കണ്ണങ്കാട് പാലത്തിന് തടസ്സമാകില്ലെന്ന പ്രതീക്ഷയിൽ രണ്ടുനാട്

Two regions hopeful that the Kannankad bridge will face no obstacles.
കൊല്ലം
കുന്നത്തൂർ, കൊല്ലം താലൂക്കുകളെ ബന്ധിപ്പിച്ച് കല്ലടയാറ്റിന് കുറുകെ യാഥാർഥ്യമാകേണ്ട കണ്ണങ്കാട്ടുകടവ് പാലത്തിന്റെ നിർമാണത്തെ കിഫ്ബിയുടെ നിർദിഷ്ട ഘടനാമാറ്റം ബാധിക്കുമോ എന്ന ആശങ്ക പടരുന്നു. രണ്ട് താലൂക്കുകളുടെയും ഗതാഗത ശൃംഖലയിൽ വൻ കുതിപ്പുണ്ടാക്കുന്ന കണ്ണങ്കാട് പാലത്തിന്റെ നിർമാണത്തിന് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി 44.27 കോടി രൂപ അനുവദിക്കുകയും ഭൂമി ഏറ്റെടുക്കൽ നടപടി പൂർണമാകുകയും ചെയ്തിട്ടുള്ളതാണ്. റോഡ് ഫണ്ട് ബോർഡിന്റെ സാങ്കേതികാനുമതി ലഭിച്ച് ടെൻഡർ ക്ഷണിച്ച ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ തുടർന്ന് നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നത്. ഊരാളുങ്കൽ സൊസൈറ്റി, കെവിജെ എന്നീ രണ്ട് കമ്പനികൾ ബിഡ് നൽകിയിരുന്നു. എന്നാൽ, കരാർ നൽകുന്ന നടപടി പൂർത്തീകരിക്കാനായില്ല. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നിരുന്നു. പുതിയ സർക്കാർ കിഫ്ബിയുടെ ഭരണപരവും സാമ്പത്തികവുമായ ഘടനയിൽ കാര്യമായ മാറ്റങ്ങൾ വരുത്തുകയാണ്. ഇതുമൂലം തുടർ നടപടികൾക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഇതോടെ കരാർ നടപടിയും നീണ്ടുപോകുകയാണ്. മുന്പ് അനുവാദം ലഭിച്ച പദ്ധതി എന്ന നിലയിൽ കണ്ണങ്കാട്ടുകടവ് പാലത്തിന്റെ നിർമാണത്തിന് തടസ്സമുണ്ടാകില്ലെന്ന പ്രതീക്ഷയും പ്രദേശവാസികൾക്കും യാത്രക്കാർക്കുമുണ്ട്. ഏകദേശം രണ്ടുകോടിയോളം രൂപ ചെലവഴിച്ച് സ്ഥലമെടുപ്പ് പൂർത്തിയായ പ്രവൃത്തിയാണിത്. 0.55 ഹെക്ടറാണ് കല്ലടയാറിന്റെ ഇരുകരകളിൽനിന്ന് ഏറ്റെടുത്തത്. മൺറോതുരുത്ത് പഞ്ചായത്തിലെ 33പേരുടെയും പടിഞ്ഞാറെ കല്ലടയിലെ ഏഴുപേരുടെയും ഭൂമി ഏറ്റെടുത്തു. നിർദിഷ്ട കണ്ണങ്കാട്ടുകടവ് പാലത്തിന്റെ നീളം 136 മീറ്ററാണ്. വീതി 7.5 മീറ്റർ. ഇരുവശത്തായി ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കും. ഇതോടെ പാലത്തിന്റെ ആകെ വീതി 10.5 മീറ്ററാകും. മൺറോതുരുത്തിൽ 550 മീറ്ററിലും പടിഞ്ഞാറെകല്ലടയിൽ 200 മീറ്ററിലുമാണ് അപ്രോച്ച് റോഡ്. അഷ്ടമുടിക്കായലിനുകുറുകെ പെരുമൺ പാലവും കല്ലടയാറിന് കുറുകെ കണ്ണങ്കാട്ടുകടവ് പാലവും വരുന്പോൾ കൊല്ലം, കുന്നത്തൂർ താലൂക്ക് നിവാസികൾക്ക് യാത്രയിൽ കിലോമീറ്ററുകൾ ലാഭിക്കാം. കൊല്ലത്തുനിന്ന് അഞ്ചാലുംമൂട് വഴിവരുന്ന യാത്രക്കാർക്ക് വേഗത്തിലും കുറഞ്ഞ ചെലവിലും ശാസ്താംകോട്ട, അടൂർ, ചാരുംമൂട് ഭാഗത്തേക്ക് പോകാം. മൈനാഗപ്പള്ളി, തേവലക്കര, ശാസ്താംകോട്ട, പടിഞ്ഞാറെകല്ലട നിവാസികൾക്ക് പത്തു കിലോമീറ്ററിലേറെ ലാഭിച്ച് ജില്ലാ ആസ്ഥാനത്ത് എത്താനും കഴിയും.









0 comments