വെറ്റക്കൃഷിയിൽ തളിർക്കുന്നു സജീവിന്റെ ലൈഫ്


സ്വന്തം ലേഖകൻ
Published on Sep 15, 2026, 01:55 AM | 1 min read
അഞ്ചൽ
മരച്ചീനിയും വാഴയും പച്ചക്കറികളും നാട്ടിൽ വ്യാപകമായി കൃഷി ചെയ്യുമ്പോൾ വേറിട്ട വഴിയിൽ വിജയം നേടുകയാണ് പാണയം ഗിരിജ വിലാസത്തിൽ എസ് സജീവ്. ടാപ്പിങ് തൊഴിലാളിയായ സജീവിന് ജീവിതമാർഗം മാത്രമല്ല, അച്ഛന്റെ ഓർമകളും കൂടിയാണ് വെറ്റക്കൃഷി. അച്ഛൻ സദാശിവൻ പിള്ള 40വർഷം പിന്തുടർന്ന വെറ്റക്കൃഷി 20വർഷമായി സജീവ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നു. വയലിൽ പണകോരിയാണ് കൊടി ഇട്ടിട്ടുള്ളത്. 500മൂടാണ് ഇപ്പോഴുള്ളത്. ടാപ്പിങ് കഴിഞ്ഞുള്ള സമയം വെറ്റക്കൊടികൾക്കായി നൽകുകയാണ് പതിവ്. വലിയ തൂണുകൾ കുഴിച്ചിട്ട് അവയ്ക്ക് ഇടയിൽ ചെറിയ കമ്പുകൾ നാട്ടിയാണ് കൊടി ഒരുക്കിയിരുന്നത്. മരക്കൊമ്പുകൾ കിട്ടാനില്ലാത്തതിനാൽ ജിഐ പൈപ്പുകൾ കോൺക്രീറ്റ് ചെയ്ത് ഇടക്ക് ഈറ കുത്തി നിർത്തിയാണ് കൊടി ഒരുക്കുന്നത്.അച്ഛൻ നട്ടു വളർത്തിയ ഒരു മൂട് ഈറയുണ്ട്. ആവശ്യത്തിനുള്ള ഈറ അതിൽനിന്ന് കിട്ടുന്നു. പരിചരണത്തിൽ ചെറിയ പിശക് വന്നാൽ കൃഷി പാടേ നശിച്ചുപോകും. മറ്റ് കൃഷികൾക്ക് കൊടുക്കുന്നതിനേക്കാൾ ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്. കൃത്യമായ ജലസേചനം പ്രധാനം. വയലിൽ പണകോരി നട്ടിരിക്കുന്നതിനാൽ പാത്തിയിൽ എപ്പോഴും വെള്ളം ഉണ്ടാകും. വേനൽക്കാലത്ത് നനയ്ക്കണം. തുലാം, വൃശ്ചികം മാസങ്ങളിൽ മാർക്കറ്റിൽ വെറ്റിലയുടെ വരവ് കുറവാണ്. ആ മാസങ്ങളിലാണ് കൂടുതൽ വില. കെട്ടിന് 125രൂപവരെ ലഭിക്കും. വെറ്റക്കൃഷിയെ തകർത്തു കളയുന്ന ഫംഗസ് ഉണ്ട്. ഇത് പിടിപെട്ടാൽ തണ്ടും ഇലയും പഴുത്ത് ഉണങ്ങിപ്പോകും. ഒരുചെടിപോലും രക്ഷപ്പെടില്ല. രോഗം വന്നാൽ വെറ്റയുടെ വേരുവരെ നീക്കം ചെയ്യണം. എന്നാൽ, കഴിഞ്ഞ 10വർഷത്തിനുള്ളിൽ സജീവിന്റെ കൊടിയിൽ ഇത് വന്നിട്ടില്ല. വിപണനമാണ് പ്രധാന പ്രതിസന്ധിയെന്ന് സജീവ് പറയുന്നു. ഒരുമിച്ച് കടകളിൽ കൊടുക്കാൻ കഴിയില്ല. കടകളുടെ ആവശ്യാനുസരണം കൊടുത്താൽ വിറ്റ് തീർക്കാനും കഴിയില്ല. മാർക്കറ്റിൽ ഇടനിലക്കാർ ഒരുമിച്ച് വാങ്ങും. പക്ഷേ, പകുതി വിലയേ കിട്ടൂ. ഈ പ്രതിസന്ധി പരിഹരിക്കാനായാൽ കൂടുതൽ ആളുകൾ ഈ രംഗത്തേക്ക് കടന്നുവരും– സജീവന്റെ വാക്കുകളിൽ പ്രതീക്ഷയുണ്ട്.










0 comments