ad
Deshabhimani

ട്രോളിങ് നിരോധനം വെള്ളിയാഴ്ച അവസാനിക്കും

വല നിറയെ പ്രതീക്ഷയുമായി 
അവർ കുതിക്കും

ശക്തികുളങ്ങരയിൽ ബോട്ടിലേക്ക് ഐസ് ക്രഷർ ഉപയോഗിച്ച് നിറക്കുന്നു

ശക്തികുളങ്ങരയിൽ ബോട്ടിലേക്ക് ഐസ് ക്രഷർ ഉപയോഗിച്ച് നിറക്കുന്നു

avatar
സ്വന്തം ലേഖിക

Published on Jul 29, 2026, 12:28 AM | 2 min read

കൊല്ലം

അന്പത്തിരണ്ടു ദിവസത്തെ ഇടവേള തീരുന്നു. കടലമ്മയുടെ കനിവും തേടി മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്‌. ജൂൺ ഒന്പതുമുതൽ ആരംഭിച്ച ട്രോളിങ് നിരോധനം വെള്ളി അർധരാത്രി 12ന്‌ അവസാനിക്കും. നിരോധന സമയത്ത്‌ കടലിൽ പോകാതിരിക്കാൻ നീണ്ടകരപ്പാലത്തിന്‌ കുറുകെ കെട്ടിയിരിക്കുന്ന ചങ്ങല അഴിച്ചുമാറ്റുന്നതോടെ ആഘോഷത്തിമിർപ്പിലാകും നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങൾ. ഹാർബറുകളിലും ബോട്ട്‌യാഡുകളിലും ഉടമകളും തൊഴിലാളികളും ചേർന്ന്‌ ബോട്ടുകളിലേക്ക്‌ വലകയറ്റിയും ഐസ്‌ ബ്ലോക്കുകൾ നിറച്ചും വലയെറിയാനുള്ള സജ്ജീകരണങ്ങള്‍ പൂർത്തിയാക്കി. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ, നിറംപൂശൽ, അടിഭാഗത്തെ ശംഖ്‌ നീക്കംചെയ്യൽ, വല അറ്റകുറ്റപ്പണികൾ, കയറുകൾ ബലപ്പെടുത്തൽ തുടങ്ങി എല്ലാ ഒരുക്കങ്ങളും ആഴ്‌ചകൾക്കുമുമ്പേ പൂർത്തിയാക്കിയിരുന്നു. രജിസ്‌ട്രേഷൻ, ലൈസൻസ്‌ തുടങ്ങിയ നടപടികളും തീർത്തു. ​ കണവയാൽ നിറയും ട്രോളിങ്‌ നിരോധന കാലയളവിൽ പരന്പരാഗത തൊഴിലാളികൾക്ക്‌ കാര്യമായി മീൻ ലഭിച്ചതിനാൽ വൻ പ്രതീക്ഷയിലാണ്‌ ബോട്ടുകൾ കടലിറങ്ങുന്നത്‌. സാധാരണ കരിക്കാടിയാണ്‌ ഏറ്റവും കൂടുതൽ ലഭിച്ചിരുന്നതെങ്കിൽ ഇക്കുറി കണവയാകും വലനിറയ്‌ക്കുന്നതെന്ന നിഗമനത്തിലാണ്‌ ബോട്ട്‌ ഉടമകളും തൊഴിലാളികളും. ഒരാഴ്‌ചയായി കുളച്ചൽ, കന്യാകുമാരി തീരങ്ങളിൽനിന്ന്‌ കടലിൽപോയ ബോട്ടുകൾക്ക്‌ ശരാശരി 15ലക്ഷം രൂപയുടെ കണവ ലഭിച്ചത്‌ പ്രതീക്ഷയേറ്റുന്നു. കണവയ്‌ക്ക്‌ പൊന്നുംവിലയായത് ഇരട്ടി സന്തോഷം നല്‍കും. പേക്കണവ കിലോ വില 550– 600രൂപയും ഓലക്കണവ 650ന്‌ മുകളിലുമായിരുന്നു കുളച്ചൽ വില. മഴ കുറവായതിനാൽ കരിക്കാടി അടക്കമുള്ള ചെമ്മീൻ ഇനങ്ങൾ കുറവായിരിക്കുമെന്ന്‌ തൊഴിലാളികൾ പറയുന്നു. അതിഥിത്തൊഴിലാളികൾ സജീവം ട്രോളിങ്‌ നിരോധനം തുടങ്ങുന്നതിന്‌ ഏതാനും ദിവസം മുന്പ്‌ തന്നെ നാട്ടിലേക്കു മടങ്ങിയ അതിഥിത്തൊഴിലാളികളിൽ 80ശതമാനംപേരും തിരികെ എത്തി. അസം, ഗുജറാത്ത്‌, പശ്ചിമബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണ്‌ ഏറെയും. ഐസ്‌ പ്ലാന്റുകളിൽ ജോലിചെയ്യുന്ന അസമിൽനിന്നുള്ള തൊഴിലാളികൾ ഇ‍ൗ മാസം ആദ്യം തന്നെ എത്തിയിരുന്നു. ഇതോടെ ഹോട്ടലുകളും സജീവമായി.


ബോട്ടുകളിൽ ഐസ്‌ നിറയ്‌ക്കൽ തകൃതി

ഒന്നര മാസമായി പൂട്ടിയിട്ടിരുന്ന ഐസ്‌ പ്ലാന്റുകൾ വീണ്ടും സജീവമായി. ഒരാഴ്‌ചയായി ബോട്ടുകളിൽ ഐസ്‌ നിറയ്‌ക്കൽ തുടങ്ങിയിട്ട്‌. 50–80കിലോ വീതമുള്ള 200– 450 ഐസ്‌ ബ്ലോക്കുകളാണ്‌ ഓരോ ബോട്ടിനും വേണ്ടത്‌. ഹാർബർ ഉണരുന്നതോടെ പീലിങ്‌ ഷെഡുകൾ, മീൻ വിതരണക്കാർ തുടങ്ങിയവർക്ക് ഐസ്‌ വേണ്ടതിനാൽ തിരക്ക്‌ ഒഴിവാക്കാൻ നേരത്തെതന്നെ ഐസ്‌ നിറയ്‌ക്കണമെന്ന്‌ ബോട്ടുടമകളോട്‌ പ്ലാന്റ്‌ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. കായൽ തീരത്തുള്ള പ്ലാന്റകൾക്ക്‌ മുന്പിൽ വരിനിന്നാണ്‌ മിക്ക ബോട്ടുകളും ഐസ്‌ നിറയ്‌ക്കുന്നത്‌. പ്ലാന്റിൽനിന്നു ബോട്ടിന്റെ ഐസ്‌ സംഭരണിയിലേക്ക്‌ കൺവെയർ ബൽറ്റുവഴിയാണ്‌ ഐസ്‌ എത്തിക്കുന്നത്‌. ആഴക്കടലിൽ ഒരാഴ്‌ച തങ്ങുന്ന ബോട്ടുകളിൽ 350–450 ബ്ലോക്കുകളാണ്‌ കയറ്റുക. ഇന്ധനം നിറയ്‌ക്കുന്നതിനുള്ള പന്പുകളുടെ പ്രവർത്തനവും തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home