വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ
പഞ്ചായത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും അനാസ്ഥ

അഞ്ചൽ
വയോധികയുടെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ പ്രവർത്തകരുടെയും വീഴ്‌ചയാണെന്ന് നാട്ടുകാർ. കുളത്തൂപ്പുഴ ഇഎസ്എം നഗർ മരുതിമൂട് ചതുപ്പിൽ രജനി വിലാസത്തിൽ കനക (65)ത്തിന്റെ മൃതദേഹമാണ് രണ്ടുദിവസംമുമ്പ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഏക മകളുടെ മരണത്തിനുശേഷം ഒറ്റയ്ക്കായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഓണത്തിനുമുമ്പ് സുഖമില്ലാതെ വീട്ടിൽ കിടന്ന കനകത്തെ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽനിന്ന് തിരികെ മൈലമൂട്ടിലുള്ള ബന്ധുവീട്ടിലേക്കാണ് പോയത്. ഇവിടെനിന്ന് ബന്ധുക്കളെ അറിയിക്കാതെയാണ് മരുതിമൂട്ടിലേക്ക് വന്നത്. എന്നാൽ, വയോധികയെ കാണാതായിട്ടും മൈലമൂട്ടിലെ ആരോഗ്യ പ്രവർത്തകരോ പഞ്ചായത്ത് അധികൃതരോ ഇവരെക്കുറിച്ച് അന്വേഷിച്ചില്ല എന്നാണ് ആക്ഷേപം. മൃതദേഹം കണ്ട മരുതിമൂട് വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ്. ഒറ്റയ്‌ക്ക് വീട്ടിൽ കഴിയേണ്ടി വന്ന രോഗിയായ വയോധിക മരുന്നും ആഹാരവും കിട്ടാതെയാകും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുരോഗികളെയും വയോജനങ്ങളെയും സംരക്ഷിക്കുന്നതിന് ഉത്തരവാദപ്പെട്ട പഞ്ചായത്ത് അധികൃതർ വയോധികയുടെ കാര്യത്തിൽ കാട്ടിയ അവഗണന അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം തെന്മല പഞ്ചായത്ത് ശാന്തിതീരം ശ്മശാനത്തിൽ സംസ്കരിച്ചു.







0 comments