ചങ്കാണ് കുഞ്ഞുമോൻ

കുന്നത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന് കിഴക്കേകല്ലട പഞ്ചായത്തിൽ ബംഗ്ലാംചരുവിൽ നൽകിയ സ്വീകരണത്തിൽ നിന്നും
എം അനിൽ
Published on Mar 30, 2026, 12:35 AM | 2 min read
കുന്നത്തൂർ
കണ്ണേ, കരളേ കൺമണിയേ.. പ്രിയപ്പെട്ട കുഞ്ഞുമോനെ... കിഴക്കേകല്ലട പാറേൽമുക്കിൽ കൂടിനിന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകൂട്ടം മുഷ്‌ടിചുരുട്ടി മുദ്രാവാക്യം വിളിച്ചാണ് കുന്നത്തൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോനെ വരവേറ്റത്. നാടിന്റെ സാരഥിയെ സ്വീകരിക്കാൻ ഗ്രാമവാസികൾ കൂട്ടത്തോടെ വീടുവിട്ടിറങ്ങിവന്നു. കോവൂർ കുഞ്ഞുമോന്റെ സ്വീകരണ പരിപാടി ഞായറാഴ്‌ച വൈകിട്ട് കിഴക്കേകല്ലടയിൽ ആരംഭിച്ചത് ചിറ്റുമലച്ചിറയുടെ തീരത്ത് ബംഗ്ലാചരുവിൽ നിന്നാണ്. ‘ക്ഷേമപെൻഷൻ 3000രൂപയാക്കുമെന്ന് യുഡിഎഫ് പറയുന്നത് തരാനല്ല, ഉള്ളത് മുടക്കാനാണ്. നേരത്തെ കുടിശ്ശികയിട്ട് ഇറങ്ങിപ്പോയവരാണ് അവർ’ – സ്ഥാനാർഥിയുടെ വരവിന് മുന്പുള്ള ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രസംഗം കേട്ടുനിന്ന കശുവണ്ടിത്തൊഴിലാളി കനകമ്മയുടെ വാക്കുകളാണിത്. കോവൂർ കുഞ്ഞുമോനെ ബംഗ്ലാചരുവിലേക്ക് പ്രദേശവാസികൾ സ്വീകരിച്ച് ആനയിക്കുകയായിരുന്നു. ബംഗ്ലാചരുവ് നിവസികൾക്ക് കുഞ്ഞുമോൻ അവരുടെ പ്രിയപ്പെട്ട എംഎൽഎയാണ്. നാടിന്റെ നീണ്ടനാളത്തെ അഭിലാഷമായിരുന്ന ചിറ്റുമൂല –ബംഗ്ലാചരുവ് റോഡ് 15ലക്ഷം രൂപ ചെലവഴിച്ച് വികസിപ്പിച്ചത് കോവൂർ കുഞ്ഞുമോനാണ്. ഇൗ റോഡിന് പുറമെ, സർവീസ് സ്റ്റേഷൻ –അന്പയിലിൽമുക്ക് റോഡ്, ചോതിരം– സിവികെഎം എച്ച്‌എസ് റോഡ്, മൃഗാശുപത്രി –ആറ്റുപറന്പ് റോഡ് എന്നിവ നവീകരിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎ ശുപാർശ ചെയ്ത് മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽനിന്ന് 62ലക്ഷം രൂപ അനുവദിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചർച്ചയാണ്. കിഴക്കേകല്ലടയുടെ യാത്രാ സൗകര്യത്തിൽ വലിയ പ്രാധാന്യമുള്ള മാർത്താണ്ഡപുരം –മൂഴിബണ്ട് റോഡ് നവീകരിക്കാനും എംഎൽഎ 5.88കോടി രൂപ അനുവദിപ്പിച്ചതും വോട്ടർമാർ ഓർക്കുന്നു. 25 കേന്ദ്രങ്ങളിൽ വരവേൽപ്പ് ഏറ്റുവാങ്ങി രാത്രിയിൽ പള്ളിക്കവിളയിൽ സ്വീകരണം സമാപിച്ചു. ഓരോ കേന്ദ്രത്തിലും വികസന നായകനെ കാണാനും കേൾക്കാനും കർഷകരും തൊഴിലാളികളും യുവാക്കളും സ്ത്രീകളും കാത്തുനിന്നിരുന്നു. ‘എൽഡിഎഫ് സർക്കാരിന്റെ പത്തുവർഷത്തെ വികസന പ്രവർത്തനങ്ങളും സാമൂഹ്യക്ഷേമ പദ്ധതികളുടെ ഗുണവും എത്താത്ത ഒരു പ്രദേശവും നമ്മുടെ നാട്ടിൽ ഉണ്ടാവില്ല. എംഎൽഎ എന്ന നിലയിൽ നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും ഞാനും ഒപ്പമുണ്ടായി. ഇനിയും അത് തുടരും’– നാടിന്റെ വരവേൽപ്പിനു നന്ദി പറഞ്ഞുകൊണ്ട് കോവൂർ കുഞ്ഞുമോൻ പറഞ്ഞു. ഞായറാഴ്‌ച രാവിലെ മുതൽ ഉച്ചവരെ പവിത്രേശ്വരം പഞ്ചായത്തിൽ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി കോവൂർ കുഞ്ഞുമോന് സ്വീകരണം. സ്വീകരണപരിപാടി പുത്തൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്‌തു.










0 comments