Deshabhimani

പരിസ്ഥിതിലോല മേഖല

ദുരിതത്തിലാകും, 
ആദിവാസികളുടെ ജീവിതവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2026, 12:35 AM | 1 min read

കൊല്ലം

കേന്ദ്രം പ്രസിദ്ധീകരിച്ച പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന്‌ കിഴക്കൻ മേഖല ഒഴിവായില്ലെങ്കിൽ ആയിരക്കണക്കിന്‌ ആദിവാസി ജനവിഭാഗങ്ങളും ദുരിതത്തിലാകും. 2006ലെ വനാവകാശ നിയമം അട്ടിമറിക്കപ്പെടുന്നതിലൂടെ അനേകം ഉന്നതികളിലെ ആദിവാസികളുടെ ജീവിതം കഷ്ടത്തിലാകും. കുളത്തൂപ്പുഴ, ആര്യങ്കാവ്‌, തെന്മല, ചിതറ പഞ്ചായത്തുകളിലാണ്‌ വന പ്രദേശങ്ങളോട്‌ ചേർന്ന്‌ ഉന്നതികളുള്ളത്‌. വനവിഭവം ശേഖരിച്ചാണ്‌ ആദിവാസികളിൽ പഴയതലമുറ ഇന്നും ജീവിക്കുന്നത്‌. ഇത്‌ അവരുടെ പരന്പരാഗത തൊഴിലാണ്‌. സ്വമേധയാ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകളും കാട്ടുകിഴങ്ങുകളും മരുന്നിന്‌ പറ്റിയ ഒ‍ൗഷധച്ചെടികളും ആദിവാസികൾ പതിറ്റാണ്ടുകളായി ശേഖരിച്ചുവരുന്നു. ഗോത്രവർഗക്കാരുടെ പരന്പരാഗത ഭക്ഷണമാണ്‌ നെടുവാൻകിഴങ്ങ്‌, നൂറാൻകിഴങ്ങ്‌, കവലാൻകിഴങ്ങ്‌, മട്ടുനെടുവാൻ, ചേങ്ക്‌, മീണ്ടക്കിഴങ്ങ്‌, പാറപ്പണ്ടം, നടുനൂലി എന്നിവ. പരിസ്ഥിതിലോല മേഖലയിൽപ്പെട്ടാൽ ഇവയൊന്നും ശേഖരിക്കാനാകില്ല. കൂടാതെ കരക‍ൗശല ഉൽപ്പന്നങ്ങൾക്കായുള്ള മുള, ഇ‍ൗറ്റ, ചൂരൽ എന്നിവ ശേഖരിക്കാനും വനത്തിനുള്ളിൽ കയറുന്നതിന്‌ നിയന്ത്രണമുണ്ടാകും. പരന്പരാഗതമായി ചെയ്‌തുപോരുന്ന കൃഷിയെയും ബാധിക്കും. റബർ കൃഷി ആണ്‌ കൂടുതലും. തോട്ടവിളകളായ കുരുമുളക്‌, കാപ്പി, തെങ്ങ്‌, കമുക്‌ എന്നിവയുടെ കൃഷിക്കും കടുത്ത നിയന്ത്രണം തിരിച്ചടിയാകും. വീടുനിർമാണത്തിനുള്ള തടി, പാറ, മണൽ എന്നിവ ശേഖരിക്കുന്നതും നിരോധിക്കപ്പെടും. ഇപ്പോൾ മുറിച്ചുമാറ്റാൻ അനുവാദമുള്ള മരങ്ങളും വീട്ടാവശ്യത്തിനുപോലും പ്രയോജനപ്പെടുത്താൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഒ‍ൗഷധച്ചെടികൾ ശേഖരിക്കുന്നതിന്‌ വിലക്കുവന്നാൽ ഉ‍ൗരുകളിലും ഉ‍ൗരുകൾക്ക്‌ പുറത്തുമുള്ള പരന്പരാഗത വൈദ്യശാലകൾക്കും പൂട്ടുവീഴും. ഫലത്തിൽ പരിസ്ഥിതിലോല മേഖലയിൽ കേവലം താമസിക്കാമെന്ന വ്യവസ്ഥ മാത്രമാകും അവശേഷിക്കുക. ഇത്‌ ആദിവാസികളുടെ ജീവിതമാകെ തകർക്കപ്പെടും. ജില്ലയിൽ ആകെ 56 ഉന്നതികളിലായി 5033 കുടുംബങ്ങളാണ്‌ 2024ലെ സെൻസസ്‌ പ്രകാരമുള്ളത്‌. ഇതിൽ 756 കുടുംബങ്ങളിലായി 2234 പേരും താമസിക്കുന്നത്‌ കുളത്തൂപ്പുഴ പഞ്ചായത്തിൽ ആണ്‌. ഉപകുടുംബങ്ങളുടെ കണക്ക്‌ ഇതിൽവന്നിട്ടില്ല. കൊളന്തി, കടമാൻകോട്‌, വില്ലുമല, കുഴവിയോട്‌, രണ്ടാംമൈൽ, ചെറുകര തുടങ്ങി പതിമൂന്ന്‌ ഉന്നതികളാണ്‌ കുളത്തൂപ്പുഴയിൽ മാത്രമുള്ളത്‌. ഇതിലേറെയും വന പ്രദേശത്തിനുള്ളിലാണ്‌. പരിസ്ഥിതിലോല മേഖല പട്ടികയിൽനിന്ന്‌ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാക്കിയ റിപ്പോർട്ടിൽ കുളത്തൂപ്പുഴ ഉൾപ്പെടെയുള്ള പഞ്ചായത്തുകളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home