കൊല്ലം ഒരുമിച്ചുപാടി
സമരം പടർന്നു, ജന്തർ മന്തറും

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ജന്തർ മന്തർ പടരും കൊല്ലത്തും: സമരത്തെരുവിലെ പാട്ടും പറച്ചിലും' സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം
യുവതയുടെ സർഗാത്മക സമരത്തിന്റെ നിറങ്ങൾ വരച്ചുകാട്ടി വീപാർക്കിലെ സായാഹ്നം. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന മോദി സർക്കാരിനെതിരെ പാട്ടും വരകളും സംഗീതവുംകൊണ്ട് നാടിന്റെ പ്രതിഷേധം രേഖപ്പെടുത്തി ഡിവൈഎഫ്ഐ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്നവരെ ആക്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെയും ജന്തർ മന്തറിൽ ജനകീയസമരങ്ങൾ നിരോധിച്ച നടപടിക്കെതിരെയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ജന്തർ മന്തർ പടരും കൊല്ലത്തും: സമരത്തെരുവിലെ പാട്ടും പറച്ചിലും' സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. കവി കുരീപ്പുഴ ശ്രീകുമാർ സമരകവിതകൾ ചൊല്ലി. വയലിനിസ്റ്റ് ബാലപ്രസാദിന്റെ "പ്രതിരോധം തീർക്കാം സംഗീതത്തിലൂടെ' വയലിൻ ഫ്യൂഷൻ, അനൂപ്, അജി മൈലക്കാട് എന്നിവരുടെ നാടൻപാട്ട്, പ്രകാശ് കലാകേന്ദ്രം പ്രവർത്തകരുടെ തെരുവുനാടകം എന്നിവ ഉണ്ടായി. ലളിതകലാ അക്കാദമി അവാർഡ് ജേതാവ് സ്മിത എം ബാബു, ആർ ബി ഷജിത്, അമാസ് എസ് ശേഖർ, സംവിധായകൻ എം എ നിഷാദ് തുടങ്ങിയവർ പ്രതിഷേധത്തിന്റെ ഭാഗമായി. ഡൽഹി സമരത്തിൽ പങ്കെടുത്തവർ അനുഭവങ്ങൾ പങ്കുവച്ചു. സമരത്തിൽ പങ്കെടുത്തവരെ കെ എൻ ബാലഗോപാൽ ആദരിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം, സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ജില്ലാ സെക്രട്ടറി ടി ആർ ശ്രീനാഥ്, ട്രഷറർ യു പവിത്ര, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എം ഇക്ബാൽ, ഏരിയ സെക്രട്ടറി എച്ച് ബെയ്സിൽ ലാൽ, അഡ്വ. ഡി സുരേഷ്കുമാർ, ടി പി അഭിമന്യു, അനന്തുപിള്ള, ശ്യാം, ശബരിനാഥ്, ഡോ. വി മിഥുൻ,അമീഷ് ബാബു, കെ സുധീഷ്,എ എ വാഹിദ്, ഐ നിഷാദ്, മനു ദാസ്, ഷൈൻ ബാബു, എൽ ലോയിഡ് എന്നിവർ സംസാരിച്ചു.









0 comments