ഉന്നതികളിലെ ക്ഷേമപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം
വേണം ഒരു ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസ് കൂടി


സ്വന്തം ലേഖകൻ
Published on Jul 08, 2026, 02:24 AM | 1 min read
കൊല്ലം
ആദിവാസികൾ പാർക്കുന്ന ഉന്നതികളിൽ വികസന ക്ഷേമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കുറവുകൾ പരിഹരിക്കാനും ഒരു ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസ് കൂടി ആരംഭിക്കാൻ എൽഡിഎഫ് സർക്കാർ തുടങ്ങിയ നടപടിക്ക് തുടർച്ചയില്ല. രണ്ട് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ തസ്‌തിക പുതുതായി സൃഷ്ടിച്ച് ഇൗ വർഷം മാർച്ച് 14ന് പട്ടികജാതി –വർഗ വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ ഒരെണ്ണം കൊല്ലം പിറവന്തൂരിലും മറ്റൊന്ന് പാലക്കാട് ജില്ലയിലുമാണ്. നിലവിൽ ജില്ലയിൽ കുളത്തൂപ്പുഴയിലാണ് ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസുള്ളത്. 33 ഉന്നതികളിലായി ഏകദേശം 1342 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതുമൂലം ഫീൽഡ് ഓഫീസർമാർക്ക് എല്ലാ ഉന്നതികളിലും സമയബന്ധിതമായി എത്തിച്ചേരാൻ കഴിയുന്നില്ല. പ്രൊമോട്ടർമാരുടെ പ്രവർത്തനവും നേരിട്ട് വിലയിരുത്താൻ സാധിക്കാതെ വരുന്നു. ഇത് പരിഹരിക്കാൻ കിഴക്കൻ മേഖലയിൽ ഒരു ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസ് കൂടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസർ തസ്‌തിക സൃഷ്ടിച്ച് ഓഫീസ് പിറവന്തൂരിൽ തുടങ്ങാനാണ് പരിഗണിച്ചിരുന്നത്. ആദിവാസി വിഭാഗത്തിലെ മലപ്പണ്ടാരം വിഭാഗം തിങ്ങിപ്പാർക്കുന്ന അച്ചൻകോവിൽ, മുള്ളുമല ഉന്നതികൾ പുതിയ എക്‌സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്താനും ചിതറ, കുളത്തൂപ്പുഴ, തെന്മല, കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ മേഖലകളിലെ ഉന്നതികളെ കുളത്തൂപ്പുഴ ഓഫീസിന്റെ പരിധിയിൽ നിലനിർത്താനും ആയിരുന്നു ആലോചന. എന്നാൽ, ഇതിന്റെ തുടർ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരാനും നടപടി ഉണ്ടായിട്ടില്ല. ഭാരക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗമില്ലെന്നും സഹായം ലഭിക്കുന്നില്ലെന്നുമുള്ള അച്ചൻകോവിൽ ഉന്നതിയിലെ അഞ്ജുവിന്റെ പരാതി വലിയ വാർത്തയായിരുന്നു. പ്രൊമോട്ടർ, ആരോഗ്യ പ്രവർത്തകർ, ആശവർക്കർ, പഞ്ചായത്ത് എന്നിവയുടെ ഇടപെടൽ ഉന്നതികളിൽ എത്തുന്നുണ്ടോ എന്ന വിലയിരുത്തലിന് ഫീൽഡ് ഓഫീസറുടെ സാന്നിധ്യം ആവശ്യമാണ്.











0 comments