ad
Deshabhimani

ആഴക്കടലിന്റെ സുതാര്യ അത്ഭുതം

ടെലിസ്കോപ്പ് ഓക്ടോപസ്

ടെലിസ്കോപ്പ് ഓക്ടോപസ്

avatar
പി ആർ ദീപ്തി

Published on Feb 07, 2026, 12:57 AM | 1 min read

കൊല്ലം

കണ്ണാടിപോലെ സുതാര്യം, മാംസപ്പശപോലെയുള്ള ശരീരം, താറാവിന്റെ തോൽപ്പാദം പോലെ ചർമത്താൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട കുടപോലെ വ്യാപിക്കുന്ന കൈകൾ, മധ്യജലജീവിതത്തിന് അനുയോജ്യമായതും അന്യഗ്രഹജീവികളെ ഓർമിപ്പിക്കുന്നതുമായ നീണ്ട കുഴൽ രൂപത്തിലുള്ള ദൂരദർശിനി കണ്ണുകൾ. രാജ്യത്തെ കടലിൽ ആദ്യമായി കണ്ടെത്തിയ ‘ടെലിസ്കോപ്പ് ഓക്ടോപസ്’(Amphitretus pelagicus) എന്ന അപൂർവ ആഴക്കടൽ നീരാളി. രൂപപരിശോധനയും ഡിഎൻഎയും സംയോജിപ്പിച്ചുള്ള ജനിതക പരിശോധനയിൽ ‘Amphitretus pelagicus’ എന്ന ഇനമായി സ്ഥിരീകരിച്ചതോടെ ഇന്ത്യ ഇടംപിടിച്ചത്‌ ടെലിസ്‌കോപ്‌ ഓക്ടോപസിന്റെ ആഗോളവിതരണ ഭൂപടത്തിൽ. അന്താരാഷ്ട്ര അംഗീകാരമുള്ള സ്‌പ്രിങർ പ്രസാധകരുടെ ‘റഷ്യൻ ജേണൽ ഓഫ്‌ മറൈൻ ബയോളജി’ ശാസ്ത്രജേണലിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. 2024 ഫെബ്രുവരി അഞ്ചിന്‌ ലക്ഷദ്വീപ് കടലിൽ 265മീറ്റർ ആഴത്തിൽ ആഴക്കടൽ പുല്ലൻ ചെമ്മീൻ പിടിക്കുന്നതിനായി നടത്തിയ ട്രോളിങ്ങിലാണ്‌ ഇത്‌ വലയിൽപ്പെട്ടത്‌. 15.5സെന്റിമീറ്റർ ഉടലുള്ള വളർച്ചയെത്താത്ത ഒരു ആൺ നീരാളിയെ കൊല്ലം ശക്തികുളങ്ങര തുറമുഖത്ത്‌ എത്തിച്ച വിവരം മത്സ്യവ്യവസായി ജാക്‌സൺ കന്നിട്ടയിൽ ആയിരുന്നു ഗവേഷകരുടെ ശ്രദ്ധയിൽപ്പെടുത്തിയത്‌. ഫാത്തിമ മാതാ നാഷണൽ കോളേജ് സുവോളജി വിഭാഗം മേധാവി ഡോ. പി ജെ സർലിൻ നയിച്ച ഗവേഷകസംഘത്തിൽ പി ജോസഫ്, സാൻസിയ മോറിസ്, സാൻഡി മോറിസ്, വ്യാചസ്ലാവ് ബിസികോവ്, ലിജിൻ ഗോപി എന്നിവർ സഹഗവേഷകരായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home