ad
Deshabhimani

ഉഷാദേവി ടീച്ചർ ഹാജരാണ്

ഉഷാദേവി
avatar
സനു കുമ്മിൾ

Published on Sep 05, 2025, 12:37 AM | 1 min read

കടയ്ക്കൽ

വിരമിച്ചിട്ടും ഒമ്പതുവർഷമായി സ്‌കൂളിൽ തുടരുന്ന അധ്യാപിക. വിരമിക്കൽ സർവീസ് ബുക്കിൽ മാത്രം രേഖപ്പെടുത്തി വിശ്രമമില്ലാതെ ഇന്നും സ്കൂളിൽ വന്നുപോകുന്ന അധ്യാപനത്തിന്റെ വേറിട്ട മുഖമാണ് ഉഷാദേവി. 1999ൽ ആണ് ഉഷാദേവി സർക്കാർ സർവീസിൽ കയറുന്നത്. ചടയമംഗലം എൻഎസ്എസ് എൽപിഎസിലായിരുന്നു ആദ്യമായി അധ്യാപികയാകുന്നത്. അവിടെനിന്നാണ് നിലമേൽ ഗവ. യുപിഎസിലേക്കു മാറുന്നത്. നീണ്ട 27 വർഷത്തെ അധ്യാപക ജീവിതത്തിനൊടുവിൽ 2016 മെയ് 31നാണ് സർവീസിൽനിന്ന് വിരമിക്കുന്നത്. ശരിക്കും അന്നുമുതലാണ് ഉഷാദേവിയുടെ കഥ ആരംഭിക്കുന്നത്. വിരമിച്ച് വീട്ടിലിരിക്കാൻ മനസ്സ്‌ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വിരമിച്ച ദിവസം സഹപ്രവർത്തകർ വീട്ടിൽ കൊണ്ടാക്കുന്ന ചടങ്ങ് വേണ്ടെന്ന്‌ അവർ തീരുമാനിച്ചു. അന്നത്തെ അധ്യാപകനായിരുന്ന സുധീഷും സഹപ്രവർത്തകരുമെല്ലാം ജൂൺ ഒന്നുമുതൽ സ്കൂളിലേക്ക് വരാൻ ഉഷ ടീച്ചറെ വിളിച്ചു. വിരമിച്ചശേഷം അന്ന് തുടങ്ങിയ ആ വരവ് ഒമ്പതുവർഷമായി തുടർന്നുകൊണ്ടേയിരിക്കുന്നു. ഒപ്പം ജോലിചെയ്തവരിൽ പലരും വിരമിച്ചു. പക്ഷേ, ഉഷ ടീച്ചർ മാത്രം പുതുതലമുറയോടൊപ്പം പഴയ പള്ളിക്കൂടത്തിൽ അധ്യാപക ജീവിതം ആസ്വദിക്കുകയാണ്. ചടയമംഗലം ബിആർസി കൂടി പ്രവർത്തിക്കുന്ന കോമ്പൗണ്ടിലാണ് നിലമേൽ ഗവ. യുപിഎസ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്കൂളിലെ അധ്യാപകർക്കൊപ്പം അധ്യാപക പരിശീലകരുടെയും പ്രോത്സാഹനവും പിന്തുണയും ഉഷ ടീച്ചർക്ക് ലഭിക്കുന്നുണ്ട്. സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങളിലെല്ലാം ടീച്ചറുടെ വലിയ ഇടപെടലാണ് ലഭിക്കുന്നതെന്ന് പ്രധാനാധ്യാപകൻ സജീവ് പറയുന്നു. വായനയിലും എഴുത്തിലും പിന്തുണ ആവശ്യമായി വരുന്ന പഠിതാക്കളെ സഹായിക്കാൻ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച "മലയാളത്തിളക്കം’ പദ്ധതിയുടെ സ്കൂളിലെ ചുമതലയും ഉഷ ടീച്ചർക്കാണ്. പഠന പ്രവർത്തനങ്ങൾക്ക് പുറമെ സ്കൂളിലൊരു പൂന്തോട്ടം നിർമിച്ച് പരിചരിക്കാനും ടീച്ചർ മുമ്പിലുണ്ട്. മടവൂർ സീമന്തപുരം ഉഷസ്സിൽ ഇന്നിപ്പോൾ ടീച്ചർ ഒറ്റയ്ക്കാണ്. ഭർത്താവ് രാജേന്ദ്രൻപിള്ള പത്തുവർഷം മുമ്പ്‌ മരിച്ചു. സ്വകാര്യ ജീവിതത്തിൽ ഒറ്റയ്‌ക്കായപ്പോഴും ടീച്ചറെ പിടിച്ചുനിർത്തിയത് സ്കൂളും സഹപ്രവർത്തകരും വിദ്യാർഥികളുമായിരുന്നു. കഴിഞ്ഞ ഓണക്കാലത്ത് കാലിന് അപകടം സംഭവിച്ച് കിടപ്പിലായിരുന്നു. തിരുവോണ ദിവസം പ്രിയപ്പെട്ട കുട്ടികളും രക്ഷിതാക്കളും തേടിയെത്തിയത് ജീവിതത്തിലൊരിക്കലും മറക്കാനാകില്ലെന്ന് ഉഷ ടീച്ചർ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home