പരവൂരിൽ വർധനയില്ല
കോർപഷേനിൽ ഒന്നും മൂന്ന് മുനിസിപ്പാലിറ്റികളിലായി നാലുവാർഡും വർധിച്ചു


സ്വന്തം ലേഖകൻ
Published on May 29, 2025, 11:01 PM | 1 min read
കൊല്ലം
കോർപറേഷനിൽ ഒരുഡിവിഷനും കരുനാഗപ്പള്ളി, പുനലൂർ, കൊട്ടാരക്കര മുനിസിപ്പാലിറ്റികളിലായി നാലു വാർഡും വർധിപ്പിച്ച് അതിർത്തി പുനർനിർണയിച്ചു. 32ഡിവിഷനുള്ള പരവൂർ മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ വർധനയില്ലെങ്കിലും അതിർത്തി പുനർനിർണയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അന്തിമ വിജ്ഞാപന പ്രകാരമാണ് വർധന നിലവിൽ വന്നത്. 55 ഡിവിഷനുകളുണ്ടായിരുന്ന കോർപറേഷനിൽ അഞ്ചാലുംമൂട് വിഭജിച്ച് അഞ്ചാലുംമൂട് ഈസ്റ്റ്, വെസ്റ്റ് എന്നിങ്ങനെയാക്കി. 35 വാർഡുള്ള കരുനാഗപ്പള്ളിയിൽ രണ്ടു വാർഡ് വർധിച്ചു. കണ്ണമ്പള്ളി, മൂന്നാംമൂട് എന്നിവയാണ് പുതിയ വാർഡുകൾ. 29 വാർഡുള്ള കൊട്ടാരക്കരയിൽ ഒരെണ്ണം വർധിച്ചു. പാലമൂടാണ് പുതിയ വാർഡ്. പുനലൂരിൽ 35ൽനിന്ന് 36ആയി. (കുതിരച്ചിറ ഡിവിഷൻ ആണ് പുതിയതായി രൂപീകരിച്ചത്.) പഞ്ചായത്തുകളിലെ അതിർത്തി പുനർനിർണ അന്തിമവിജ്ഞാപനം ഇറങ്ങിയിരുന്നു. 68ൽ 67 പഞ്ചായത്തുകളിലെ വാർഡുകളാണ് പുനർനിർണയിച്ചത്. പേരയം പഞ്ചായത്ത് വാർഡ് വിഭജനം കോടതിയുടെ പരിഗണനയിലാണ്. നീണ്ടകര, പിറവന്തൂർ, കുണ്ടറ, ആലപ്പാട് പഞ്ചായത്തുകളിൽ പുതിയ വാർഡില്ല. അതിർത്തി പുനർനിർണയിച്ചിട്ടുണ്ട്. വാർഡുകൾ 1234 വാർഡുകളിൽനിന്ന് 1312 ആയി. 78 പുതിയ വാർഡുകളായി. കഴിഞ്ഞ നവംബർ 18-ന് കരട് പ്രസിദ്ധീകരിച്ചിരുന്നു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീ ലിമിറ്റേഷൻ കമീഷൻ പരിഗണിച്ചതിനെ തുടർന്നാണ് അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിഭജനത്തോടെ വാർഡുകളുടെ അതിർത്തിയിൽ വലിയ മാറ്റങ്ങളുണ്ടായി. അതിർത്തിക്ക് മാറ്റമില്ലെങ്കിലും പേരുമാത്രം മാറിയ വാർഡുമുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡ് പുനർവിഭജനം പൂർത്തിയായതോടെ വോട്ടർപട്ടിക തയ്യാറാക്കുന്ന നടപടികളിലേക്ക് തെരഞ്ഞെടുപ്പ് കമീഷൻ കടക്കും. ഒന്നര മാസത്തിനുള്ളിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.








0 comments