിരി കത്തിച്ചുണ്ടാക്കുന്ന കൺമഷിയും ഉപയോഗിക്കുന്നു. തെച്ചിപ്പൂവിനാൽ അലങ്കരിച്ച പൊക്കമുള്ള കിരീടം വച്ച്‌ കഴിഞ്ഞാൽ പിന്നെ ഓണപ്പൊട്ടൻമാർ സംസാരിക്കാറില്ല. കമുകിൻ പൂക്കുലകൊണ്ട്‌ നീണ്ട വെള്ളത്താടി ഒരുക്കും. മൂക്കിന്‌ താഴെമുതൽ നെഞ്ചിന്റെ മുകൾ ഭാഗംവരെ മറയുന്ന രീതിയിലാണ്‌ താടി. വേഷം അഴിച്ചശേഷം മാത്രമേ ഓണപ്പൊട്ടൻ ഭക്ഷണം കഴിക്കാറുള്ളൂ. ഒരുക്കങ്ങളിൽ ചിലയിടങ്ങളിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന്‌ കലാകാരൻമാർ പറയുന്നു. കുറച്ച്‌ കാലങ്ങളായി വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പൊട്ടന്റെ വേഷമണിയുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home