യുഡിഎഫിലും എന്‍ഡിഎയിലും കൂട്ടക്കലഹം

സ്വന്തം ലേഖകന്‍
Published on Dec 09, 2025, 12:59 AM | 1 min read
കൊല്ലം
വികസനക്ഷേമ പ്രവര്‍ത്തനങ്ങളിലൂന്നി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് ജനങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍ യുഡിഎഫിലും ബിജെപിയിലും ഉയര്‍ന്നത് കലഹക്കൊടികള്‍. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ സ്ഥാനാര്‍ഥി മോഹവുമായി യുഡിഎഫ് ക്യാമ്പില്‍നിന്ന് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ പ്രചാരണവും ആരംഭിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിച്ചതോടെ പലയിടത്തും യുഡിഎഫിന് വിമത സ്ഥാനാര്‍ഥികളുമായി. സ്ഥാനാർഥി നിർണയത്തെച്ചൊല്ലിയും സംഘടനാവിഷയത്തിലും ഭരണിക്കാവിലെ കോൺഗ്രസ് ഭവനിൽ കൈയാങ്കളിയും നടന്നു. കെഎസ്‌യുവിന് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നതില്‍ പ്രതിഷേധിച്ച് ഡിസിസി ഓഫീസ് ഉപരോധിച്ചതും ജില്ല കണ്ടു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ നന്നേ കഷ്ടപ്പെട്ട യുഡിഎഫ് ക്യാമ്പ് ചിലയിടങ്ങളില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്നതും യാഥാര്‍ഥ്യം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കടപ്പാ 10 –ാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിക്ക് എതിരെ ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തത് ചര്‍ച്ചയായിരുന്നു. ജില്ലാ പഞ്ചായത്ത് തലവൂർ ഡിവിഷൻ യുഡിഎഫ് സ്ഥാനാര്‍ഥി മീരയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവണീശ്വരം എച്ച്എസിലെ വിദ്യാര്‍ഥികള്‍ സാമ്പത്തിക സഹായം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്സാപ് സന്ദേശം അയച്ചതും ഏറെ വിവാദമായി. മുസ്ലിം ലീഗിനെ അപ്പാടെ അവഗണിച്ച കോണ്‍ഗ്രസിനെതിരെ പരസ്യമായി നേതൃത്വം രംഗത്തുവന്നതും നാട് കണ്ടു. ചിലയിടങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനും ലീഗ് തീരുമാനമെടുത്തു. പേമെന്റ് സീറ്റ് വിവാദം, നേതൃപരാജയം, സംസ്ഥാന സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാട് എന്നിവ ഉയര്‍ത്തിക്കാട്ടി നിരവധി നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍നിന്നും മുസ്ലിം ലീഗില്‍നിന്നും എല്‍ഡിഎഫിലേക്ക് എത്തി. കശുവണ്ടി മേഖലയിലെ നിരവധി ഐഎന്‍ടിയുസി തൊഴിലാളികള്‍ സിഐടിയുവില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. എന്‍ഡിഎയിലും സ്ഥിതി വ്യത്യസ്തമല്ല. പലയിടത്തും മത്സരിക്കാന്‍ സ്ഥാനാര്‍ഥികളെ കിട്ടാത്തത് ബിജെപിക്ക് തലവേദനയായി. യുഡിഎഫിനെ സഹായിക്കാനെന്ന മുറുമുറുപ്പ് മുന്നണിയില്‍ തന്നെ ഉയര്‍ന്നു. ചിലയിടങ്ങളില്‍ യുഡിഎഫുമായി പരസ്യബാന്ധവം ഉണ്ടാക്കി. അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായി ബിഡിജെഎസ് രംഗത്തുവന്നതും മുന്നണിയെ തളര്‍ത്തി. സീറ്റ് വിഭജനവും നന്നേ പാളി തമ്മില്‍ തല്ലിലേക്ക് നീങ്ങി. ജില്ലയില്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്നത് വീന്പുപറച്ചിലായി മാത്രം ഒതുങ്ങിയെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കിടയിലും സംസാരമായി. പെരിനാട് പഞ്ചായത്തില്‍ ബിജെപി വ്യാപകമായി വ്യാജ മേൽവിലാസവും വീട്ടുനന്പരും ഉൾപ്പെടുത്തി കള്ളവോട്ട് ചേര്‍ക്കാന്‍ ഓൺലൈനായി അപേക്ഷ നൽകിയതും പരാതിയുമായി വീട്ടുടമ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.










0 comments