Deshabhimani

വളർത്തുമൃഗങ്ങളെ വെടിവച്ച് ഇറച്ചി വിൽപ്പന

 പ്രതിയുമായി തെളിവെടുപ്പ് നടത്തി

എണ്ണപ്പന തോട്ടത്തിൽ മേയാൻ വിടുന്ന കന്നുകാലികളെ വെടിവച്ച് 
ഇറച്ചി വിൽപ്പന നടത്തിവന്ന സംഘത്തിലെ ഷൈജുവിനെ വനംവകുപ്പ് 
ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
വെബ് ഡെസ്ക്

Published on Oct 31, 2026, 12:02 AM | 1 min read

അഞ്ചൽ

വളർത്തുമൃഗങ്ങളെ വെടിവച്ച് ഇറച്ചി വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ട പ്രതിയുമായി അഞ്ചൽ വനം റേഞ്ച് അധികൃതർ തെളിവെടുപ്പ് നടത്തി. ഏരൂർ പൊലീസ് അറസ്റ്റ്ചെയ്ത ഇളവറാംകുഴി അഭിമന്യു ഭവനിൽ ഷൈജുവിനെയാണ് വനപാലകർ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനായി എണ്ണപ്പന തോട്ടത്തിൽ എത്തിച്ചത്. ഏരൂർ ഓയിൽ പാം എണ്ണപ്പനത്തോട്ടത്തിൽ തീറ്റതേടാൻ അഴിച്ചുവിടുന്ന വളർത്തുമൃഗങ്ങളെ നാടൻ തോക്ക് ഉപയോഗിച്ച് വേട്ടയാടുന്ന സംഘത്തിലെ പ്രധാനിയാണ് ഷൈജു. വെടിയേറ്റ് ചത്ത കാളയുടെ ജഡം കണ്ടെത്തിയ ഏരൂർ എണ്ണപ്പനത്തോട്ടത്തിലെ സി ഡിവിഷൻ ഈട്ടിപതാലിലും പ്രതികൾ ഒളിവിൽ കഴിയുകയും വെടിക്കോപ്പുകൾ സൂക്ഷിക്കുകയും ചെയ്തിരുന്ന ആളൊഴിഞ്ഞ ക്വാട്ടേഴ്സിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തോട്ടത്തിലേക്ക് പ്രവേശിക്കാൻ സുരക്ഷാജീവനക്കാരില്ലാത്ത വിളക്കുപാറ ഓസ്‌കാർ ജങ്ഷനിലെ കൊച്ചുകുളം പാതയാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്ന് തെളിവെടുപ്പിൽ വ്യക്തമായി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ കാറിൽ ഒളിപ്പിച്ചിരുന്ന ഇറച്ചിവെട്ടാൻ ഉപയോഗിക്കുന്ന ആയുധങ്ങളും വനപാലകർ കണ്ടെടുത്തു. ​കേസിലെ രണ്ടാം പ്രതിയായ ഏരൂർ മണലിൽ പറമ്പയ്യത്ത് വീട്ടിൽ സജുസാബുവിനെ (27)രണ്ടു ദിവസം മുമ്പ് പൊലീസ് പിടികൂടി റിമാൻഡ്‌ ചെയ്തിരുന്നു. ഇയാളെക്കൂടി ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. പ്രതികൾക്ക് നാടൻ തോക്കുകൾ നിർമിച്ച് നൽകുന്ന സംഘങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് അഞ്ചൽ വനം റേഞ്ച് ഓഫീസർ പറഞ്ഞു. കുളത്തൂപ്പുഴ കളംകുന്ന് സെക്‍ഷനിലെ ഫോറസ്റ്റർമാരായ ജി സജീഷ്‍കുമാർ, ജി ശ്രീകുമാർ, ബിഎഫ്ഒമാരായ രാജേഷ്, രമ്യ എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home