വെന്തുരുകി ജില്ല

പരപ്പാർ അണക്കെട്ടിൽനിന്ന് വരുന്ന ജലം കനാലുവഴി തിരിച്ചു വിടുന്ന ഒറ്റക്കൽ തടയണ
അമൽ ഷൈജു
Published on Apr 18, 2026, 12:45 AM | 2 min read
കൊല്ലം
രാപകല്‍ വ്യത്യാസമില്ലാതെ കനത്തചൂടിൽ വെന്തുരുകി ജില്ല. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നായി കൊല്ലം മാറി. മൂന്നുദിവസമായി 39 ഡിഗ്രിയാണ് ജില്ലയിലെ ചൂട്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 39.8 ഡിഗ്രി 10ന് ജില്ലയിൽ രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ജില്ലയായതിനാൽ അവിടെനിന്നുള്ള ചൂട് കാറ്റ് എത്തുന്നതാണ് ഉയർന്ന താപനിലയ്ക്ക് കാരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വിലയിരുത്തൽ. ജില്ലയിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയ പുനലൂർ മണ്ഡലം തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഭൂമിശാസ്ത്രപരമായി പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ടതും താഴ്ന്ന പ്രദേശമായി നിലനിൽക്കുകയും ചെയ്യുന്ന ഇടമാണ് പുനലൂർ. മലനിരകൾക്ക് ഉയരം കുറവായതിനാൽ ആര്യങ്കാവിലൂടെ തമിഴ്നാട്ടിലെ കാറ്റ് കടന്നുവരുന്നതും തീരപ്രദേശത്തുനിന്ന് അകന്നു നിൽക്കുന്നതിനാൽ കടൽകാറ്റ് ഇവിടേക്ക് എത്താത്തതും താപനില ഉയരാൻ ഇടയാക്കുന്നുണ്ട്. മറ്റ് ഉയർന്ന പ്രദേശങ്ങളിൽ താരതമ്യേന ചൂട് കുറവാണെങ്കിലും ജില്ലയുടെ പ്രത്യേക സാഹചര്യങ്ങളിൽ അതും ശാശ്വതമല്ല. സൂര്യരശ്മികളിലെ അൾട്രാ വയലറ്റ് വികിരണതോത് അളക്കാൻ ജില്ലയിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനിലും ഈ കാലയളവിൽ ഉയർന്ന അൾട്രാ വയലറ്റ് സൂചികയായ ഏഴുമുതൽ എട്ടുവരെ രേഖപ്പെടുത്തി. അതോടൊപ്പം ഞായർ വരെ താപനില 39 ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ട്. മെയ് 20 വരെ ഉച്ചസമയങ്ങളിലെ നിയന്ത്രണം ജില്ലയിൽ തുടരും. മഞ്ഞ മുന്നറിയിപ്പും ജില്ലയിൽ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും ഒപ്പം ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും അനുഭവപ്പെടാനുള്ള സാധ്യതയും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
കൃഷി ഉണങ്ങില്ല കുടിവെള്ളം മുടങ്ങില്ല
കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് വേനൽക്കാലം നെഞ്ചിലെ കനലാണെങ്കിലും ആശ്വാസം നൽകുന്ന നടപടികളാണ് ജനസേചന വകുപ്പിൽനിന്ന് ഉൾപ്പെടെ ലഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കാർഷിക മേഖലയ്ക്ക് ജലമെത്തിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി നിലവിൽ ജലവിതരണം നടക്കുന്നുണ്ട്. വേനൽ മുന്നിൽകണ്ട് മെയ് വരെ ജലവിതരണം നടക്കും. നിലവിൽ തെന്മലയിലെ പരപ്പാർ അണക്കെട്ടിൽ ശേഷിയുടെ 40.5 ശതമാനം (99.62 മീറ്റർ)വെള്ളമുണ്ട്. കല്ലട ജലസേചന പദ്ധതിയുടെ 1000 കിലോമീറ്റര്‍ വരുന്ന വിതരണ ശൃംഖലയിലും മുടക്കമില്ലാതെ വെള്ളമെത്തികാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയിലെ കുടിവെള്ള വിതരണവും മുടക്കമില്ലാതെ തുടരുന്നുണ്ട്. വെള്ളത്തിന്റെ ഉപയോഗം ഇരട്ടിയിലധികം വർധിച്ചു. ഇതേതുടർന്ന് പമ്പിങിലും മാറ്റം വരുത്തിയതായി ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. 20 മണിക്കൂറായിരുന്നത് 22 മണിക്കൂറും 12 ആയിരുന്നത് 14 മുതൽ 16വരെ മണിക്കൂറുകളായാണ് വർധിപ്പിച്ചത്.










0 comments