മരുന്നും പോഷകാഹാരവുമില്ല
ഉന്നതികളിൽ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും രക്ഷയില്ല

കൊല്ലം
ആദിവാസി ഉന്നതികളിൽ ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മരുന്നും പോഷകാഹാരവും മുടങ്ങിയിട്ട് മാസങ്ങളായി. തദ്ദേശ സ്ഥാപനങ്ങളെ പഴിച്ച് ആരോഗ്യവകുപ്പും പട്ടികവർഗ വികസന വകുപ്പും കൈയൊഴിയുകയാണ്. സർക്കാർ പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കുകയും സമയത്ത് വിഹിതം നൽകാത്തതിനെയും തുടർന്ന് പല തദ്ദേശ സ്ഥാപനങ്ങളും നടപ്പാക്കിവന്നിരുന്ന പദ്ധതികളുടെ എണ്ണം കുറച്ചിരുന്നു. വൈറ്റമിൻ എ തുള്ളിമരുന്ന് പൂർണമായും നിലച്ചു. ഒന്പതുമാസം മുതൽ മൂന്നര വയസ്സുവരെ കുഞ്ഞുങ്ങൾക്ക് ആറുമാസം കൂടുന്പോൾ നൽകുന്നതാണ് വൈറ്റമിൻ എ തുള്ളിമരുന്ന്. ജില്ലയിൽ ഒരു സർക്കാർ ആശുപത്രിയികളിലും ഇത് കിട്ടാനില്ല. എന്നാൽ, സ്വകാര്യ ആശുപത്രികളിൽ സുലഭമാണ് താനും. സ്വകാര്യ ആശുപത്രിയിൽ കിട്ടുമെന്ന മറുപടിയാണ് ചില ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ എത്തുന്നവരോട് പറയുന്നത്. വൈറ്റമിൻ എ ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. ആദിവാസികൾ കൂടുതലും ആശ്രയിക്കുന്ന പുനലൂർ താലൂക്കാശുപത്രിയിലും അഞ്ചൽ, കുളത്തൂപ്പുഴ, ചിതറ, കടമാൻകോട് തുടങ്ങിയയിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ല. പോഷകാഹാര കിറ്റിന്റെ കാര്യത്തിൽ, ഇതൊന്നും ഞങ്ങളുടെ ഉത്തരവാദിത്വമില്ലെന്ന വാദത്തിലാണ് പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥർ. ഉന്നതികളിൽ ജീവതജന്യ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മരുന്ന് വിതരണവും നിലച്ചു. പട്ടികവർഗ വകുപ്പിന്റെ സഹകരണത്തിൽ ആരോഗ്യവകുപ്പ് നടത്തുന്ന മെഡിക്കൽ ക്യാന്പും പ്രഹസനമാണ്. ഡോക്‌ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഉന്നതികളിൽ ക്യാന്പ് നടത്തുമെങ്കിലും മരുന്ന് നൽകുന്നില്ല. മരുന്ന് ക്ഷാമത്തെ തുടർന്നാണ് വിതരണം മുടങ്ങിയിരിക്കുന്നത്. ഡോക്‌ടർമാർ ഉന്നതി നിവാസികളെ പരിശോധിച്ചശേഷം കുറിപ്പെഴുതിക്കൊടുത്ത് സ്ഥലംവിടുകയാണ്. മെഡിക്കൽ സ്‌റ്റോറുകളിലെ മരുന്നുവില ആദിവാസികൾക്ക് താങ്ങാൻ കഴിയാത്തതുകൊണ്ടാണ് ക്യാന്പുകൾ സംഘടിപ്പിക്കുന്നത്. എന്നാൽ, മെഡിക്കൽ ക്യാന്പും പേരിനുവേണ്ടി മാത്രമായി. വിവിധ ഉന്നതികളിൽ പനി ബാധിതരുടെ എണ്ണം ഏറുകയാണ്.









0 comments