കിഴക്കൻ മലയോരത്തെ കാറ്റിനെ വൈദ്യുതിയാക്കണം

പുനലൂർ
കേരള- തമിഴ്നാട് അതിർത്തി പ്രദേശമായ കിഴക്കൻ മലയോരനാട്ടിൽ നിരന്തരം വീശിയടിക്കുന്ന ശക്തമായ കാറ്റിനെ വൈദ്യുതിയാക്കി മാറ്റാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തം. ആര്യങ്കാവ്, തെന്മല പഞ്ചായത്ത് പ്രദേശങ്ങളിൽ സാധ്യതാപഠനം നടത്തി കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കണമെന്നാണ് പ്രധാന ആവശ്യം. സാധ്യതകൾ അവഗണിക്കുന്നു ആര്യങ്കാവ് കോട്ടവാസൽ ചുരം കടന്ന് കേരളത്തിലേക്ക് എപ്പോഴും ശക്തമായ കാറ്റാണ്. എന്നാൽ, ഈ ഊർജം പ്രയോജനപ്പെടുത്തുന്നതിൽ കേരളം ഇനിയും മുന്നോട്ട് വന്നിട്ടില്ല. അതേസമയം, ആര്യങ്കാവിൽനിന്ന് തമിഴ്നാട്ടിലേക്ക് കടക്കുമ്പോൾ നിരവധി കാറ്റാടിയന്ത്രങ്ങൾ കാണാം. പുളിയറ, ചെങ്കോട്ട, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുമ്പോൾ, കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലെ സാധ്യതകൾ അവഗണിക്കപ്പെടുകയാണ്. കാറ്റിന്റെ സ്ഥിരതയും ശക്തിയും തെന്മല ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ, തെന്മല തടി ഡിപ്പോ, കഴുതുരുട്ടി, അമ്പനാട്, ആര്യങ്കാവ്, കോട്ടവാസൽ, റോസ്മല, അച്ചൻകോവിൽ എന്നിവിടങ്ങളിലെല്ലാം എപ്പോഴും ശക്തമായ കാറ്റ് ലഭ്യമാണ്. ഈ മലയോരത്തും സമതല പ്രദേശങ്ങളിലും കാറ്റിന്റെ സ്ഥിരതയും ശക്തിയും ശാസ്ത്രീയമായി പഠനവിധേയമാക്കി, അനുയോജ്യമായ ഇടം കണ്ടെത്തിയാൽ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിച്ച് വൻതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയും. സർക്കാർ ഇടപെടണം കേരളത്തിൽ നിലവിൽ കഞ്ചിക്കോട്, രാമക്കൽമേട് എന്നീവിടങ്ങളിൽ കാറ്റിൽനിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതേ മാതൃകയിൽ, തെന്മല, ആര്യങ്കാവ് പഞ്ചായത്തിലും സർക്കാർ ഏജൻസികൾക്ക് കാറ്റിൽനിന്നുള്ള വൈദ്യുതോൽപ്പാദന യൂണിറ്റുകൾ ആരംഭിക്കാവുന്നതേയുള്ളൂ. പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസ്സുകൾക്ക് പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ, കിഴക്കൻ മലയോരത്തെ കാറ്റിന്റെ ശക്തിയെ വൈദ്യുതിയാക്കി മാറ്റാൻ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് ഉറ്റുനോക്കുകയാണ് നാട്ടുകാര്‍.










0 comments