പ്രതീക്ഷയോടെ തീരം

ട്രോളിങ് നിരോധനത്തിനു ശേഷം കടലിൽപോയി തിരികെവന്ന ബോട്ടുകളിൽനിന്ന് മീൻ ഇറക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം ഫോട്ടോ: എം എസ് ശ്രീധർലാൽ
സ്വന്തം ലേഖകന്‍.....
Published on Aug 03, 2026, 12:47 AM | 2 min read
ചവറ
അന്പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനത്തിനുശേഷം നീറ്റിലിറക്കിയ ബോട്ടുകൾക്ക് രണ്ടാം ദിനത്തിൽ കിട്ടിയത് കിളിമീനും കണവയും മാത്രം. ശക്തമായ കാറ്റും മഴയും തിരമാലകളുടെയും വെല്ലുവിളി നേരിട്ട് കടലിലേക്ക് പോയ നാൽപ്പതോളം വലിയ ബോട്ടുകൾ കടലിൽ ഇറങ്ങിയെങ്കിലും പണി തുടങ്ങാൻ കഴിഞ്ഞില്ല. 30 ബോട്ട് തുറമുഖത്തേക്ക് മടങ്ങി പുലിമൂട്ടിൽ സുരക്ഷിതമായി നങ്കൂരമിട്ടു. തുടർന്ന് ശനി, ഞായർ ദിവസങ്ങളിലായിട്ടാണ് കൂടുതൽ ബോട്ടുകൾ പോയിത്തുടങ്ങിയത്. ആഴക്കടൽ മീൻപിടിത്തത്തിനായി പുറപ്പെട്ട ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ ഹാർബറുകളിൽനിന്നുള്ള ബോട്ട് ഉൾപ്പെടെയുള്ള യാനങ്ങളാണ് തീരത്ത് തിരിച്ചെത്തിയത്. വലിയ ബോട്ടുകളിലായി വലിയ കിളിമീനും വെള്ള കണവയും ലഭിച്ചു. കാലവസ്ഥ അനുകൂലമായാൽ ജില്ലയിലെ തീരദേശം തിങ്കളാഴ്ചയോടെ സജീവമാകുമെന്നും കൂടുതൽ മീന്‍ ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. കിളിക്ക് 200, കണവയ്ക്ക് 500 ഞായറാഴ്ച രാവിലെ ഹാർബറുകളിലെത്തിയ കിളിമീൻ, കണവ എന്നിവ പ്ലാസ്റ്റിക് കൊട്ടയ്ക്ക് ലേലം വിളിച്ചും തൂക്കത്തിലുമാണ് വിൽപ്പന നടത്തിയത്. വലിയ കിളിമീന് കിലോ 200മുതൽ 250വരെ വില വന്നു. കണവയ്‌ക്ക് 500വരെ ലഭിച്ചു. ചെറിയ കിളിമീന് കിലോ 150മുതൽ 160രൂപ വരെയാണ് വിൽപ്പന നടന്നത്. രണ്ടുമുതൽ രണ്ടരലക്ഷം രൂപ വരെ ലഭിച്ച ബോട്ടുകൾക്ക് 50,000രൂപ വരെ ചെലവാണ് ഉണ്ടായത്. വലിയ ബോട്ടുകൾക്കാണ് കൂടുതല്‍ കിളിമീൻ ലഭിച്ചത്. പുറംകടലിൽ ദിവസങ്ങൾ തങ്ങി ട്രോളിങ് നടത്തുന്ന വലിയ ബോട്ടുകൾ തിരിച്ചെത്താൻ നാലുമുതൽ ഏഴുദിവസം വരെ എടുക്കും. വലിയ ബോട്ടുകളിൽനിന്നു കരിക്കാടി, കഴന്തൻ, നാരൻ, വലിയ അയല, കൊഴിയാള ഉൾപ്പെടെയുള്ളവ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകളും തൊഴിലാളികളും.പുറംകടലിൽ മീൻപിടിത്തം നടത്തുന്ന വലിയ ബോട്ടുകൾക്ക് ഡീസൽ, ഐസ്, ബാറ്റ, തൊഴിലാളികളുടെ ഭക്ഷണം ഉൾപ്പെടെയുള്ള ചെലവ് വരുമെന്ന് ബോട്ട് ഉടമകൾ പറയുന്നു. മണ്ണെണ്ണ, ഡീസൽ എന്നിവയുടെ വിലവർധന പ്രതിസന്ധിയാണെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മത്സ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ബോട്ടുകളിൽ കൂടുതലായി അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. ഹാര്‍ബറുകള്‍ സജീവം നിരോധനത്തെതുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന ഹാര്‍ബറുകള്‍ക്ക് സമീപത്തെ കടകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മീന്‍ എടുക്കാനായി ഇരുഹാർബറുകളിലും നിരവധി വാഹനങ്ങൾ വരുംദിവസങ്ങളില്‍ എത്തും. ആദ്യദിനത്തിൽ എത്തിയ പലർക്കും മീന്‍ കിട്ടാതെ മടങ്ങേണ്ടി വന്നിരുന്നു. ട്രോളിങ് നിരോധന കാലത്തുണ്ടായ കടങ്ങളെല്ലാം തുടക്കത്തിൽതന്നെ വീട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ഇല്ല, വല നിറഞ്ഞില്ല
സ്വന്തം ലേഖകൻ
കൊല്ലം
കടലിൽ കാറ്റും കോളും ശക്തമായതിനാൽ പ്രതീക്ഷിച്ചപോലെ മീൻപിടിക്കാനാകാതെ ബോട്ടുകൾ മടങ്ങി. ഇതുമൂലം ട്രോളിങ് നിരോധനം കഴിഞ്ഞ് രണ്ടാംദിവസവും ബോട്ടുകൾ കരയിൽ എത്തിയത് ആവേശക്കുറവിൽ. കിളിമീനും കണവയും മാത്രമാണ് വലയിൽ കയറിയത്. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകളിൽ ഞായറാഴ്‌ച ഉണ്ടായിരുന്നതിൽ കൂടുതലും കിളിമീൻ ആയിരുന്നു. അതുകഴിഞ്ഞാൽ കണവയും. കാലാവസ്ഥ തിരിച്ചടിയായതായി മീൻപിടിത്തത്തിൽ ഏർപ്പെട്ട സാനു പറഞ്ഞു. വലിയ ബോട്ടുകൾ മാത്രമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കടലിൽ പോയത്. ഇടത്തരം ബോട്ടുകൾ കടലിൽ ഇറക്കിയില്ല. ദുരന്തസാധ്യതയുണ്ടെന്നും ബോട്ടുകൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും മുന്നറിയിപ്പും ഉണ്ടായിരുന്നു. അന്തരീക്ഷം അങ്ങേയറ്റം അപകടകരമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാട്ടി. ഉൾക്കടലിൽ ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ടുകൾ കറങ്ങിയെന്നും ഇതുമൂലം വലയിട്ട് മീൻപിടിക്കാൻ കഴിഞ്ഞില്ലെന്നും അവർ പറയുന്നു. മഴ കുറഞ്ഞതോടെ ഞായറാഴ്‌ച രാത്രിയിൽ കൂടുതൽ ബോട്ടുകൾ കടലിൽ പോകാൻ സാധ്യതയുണ്ട്.










0 comments