വവ്വാക്കാവ് ട്രെയിൻ ദുരന്തത്തിന്റെ ഓർമകൾ നാല് പതിറ്റാണ്ടിലേക്ക്
ഓർമയിൽ ഇന്നും മരണത്തിന്റെ ചൂളംവിളി

സുരേഷ് വെട്ടുകാട്ട്
Published on Nov 08, 2026, 02:26 AM | 2 min read
കരുനാഗപ്പള്ളി
"ഒരു നിമിഷംകൊണ്ട് നഷ്ടപ്പെടാവുന്ന ജീവിതം, സെക്കൻഡുകളുടെ വില, അത് എനിക്കിന്നും വിശ്വസിക്കാനാവുന്നില്ല'– ചൂളം വിളിച്ചെത്തിയ മഹാദുരന്തത്തിൽപെട്ട് ചിതറിത്തെറിച്ച മനുഷ്യശരീരങ്ങൾക്ക് നടുവിലെ ആ നിമിഷങ്ങളെക്കുറിച്ച് പറയമ്പോൾ തുളസീധരന് ഇപ്പോഴും നടുക്കം. എട്ടുപേരുടെ ജീവനപഹരിച്ച വവ്വാക്കാവ് ട്രെയിൻ ദുരന്തത്തിന്റെ ഓർമകൾ നാലുപതിറ്റാണ്ടിലേക്ക് കടക്കുമ്പോൾ അന്ന് അപകടത്തിൽപ്പെട്ട ഇൗ ബസ് കണ്ടക്ടറുടെ മുഖത്ത് ഇപ്പോഴും ഭീതിയാണ്. കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് തെക്കേയറ്റത്ത് തുളസീധരന്റെ (77) ഓർമയിൽ പുകതുപ്പി തീവണ്ടിയുടെ രൂപത്തിൽ വാപിളർന്നെത്തിയ ദുരന്തദൃശ്യം ഇപ്പോഴും തെളിഞ്ഞുനിൽക്കുകയാണ്. 1987 നവംബർ എട്ടിനായിരുന്നു അപകടം. വവ്വാക്കാവ്– പാവുമ്പ റോഡിലെ കുറുങ്ങപ്പള്ളി റെയിൽവേ ഗേറ്റിലാണ് കൊല്ലം– പാവുമ്പ റൂട്ടിൽ സർവീസ് നടത്തിയ എ131 കെഎസ്ആർടിസി ഓർഡിനറി ബസ് ബ്രേക്ക് പൊട്ടി അപകടത്തിൽപ്പെട്ടത്. 21 യാത്രക്കാരിൽ ബസ് ഡ്രൈവർ മണപ്പള്ളി മല്ലൻകുളത്ത് രാഘവൻപിള്ള ഉൾപ്പെടെ എട്ടുപേർ മരിച്ചു. പത്തുപേർക്ക് സാരമായ പരിക്കേറ്റു. അന്നൊരു ഞായറാഴ്ചയായിരുന്നു. പകൽ 10.30ന് മണപ്പള്ളിയിൽനിന്ന് കരുനാഗപ്പള്ളിയിലേക്കായിരുന്നു സർവീസ്. ബ്രേക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ ബസ് ഗേറ്റിലിടിച്ചു നിർത്താമെന്ന് വിമുക്തഭടൻകൂടിയായ ഡ്രൈവർ രാഘവൻപിള്ള കരുതി. എന്നാൽ, ഗേറ്റിടിച്ച് തകർത്ത് ബസ് റെയിൽവേ ട്രാക്കിലേക്ക് കടന്ന് രണ്ടാമത്തെ ഗേറ്റിനുമുന്നിലെത്തിനിന്നു. ഗേറ്റ് കീപ്പറായിരുന്ന അഗസ്റ്റിന്റെ നെഞ്ചുപിടഞ്ഞു. നിമിഷങ്ങൾക്കകം "ജയന്തി ജനത' ട്രെയിൻ പാഞ്ഞുവരും. ബസ് തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജയന്തി ജനതയുടെ വരവുകണ്ട് ഗേറ്റ് കീപ്പർ ചുവന്ന കൊടിയുമായി ഓടി. എന്നാൽ, എൻജിൻ ഡ്രൈവർ നിസ്സഹായനായിരുന്നു. ബസിൽനിന്നുള്ളവരെ പുറത്തിറക്കാനുള്ള അവസാന ശ്രമത്തിലായിരുന്നു രാഘവൻപിള്ളയും താനുമെന്ന് തുളസീധരൻ പറയുന്നു. ജീവൻ നഷ്ടപ്പെടുമെന്ന് കരുതിയ അവസാന നിമിഷം രണ്ടുകുട്ടികളെ കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് ചാടി. പാഞ്ഞുവന്ന തീവണ്ടി ബസിനെ നെടുകെ മുറിച്ച് കോരിയെറിഞ്ഞു. എല്ലാം ഒറ്റനിമിഷത്തിൽ കഴിഞ്ഞു. അവസാന ബോഗി ലെവൽ ക്രോസിൽ എത്തിയപ്പോഴാണ് തീവണ്ടി കിതച്ചുനിന്നത്. ഡ്രൈവർക്ക് റെയിൽവേ ട്രാക്കിൽ ജീവൻ നഷ്ടപ്പെട്ടു. റെയിൽവേ ക്രോസിനുസമീപംനിന്ന സിപിഐ എം നേതാവ് വി കെ ആനന്ദവും ഒപ്പമുണ്ടായിരുന്ന മഹിളാ നേതാവും ഓടിയെത്തി. തലപൊട്ടി കിടന്ന ബാലൻ എന്നയാളുടെ തലയിൽ തുണിചുറ്റികെട്ടി അവരോടൊപ്പം ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നീട് കണ്ണ് തുറക്കുമ്പോൾ താലൂക്കാശുപത്രിയിലാണ്. മുഖ്യമന്ത്രിയായിരുന്ന നായനാർ അന്ന് കാണാനെത്തി തലയിൽ തലോടി ചോദിച്ചു– ""ഓന് വല്ലതും പറ്റിയോ''. ജീവിതത്തിൽ എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയെ നേരിട്ട് കാണണം. അപകട സമയത്ത് കാണിച്ച സ്നേഹവായ്പിന് നന്ദി പറയണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുളസീധരൻ പറയുന്നു.









0 comments