ad
Deshabhimani

പകർച്ചവ്യാധി ബാധിതരുടെ എണ്ണം കൂടുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 17, 2026, 12:23 AM | 1 min read

കൊല്ലം

ജില്ലയിൽ ഷിഗല്ല, ഡങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, എച്ച്‌വൺ എൻവൺ അടക്കമുള്ള പകർച്ചവ്യാധി ബാധിതരുടെ എണ്ണം വർധിക്കുന്നു. രണ്ടാഴ്‌ചയ്‌ക്കിടെ പനി ബാധിച്ച്‌ മൂന്നുപേരും മഞ്ഞപ്പിത്തം ബാധിച്ച്‌ രണ്ടുപേരും മരിച്ചു. ദിവസംതോറും വൈറൽ പനിബാധിതരുടെ എണ്ണം കുതിക്കുന്നതും ഷിഗെല്ല ബാധ വ്യാപിക്കുന്നതും ആശങ്ക പരത്തുന്നു. എന്നിട്ടും മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ഒരു ആസൂത്രണവും സർക്കാരിന്റെ ഭാഗത്തുനിന്നുമില്ല. ഇടവിട്ടുള്ള ശക്തമായ മഴയും തുടർന്നുണ്ടാകുന്ന കടുത്ത ചൂടും രോഗവ്യാപനം അതിരൂക്ഷമാക്കിയിട്ടും പ്രവർത്തനങ്ങളിൽ വീഴ്ച തുടരുകയാണ്. അതിനിടെ പോരുവഴി സ്വദേശിയായ രണ്ടാം ക്ലാസുകാരന്‌ ഷിഗല്ല സ്ഥിരീകരിച്ചു. ഏഴാം മൈലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയാണ്‌. ജൂൺ മൂന്നിന്‌ കൈകഴുകാൻ സ്‌കൂളിൽ വെള്ളമില്ലാത്തതിനെ തുടർന്ന്‌ ടാങ്കറിൽ വെള്ളം എത്തിച്ചിരുന്നു. ഇ‍ൗ വെള്ളം ഉപയോഗിച്ച കുറച്ച്‌ വിദ്യാർഥികൾക്ക്‌ ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. പോരുവഴി പിഎച്ച്‌ സെന്ററിൽ ചികിത്സ തേടിയ ഇവരിൽ നടത്തിയ പരിശോധനാഫലം കഴിഞ്ഞ ദിവസം ലഭിച്ചതോടെയാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മേലില സ്വദേശിനിയായ വയോധിക ഡങ്കിപ്പനി ബാധിച്ചും കടയ്‌ക്കൽ സ്വദേശി എലിപ്പനി ബാധിച്ചും ഏരൂർ സ്വദേശിയായ അറുപത്തെട്ടുകാരി എച്ച്‌ വൺ എൻ വൺ ബാധിച്ചുമാണ്‌ മരിച്ചത്‌. മഞ്ഞപ്പിത്തം ബാധിച്ച്‌ കൊറ്റങ്കര, ശൂരനാട്‌ നോർത്ത്‌ സ്വദേശിനികളായ വയോധികരാണ്‌ മരിച്ചത്‌. കഴിഞ്ഞ ദിവസം വൈറൽ പനി ബാധിച്ച്‌ 650പേർ ജില്ലയിലെ വിവിധസർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. നഗരത്തിലടക്കം പ്രതിരോധ പ്രവർത്തനം പാളിയതാണ്‌ പനി പടരാൻ കാരണം. പലയിടത്തും ഓവുചാലുകൾ പോലും വൃത്തിയാക്കിയിട്ടില്ല. മാലിന്യനീക്കവും നിലച്ചു. ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും മഴക്കാലപൂർവ ശുചീകരണം പാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home