വനംവകുപ്പ് ഓഫീസിൽ ജീവനക്കാരുടെ പ്രതിഷേധം

കൊല്ലം
യുഡിഎഫ് സർക്കാരിന്റെ പ്രതികാര സ്ഥലംമാറ്റത്തിന്റെ ഭാഗമായി വനംവകുപ്പ് ജില്ലാ ഓഫീസിൽ പ്രതിഷേധം. ജൂനിയർ സൂപ്രണ്ടും എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയുമായ വി ആർ അജുവിനെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റിയതിനെതിരെ വനശ്രീ കോംപ്ലക്‌സ് ഓഫീസിൽ എഫ്‌എസ്‌ഇടിഒ പ്രതിഷേധിച്ചു. പകരം നിയമിതനായ ഉദ്യോഗസ്ഥനും എൻജിഒ അസോസിയേഷൻ പ്രവർത്തകനുമായ സജു ബി നെറ്റോയെ തിങ്കളാഴ്ച ജീവനക്കാർ തടഞ്ഞു. പുറത്തുനിന്നുള്ള കോൺഗ്രസ്– ഐഎൻടിയുസി പ്രവർത്തകർക്കൊപ്പം എത്തിയ എൻജിഒ അസോസിയേഷൻ പ്രവർത്തകർ ബലംപ്രയോഗിച്ച് ഓഫീസിന് അകത്തുകടക്കാൻ ശ്രമിച്ചതോടെ സംഘർഷത്തിലേക്കു നീങ്ങി. പൊലീസെത്തിയാണ് ഇവരെ മാറ്റിയത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തെന്മല ശെന്തുരുണിയിലേക്കാണ് വി ആർ അജുവിനെ സ്ഥലംമാറ്റിയത്. ആകെയുള്ള 71 ജൂനിയർ സൂപ്രണ്ടുമാരിൽ 35പേരെ സ്ഥലംമാറ്റി. അജുവിനുപകരം നിയമിച്ച വ്യക്തി മൂന്നുവർഷമായി ചിന്നക്കട വനശ്രീ ഓഫീസിൽ ജോലിചെയ്യുകയും ഒരുവർഷം മുമ്പ് പ്രമോഷനായി തിരുവനന്തപുരത്തേക്ക് പോകുകയും ചെയ്തയാളാണ്. 2017ലെ പൊതുസ്ഥലംമാറ്റ മാനദണ്ഡം വന്നശേഷം ചട്ടപ്രകാരമാണ് വകുപ്പിൽ മാറ്റങ്ങൾ നടക്കുന്നത്. ഒരു തസ്തികയിൽ മൂന്നുവർഷം തികഞ്ഞവരെ മാത്രമേ സ്ഥലം മാറ്റാവൂ എന്നതാണ് മാനദണ്ഡം. എന്നാൽ, ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഒരുവർഷം മാത്രമായ ജീവനക്കാരന് കൊല്ലത്തേക്കും രണ്ടുവർഷം മാത്രമായ യൂണിയൻ ജില്ലാ സെക്രട്ടറിയെ ശെന്തുരുണിയിലേക്കും മാറ്റാനാണ് ഉത്തരവിറങ്ങിയത്. വനംവകുപ്പിൽ അംഗീകൃത മാനദണ്ഡപ്രകാരം ജില്ലാ സെക്രട്ടറിക്ക് അഞ്ചുവർഷമെന്ന മുൻഗണനയുമുണ്ട്. ഇതുപോലും പരിഗണിക്കാതെയാണ് സ്ഥലംമാറ്റം. 2017– -2023 കാലഘട്ടത്തിൽ കുടുംബശ്രീ മിഷനിൽ സേവനം അനുഷ്ഠിച്ച വി ആർ അജു 2023ല്‍ ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തീകരിച്ചശേഷം വഴുതക്കാട് വനംവകുപ്പ് ആസ്ഥാനത്ത് ജോയിൻചെയ്ത ശേഷമാണ് കൊല്ലത്തേക്ക് സ്ഥലം മാറി വന്നത്. തിങ്കളാഴ്ച വനശ്രീ കോംപ്ലക്സിൽ നടന്ന യോഗത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി ഗാഥ, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എസ് സബിത, സംസ്ഥാന എക്സിക്യൂട്ടീവ് അഗം ജി കെ ഹരികുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം എൽ മിനിമോൾ, എ എം ജുനൈദ്, വൈ ഓസ്‌ബോൺ, ബി സുജിത്, എസ് സന്തോഷ് കുമാർ, ആർ രമ്യ മോഹൻ, ബിനീഷ്, ആർ ബിച്ചു തുടങ്ങിയവർ സംസാരിച്ചു.











0 comments