ദേശീയപാതയിൽ തെന്മല റോഡിലേക്ക് മരംവീണു; 3മണിക്കൂർ ഗതാഗതം മുടങ്ങി

പുനലൂർ
കൊല്ലം-– തിരുമംഗലം ദേശീയപാതയിൽ തെന്മല പത്തേക്കറിൽ കൂറ്റൻ മരംവീണ് മൂന്നുമണിക്കൂർ ഗതാഗതം മുടങ്ങി. മരംവീണ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനങ്ങൾ ഡാം റോഡിലൂടെ തിരിച്ചുവിട്ടു. ദേശീയപാതയ്‌ക്ക് സമീപം ചുവട് ദ്രവിച്ചുനിന്ന പാലമരമാണ് വ്യാഴം പകൽ രണ്ടരയോടെ പാതയ്‌ക്ക് കുറുകെ വീണത്. അപകടകരമായ മരം മുറിച്ചുമാറ്റാൻ പരിസരവാസികൾ ഒരുവർഷം മുമ്പ് വനം അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, മരം എൻഎച്ചിന്റെ അധീനതയിലാണെന്നു പറഞ്ഞ് മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറായില്ല. മരം മുറിച്ചുമാറ്റാൻ എത്തിയ അഗ്നിരക്ഷാസേനയെ സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി എസ് മണി, പഞ്ചായത്ത് അംഗം എസ് ആരോമൽ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു. സമീപം നിൽക്കുന്ന അപകടാവസ്ഥയിലുള്ള മുഴുവൻ മരങ്ങളും മുറിച്ചുമാറ്റണം എന്ന് ആവശ്യപ്പെട്ടു. എൻഎച്ച്, തെന്മല പൊലീസ്, വനം അധികൃതരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉടനെ അപകടാവസ്ഥിലുള്ള മരങ്ങൾ മുറിച്ചുമാറ്റാമെന്ന് സമരക്കാർക്ക് ഉറപ്പുനൽകി. തുടർന്ന് പാതയ്‌ക്കു കുറുകെ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.









0 comments