ad
Deshabhimani

വിഘ്നേഷിന്റെ സ്വന്തം വീട്‌

വിഘ്‌നേഷ്  അമ്മയോടൊപ്പം 
വാടക വീടിനു മുന്നിൽ
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on May 01, 2026, 01:03 AM | 1 min read

കരുനാഗപ്പള്ളി

ഓർമവച്ച കാലം മുതൽ വാടക വീടുകളിൽ മാത്രം മാറിമാറി താമസിച്ച ഓർമകളേയുള്ളൂ വിഘ്‌നേഷ് എന്ന കൊച്ചുമിടുക്കന്‌. എന്നാൽ, അടുത്ത ദിവസം അവൻ സ്വന്തം വീട്ടിൽ താമസം തുടങ്ങും. കുലശേഖരപുരം ആദിനാട് വടക്ക് പഞ്ചായത്ത് ഓഫീസിന് തെക്കുവശം ജ്യോതി ഭവനത്തിൽ രഞ്ജിത്തും- ഭാര്യ സൂര്യയും മകൻ വിഘ്‌നേഷുമാണ്‌ സ്വപ്ന സാക്ഷാൽക്കാരത്തിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്‌. ദേശാഭിമാനിയും– കെഎസ്‌ടിഎയും സംയുക്തമായാണ്‌ അക്ഷരമുറ്റം വിജയിയായ ഇ‍ൗ മിടുക്കന്‌ വീടൊരുക്കിയത്‌. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിലെ സംസ്ഥാന വിജയിയായതോടെയാണ്‌ വീടെന്ന ആഗ്രഹ സഫലീകരണത്തിന് വഴി ഒരുങ്ങുന്നത്. വിഘ്‌നേഷന്റെ അച്ഛൻ രഞ്ജിത്‌ പെയിന്റിങ് തൊഴിലാളിയാണ്. ജീവിക്കാൻ പല ജോലികളുംചെയ്തു. ഇടയ്ക്ക് ജീവിതം രക്ഷപ്പെടുമെന്ന് കരുതി കുറച്ചുനാൾ ഗൾഫിലും പോയി. അതിനായി ചെലവായ പണം ബാധ്യതയായി മാറിയതല്ലാതെ ഒരു ഗുണവും ഉണ്ടായില്ല. കുടുംബ ഓഹരിയായി കിട്ടിയ ഭൂമി ബാധ്യത തീർക്കാൻ വിൽക്കേണ്ടി വന്നു. കഴിഞ്ഞ 15 വർഷമായി കുടുംബവുമൊത്ത് വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചവറയിൽ വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് കൊറ്റൻകുളങ്ങര ജിവിഎച്ച്എസ്എസിൽ വിഘ്‌നേഷിന്റെ പഠനം തുടങ്ങുന്നത്. പിന്നീട് ഈ സ്കൂളിന്റെ അഭിമാനമായി മാറിയ വിഘ്‌നേഷ് അധ്യാപകരുടെയും കുട്ടികളുടെയും പ്രിയപ്പെട്ടവനായി. താമസം പിന്നീട് കുലശേഖരപുരത്തുനിന്ന്‌ രഞ്ജിത്തിന്റെ സ്വന്തം നാട്ടിലേക്ക് മാറിയെങ്കിലും വിഘ്‌നേഷിന്റെ പഠനം ചവറയിൽ തുടർന്നു. കുലശേഖരപുരത്തുനിന്ന്‌ ചവറയിലേക്ക് മകനെയും കൊണ്ട് അമ്മ സൂര്യ മിക്ക ദിവസവുംയാത്രചെയ്തു. എത്ര ബുദ്ധിമുട്ടിയാലും മകന്റെ പഠനത്തിന് ഒരു അസൗകര്യവും ഉണ്ടാകരുതെന്ന് ഈ രക്ഷാകർത്താക്കൾ നിശ്ചയിച്ചിരുന്നു. ഒടുവിൽ അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ സമ്മാന വേദിയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയോട് തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന കാര്യം വിഘ്നേഷ്‌ നേരിട്ട് പറയുകയായിരുന്നു. വിഘ്നേഷിന്‌ വീടൊരുക്കുമെന്ന്‌ മന്ത്രി ഉറപ്പും നൽകി. ആ ഉറപ്പാണ് ഇപ്പോൾ പാലിക്കപ്പെട്ടത്‌. ജീവിതത്തിൽ ഒരിക്കലും സ്വന്തമായി ഒരു തുണ്ട് ഭൂമിയും വീടും യാഥാർഥ്യമാകില്ലെന്നാണ്‌ കരുതിയിരുന്നത്. എന്നാൽ, വീട്‌ യാഥാർഥ്യമാക്കിയ മന്ത്രിയോടും കെഎസ്‌ടിഎയോടും ദേശാഭിമാനിയോടും ഏറെ സ്നേഹം– രഞ്ജിത്തും സൂര്യയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home