ad
Deshabhimani

വി വൺ പറയും നമ്പർ വണ്ണായ കഥ

അശ്വതിയുടെ വി വൺ ഓർഗാനിക്‌ വിപണന  കേന്ദ്രം
avatar
രാജേഷ് ജാൻവി

Published on Apr 12, 2026, 01:22 AM | 1 min read

പുനലൂർ

കൂവക്കൃഷിയെക്കുറിച്ചാണ്‌ സംസാരമെങ്കിൽ അശ്വതിക്ക്‌ നൂറുനാവാണ്‌. കൂവയുടെ ഉപയോഗം കൃഷി രീതി, മൂല്യവർധിത ഉൽപ്പന്നങ്ങൾ തുടങ്ങി പറഞ്ഞാലും പറഞ്ഞാലും തീരില്ല. പറച്ചിൽ മാത്രമല്ല ജില്ലയിലെ നമ്പർ വൺ കൂവക്കർഷക കൂടിയാണ്‌ പുനലൂർ തലയാൻകുളം സ്വദേശി അശ്വതി. പുനലൂർ എംഎൽഎ റോഡിലുള്ള വി വൺ ചെറുകിട വിപണന കേന്ദ്രത്തിലാണ്‌ സ്വന്തം ഉൽപ്പന്നങ്ങളായ കൂവപ്പൊടിയും മഞ്ഞൾപ്പൊടിയുമായി വിപണി പിടിക്കുന്നത്‌. ​ഫാൻസി ഷോപ്പിൽനിന്ന്‌ 
മണ്ണിലേക്ക്‌ പുനലൂരിൽ ഭർത്താവായ സജിക്കൊപ്പം വെറൈറ്റി ലേഡീസ് കലക്‍ഷൻ എന്ന സ്ഥാപനം 18വർഷം മുമ്പ് ആരംഭിക്കുമ്പോൾ ഒരു കർഷകയാകുമെന്ന്‌ അശ്വതി സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല. ഒരു വയസ്സ് പ്രായമുള്ള മകളുമായി വലിയ പ്രതിസന്ധികൾ തരണംചെയ്തായിരുന്നു മുന്നോട്ടുപോയത്‌. സമീപത്തുതന്നെ ഒരു വലിയ ഷോപ്പുകൂടെ ആരംഭിച്ചിരുന്നു. രണ്ടാമത്തെ കുട്ടിയുടെ പ്രസവ സമയത്തുപോലും കടയിൽനിന്ന്‌ അധികം മാറിനിന്നിട്ടില്ല. കോവിഡിന്റെ സമയമായപ്പോൾ ബിസിനസ്‌ കുറഞ്ഞു. വ്യവസായ വകുപ്പിന്റെ പദ്ധതികളറിഞ്ഞ്‌ കൊല്ലത്തെ ഓഫീസിൽ ചെന്നതായിരുന്നു വഴിത്തിരിവ്‌. ഫാൻസി ഉൽപ്പന്നങ്ങളുടെ ഒരു നിർമാണ യൂണിറ്റ് ആരംഭിച്ചു. ഇതിനായി ലഭിച്ച ക്ലാസുകളിൽ ഒന്നിൽനിന്നാണ്‌ കൃഷിയാണ് ഇനിയുള്ള കാലഘട്ടത്തിന് അനുയോജ്യമെന്ന് മനസ്സിലാക്കിയത്‌. അങ്ങനെ കൂവക്കൃഷി ആരംഭിച്ചു. കൃഷി ഓഫീസർ സുദർശൻ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രത്തിൽ അശ്വതിയെ സന്ദർശനത്തിനയച്ചു. അന്നത്തെ ടെക്നിക്കൽ ഓഫീസർ ഡോ. ഷാനവാസ് നൽകിയ പിന്തുണ ഉ‍ൗർജമായി. അങ്ങനെ വി വണ്ണിന്റെ കൂവപ്പൊടി വിപണിയിലെത്തി. തന്റെ ഉൽപ്പന്നത്തിന്‌ കേരള അഗ്രോ ബ്രാൻഡിങ്ങും ലഭിച്ചു. തുടക്കത്തിൽ രണ്ടര ഏക്കറിലായിരുന്നെങ്കിൽ ഇപ്പോൾ ആറര ഏക്കറിൽ കൂവക്കൃഷി ചെയ്യുന്നു. കൃഷിക്ക് തൊരപ്പന്റെ ശല്യം ഉള്ളതിനാൽ മഞ്ഞളും ഇടവേളയായി ചെയ്യുന്നുണ്ട്. ഇപ്പോൾ മഞ്ഞപ്പൊടിയും ഷോപ്പിൽ വിൽപ്പനയ്ക്കുണ്ട്‌. കൂടെ പച്ചക്കറിക്കൃഷിയുമുണ്ട്‌. വിപണ കേന്ദ്രത്തിൽ പച്ചക്കറിക്കും ആവശ്യക്കാർ ഏറെ. ഇതും വിപുലമാക്കാനുള്ള ശ്രമം അശ്വതി നടത്തുന്നുണ്ട്‌. തന്റെ കൃഷിയിലും സംരംഭത്തിലുമായി കുറച്ച് ആളുകൾക്ക് തൊഴിൽ നൽകാനാകുന്നതിലും സന്തോഷമുണ്ടെന്ന്‌ അശ്വതി പറയുന്നു. പുനലൂർ മുനിസിപ്പാലിറ്റിയുടെ പിന്തുണയും മറക്കാനാവില്ലെന്ന്‌ ഇ‍ൗ സംരംഭക പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home