Deshabhimani

print edition വിലക്കയറ്റത്തിന്റെ ഭാരവും പലിശയുടെ പ്രഹരവും

deshabhimani editorial
വെബ് ഡെസ്ക്

Published on Oct 09, 2026, 01:30 AM | 2 min read

ഇതിനകംതന്നെ ഭക്ഷ്യവസ്‌തുക്കൾ, ഇന്ധനം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ചെലവുകൾ വർധിച്ചതിനാൽ വായ്പ തിരിച്ചടവിന്റെ അധികഭാരം കുടുംബങ്ങളുടെ പരിമിത സമ്പാദ്യത്തെയും ശോഷിപ്പിക്കും. ഇത്‌ നിക്ഷേപത്തെയും ഉപഭോഗത്തെയും മന്ദഗതിയിലാക്കാം


മൂന്നരവർഷത്തിനുശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് അഥവാ 0.25 ശതമാനം ഉയർത്തിയിരിക്കുകയാണ്‌. നിരക്ക്‌ 5.25ൽനിന്ന്‌ 5.50 ശതമാനമാക്കിയതിനെ പണനയ തീരുമാനം മാത്രമായി കാണാനാകില്ല. അത് കുടുംബ ബജറ്റുകളെയും വ്യവസായനിക്ഷേപത്തെയും വിപണിയിലെ ആവശ്യകതയെയും പ്രതികൂലമായി ബാധിക്കുന്നതിന്‌ ഇടയാക്കും.


ആദ്യ ആഘാതം ഏറ്റുവാങ്ങുന്നത് വായ്പയെടുത്ത് വീടുണ്ടാക്കുന്ന കുടുംബം, വാഹനവായ്പയെടുത്ത യുവജനം, ചെറിയ സംരംഭം നടത്തുന്ന വ്യാപാരി, ഉപഭോഗച്ചെലവ് ചുരുക്കേണ്ടിവരുന്ന ഇടത്തരക്കാരൻ തുടങ്ങിയവരാണ്‌. റിപ്പോ നിരക്ക് ഉയർത്തുന്പോൾ വായ്പകളുടെ പലിശയും ഉയരുന്നതാണ്‌ കാരണം. റിസർവ്‌ ബാങ്ക്‌ പ്രഖ്യാപനം വന്നതിനുപിന്നാലെതന്നെ ബാങ്കുകൾ വായ്‌പയുടെ പലിശ ഉയർത്തിത്തുടങ്ങി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ തിരിച്ചടവ് അടുത്ത മാസംമുതൽ വർധിക്കും.


ഇതിനകംതന്നെ ഭക്ഷ്യവസ്‌തുക്കൾ, ഇന്ധനം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങി ചെലവുകൾ വർധിച്ചതിനാൽ വായ്പ തിരിച്ചടവിന്റെ അധികഭാരം കുടുംബങ്ങളുടെ പരിമിത സമ്പാദ്യത്തെയും ശോഷിപ്പിക്കും. ഇത്‌ നിക്ഷേപത്തെയും ഉപഭോഗത്തെയും മന്ദഗതിയിലാക്കാം. അതുവഴി വിപണിയിലെ ആവശ്യകത കുറയുകയും സാമ്പത്തികപ്രവർത്തനം വീണ്ടും മന്ദഗതിയിലാവുകയും ചെയ്യും.

​

പലിശനിരക്ക്‌ ഉയർത്തിയതിലൂടെ രാജ്യത്ത്‌ വിലക്കയറ്റം രൂക്ഷമാണെന്ന്‌ മോദിസർക്കാർ സമ്മതിച്ചിരിക്കുകയാണ്‌. പണപ്പെരുപ്പം നാലുശതമാനത്തിൽ താഴെയായി പിടിച്ചുനിർത്താനാണ്‌ റിസർവ്‌ ബാങ്ക്‌ ലക്ഷ്യമിട്ടിരുന്നത്‌. ആഗസ്‌ത്‌ മാസത്തിൽ 4.82 എന്ന നിരക്കിലേക്ക് ഉയർന്ന പണപ്പെരുപ്പം ഇ‍ൗ മാസത്തെ പ്രഖ്യാപനത്തിൽ അഞ്ചുശതമാനത്തിലേറെയാകുമെന്നാണ് പല ഏജൻസികളുടെയും മുന്നറിയിപ്പ്‌. ഒക്ടോബർ, നവംബർ മാസങ്ങളിൽ പണപ്പെരുപ്പം 6.5 ശതമാനത്തിലെത്തും.


ഇ‍ൗ സാന്പത്തികവർഷത്തെ ശരാശരി പണപ്പെരുപ്പനിരക്ക് 5.8 ശതമാനമാകുമെന്ന് റിസർവ് ബാങ്ക്‌തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മൺസൂൺ മഴയിൽ ഉണ്ടായിരിക്കുന്ന വൻ കുറവും എൽ നിനോ പ്രതിഭാസവും കാർഷികോൽപ്പാദനത്തെ ബാധിച്ചിട്ടുണ്ട്; പ്രത്യേകിച്ച് ഭക്ഷ്യോൽപ്പന്നങ്ങളെ. അതുകൊണ്ട് തുടർന്നുള്ള മാസങ്ങളിൽ സമസ്തമേഖലകളും രൂക്ഷമായ വിലക്കയറ്റത്തിന്റെ പിടിയിലായിരിക്കും.


ഇത്‌ കടുത്ത പ്രതിസന്ധിയിലേക്കാണ്‌ സന്പദ്‌വ്യവസ്ഥയെ എത്തിക്കുക. മോദിസർക്കാരിന്റെ സാന്പത്തികനയത്തിന്റെ വൻപരാജയമാണ്‌ വ്യക്തമാക്കുന്നത്. പണനയംകൊണ്ടുമാത്രമായി വിലക്കയറ്റത്തെ നിയന്ത്രിക്കുകയെന്നത്‌ അശാസ്‌ത്രീയ സമീപനമാണ്‌. സർക്കാരിന്റെ ശക്തമായ വിപണി ഇടപെടലാണ്‌ വേണ്ടത്‌. എന്നാൽ, എല്ലാം വിപണിക്ക്‌ വിട്ടുകൊടുത്തുകൊണ്ട്‌ വെറും കാഴ്‌ചക്കാരായി മാറിനിൽക്കുകയാണ്‌ കേന്ദ്രസർക്കാർ.

​

ഡോളറിനെതിരെ രൂപ ദുർബലപ്പെടുന്നതും കയറ്റുമതി കുറയുന്നതും വ്യാപാര കമ്മിയും വിദേശകടവും കുതിച്ചുയരുന്നതും ഓഹരിവിപണിയിൽനിന്ന്‌ വിദേശനിക്ഷേപകരുടെ പിന്മാറലും സന്പദ്‌വ്യവസ്ഥയുടെ പരിതാപകരമായ നില വ്യക്തമാക്കുന്നു. സാന്പത്തികമേഖല കടുത്ത പ്രതിസന്ധി നേരിടുന്പോഴും റിസർവ്‌ ബാങ്ക്‌ അവകാശപ്പെടുന്നത് നടപ്പ് സാമ്പത്തികവർഷം 7.1 ശതമാനം ജിഡിപി വളർച്ചയുണ്ടാകുമെന്നാണ്.


ഇന്ത്യയുടെ വളർച്ചക്കണക്കുകൾക്ക് യാഥാർഥ്യവുമായി ബന്ധമില്ലെന്ന വിമർശം നിലനിൽക്കുമ്പോഴും വമ്പൻ വളർച്ചക്കണക്കുകൾ പ്രഖ്യാപിക്കുകയാണ്‌ റിസർവ് ബാങ്കും. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ നടപ്പ്‌ സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ 7.8 ശതമാനം വളർച്ച കൈവരിച്ചുവെന്ന മോദിസർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന്‌ കണക്കുകൾ നിരത്തി സാന്പത്തിക വിദഗ്‌ധർ തെളിയിച്ചതാണ്‌.


സർക്കാർ റിപ്പോർട്ടിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത് രംഗത്തെത്തിയത്‌ മോദിസർക്കാരിന്റെ കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ് തന്നെയായിരുന്നു. കണക്കിൽ കൃത്രിമം കാട്ടിയാണ്‌ 7.8 ശതമാനം വളർച്ചയെന്ന അവകാശവാദം ഉന്നയിച്ചത്‌. യഥാർഥത്തിൽ വളർച്ച 2.6 ശതമാനംമാത്രമാണെന്നായിരുന്നു ഗാർഗിന്റെ വിലയിരുത്തൽ. സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവുമായ കൗശിക് ബസുവും നിക്ഷേപനിരക്കിലെ ഇടിവും ഉൽപ്പാദനമേഖലയിലെ കണക്കുകളിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

​

സാമ്പത്തികവളർച്ചയുടെ ലക്ഷ്യം സ്ഥിതിവിവരക്കണക്കുകളിലെ ഉയർച്ചമാത്രമല്ല; മനുഷ്യരുടെ ജീവിതനിലവാരം ഉയർത്തലുമാണ്. ജിഡിപി സമ്പദ്‌വ്യവസ്ഥയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വസ്തുക്കളുടെയും സേവനങ്ങളുടെയും മൂല്യം അളക്കുന്നു. പക്ഷേ, കുടുംബങ്ങളുടെ ജീവിതനിലവാരം അതുകൊണ്ടുമാത്രം അളക്കാനാകില്ല. തൊഴിൽ ലഭിക്കുന്നുണ്ടോ യഥാർഥ വേതനം ഉയരുന്നുണ്ടോ കുടുംബങ്ങളുടെ ഉപഭോഗശേഷി മെച്ചപ്പെടുന്നുണ്ടോ ചെറുകിടസംരംഭങ്ങൾ വളരുന്നുണ്ടോ സ്വകാര്യനിക്ഷേപം ശക്തമാകുന്നുണ്ടോ കയറ്റുമതി മത്സരക്ഷമമാകുന്നുണ്ടോ എന്നാണ്‌ പരിശോധിക്കപ്പെടേണ്ടത്‌. ഇ‍ൗ മേഖലയിലെല്ലാം പിന്നോട്ടുപോക്കാണ്‌. ഇപ്പോഴത്തെ സാഹചര്യത്തിൽ നയരൂപീകരണത്തിന്റെ ലക്ഷ്യം വിലക്കയറ്റം കുറയ്ക്കുക എന്നത് മാത്രമാകരുത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home