ad
Deshabhimani

വടംവലിയിൽ കൊസാംബി തരംഗം

കടയ്ക്കൽ ചല്ലിമുക്കിൽ നടന്ന വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ 
കൊസാംബി ടീം
avatar
സനു കുമ്മിൾ

Published on Sep 17, 2025, 12:55 AM | 1 min read

കടയ്ക്കൽ

മെയ്‌ക്കരുത്തും മനസ്സുറപ്പുമാണ്‌ വടംവലിയുടെ കരുത്ത്‌. ആവേശോജ്വല വടംവലി മത്സരങ്ങളിൽ തെക്കൻ കേരളത്തിലും " കൊസാംബി തരംഗം അലയടിക്കുന്നു. ഹെർക്കുലീസ് വെമ്പായം, എംസി ഡിഫന്റേഴ്‌സ്‌ വെള്ളറട, വൈ കിങ്‌സ്‌ ചന്ദ്രമംഗലം, ചെറുപുഷ്പം വെള്ളറട ഉൾപ്പടെയുള്ള ടീമുകൾ വെന്നിക്കൊടി പാറിച്ചിരുന്ന കോർട്ടുകളിലാണ് കാസർകോട് ബേത്തൂർപാറയിലെ കൊസാംബി മുന്നേറുന്നത്‌. ശാസ്ത്രീയ ഇന്ത്യൻ ചരിത്രരചനയുടെ പിതാവ്‌ എന്ന്‌ അറിയപ്പെടുന്ന ഡി ഡി കൊസാംബി (ദാമോദർ ധർമാനന്ദ് കൊസാംബി)യുടെ പേരിൽ 1980ൽ ആണ് ബേത്തൂർപ്പാറ ഡി ഡി കൊസാംബി സ്‌മാരക കലാകായികവേദി സ്ഥാപിച്ചത്. കേരളത്തിലെ ഏത്‌ വടംവലി ടീമിനെയും വിറപ്പിക്കാനുള്ള കൈക്കരുത്തുമായാണ് ടീം കോർട്ടിലിറങ്ങുന്നത്. മത്സരത്തിനുപോയ സ്ഥലങ്ങളിൽനിന്നൊക്കെ കപ്പുമായിവന്ന ചരിത്രമാണ് ക്ലബ്ബിനുള്ളത്. ഈ സീസണിൽ മാത്രം 45 കിരീടം ടീം സ്വന്തമാക്കി. ബേത്തൂർപ്പാറയിലെ കോർട്ടിലെ ദിവസേനയുള്ള പരിശീലനമാണ്‌ ടീമിന്റെ വിജയക്കരുത്ത്‌. വലിക്കാരിൽ മിക്കവരും തൊഴിലാളികളാണ്. ഒരു ടീമിൽ എട്ടുപേരാണുള്ളത്. ടീം അംഗങ്ങളുടെ ആകെ തൂക്കം പരമാവധി 450- – 480 കിലോ. മത്സരാർഥികൾ ഒരുമാസം മുമ്പേ തൂക്കം കൃത്യമാക്കാനുള്ള ശ്രമം തുടങ്ങും. ഭക്ഷണം അടക്കം നിയന്ത്രിക്കും. ദിവസവും അംഗങ്ങളുടെ തൂക്കം നോക്കിയാണ് പരിശീലനം. ടീമിന്റെ ആകെ ഭാരം നിശ്ചിത പരിധിയിൽനിന്ന് 30 കിലോയിൽ കൂടിയാൽ ഭക്ഷണക്രമം മാറും. തൂക്കം കൂടിയ ആൾക്ക് ചോറ് ഒഴിവാക്കി ചപ്പാത്തി നൽകും. സസ്യേതര ഭക്ഷണം ഒഴിവാക്കേണ്ടിവരും. ‘ഉണക്കിയെടുക്കൽ' എന്നാണ് ഇതിനുപറയുക. കൈക്കുഴയുടെയും കാൽക്കുഴയുടെയും പേശികളുടെയും ബലം കൂട്ടാൻ വ്യായാമമുറകളും ഇവർ ശീലിക്കുന്നുണ്ട്. കൊസാംബിക്ക് പുറമെ കാസർകോട്ടുനിന്നുള്ള ജിംഖാന ടീമും തെക്കൻ കേരളത്തിൽ വിജയം നേടുന്നുണ്ട്. തെക്കൻ കേരളത്തിലും മികച്ച പ്രോത്സാഹനം ടീമിന് കിട്ടുന്നതിൽ സന്തോഷമുണ്ടെന്ന് കൊസാംബിയുടെ ക്യാപ്റ്റൻ സച്ചിൻ ദേശാഭിമാനിയോടു പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home