ദോഹയിലേക്ക് വരൂ...
കപ്പയും ചിക്കനും റെഡി

മുരളീധരൻ ദോഹ ഹോട്ടലിൽ പാചകത്തിനിടെ
എ അഭിലാഷ്
Published on Mar 19, 2026, 01:03 AM | 1 min read
എഴുകോൺ
കരീപ്ര ഇലയത്ത് ഒരു ദോഹയുണ്ട്. കഴിഞ്ഞ 10 വർഷമായി സ്വാദിഷ്‌ടമായ കപ്പയും ചിക്കനും വിളന്പുന്ന ദോഹ ഹോട്ടൽ. ഇലയം തുണ്ടിൽ പുത്തൻവീട്ടിൽ ബി മുരളീധരനും ഭാര്യ സന്ധ്യയും വീടിനോട് ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. സൗദി അറേബ്യയിലും ഖത്തറിലും ഡ്രൈവറായി ജോലി ചെയ്തിരുന്ന മുരളീധരൻ നാട്ടിൽ എത്തിയ ശേഷം വീണ്ടും വിദേശത്ത് പോകാനായി ദീർഘകാലം വിസയ്‌ക്ക് കാത്തിരിക്കേണ്ടിവന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയായതോടെ ജീവിതം വഴിമുട്ടും എന്ന സാഹചര്യമായി. പാചകകല ആസ്വദിച്ചിരുന്ന മുരളീധരൻ പിന്നെ ഒന്നും ആലോചിച്ചില്ല ചിക്കനും കപ്പയുമായി ഹോട്ടൽ ദോഹ തുടങ്ങി. കുറച്ചുപേർക്ക് മാത്രമായി തയ്യാറാക്കിയ കപ്പയ്‌ക്കും ചിക്കനും ഓരോ ദിവസം കഴിയുംതോറും ആവശ്യക്കാർ കൂടിവന്നു. ദൂരെയിടങ്ങളിൽനിന്നും ദോഹയിലേക്ക് ആളുകൾ എത്തിത്തുടങ്ങി. ഹോട്ടൽ സാമൂഹ്യ മാധ്യമങ്ങളിലും തരംഗമായി. പാചകവാതകം കിട്ടുന്നില്ലെന്ന പരാതി മുരളീധരനുണ്ടാകിനിടയില്ല. നല്ല വൃത്തിയുള്ള അന്തരീക്ഷത്തിൽ വിറകടുപ്പിലാണ് പാചകം. കേര വെളിച്ചെണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നത്. വറ്റൽ മുളകും പിരിയൻ മുളകും വാങ്ങി പൊടിക്കാറാണ് പതിവ്. മഞ്ഞളും കുരുമുളകും കറി വേപ്പിലയും ഉൾപ്പെടെ പലതും സ്വന്തം പറമ്പിൽ കൃഷിചെയ്ത് ഉപയോഗിക്കുന്നു. എല്ലാ ദിവസവും പകൽ 12ന് ആരംഭിക്കുന്ന കച്ചവടം രണ്ടോടെ അവസാനിക്കും. കപ്പയ്ക്കും ചിക്കനുമായി 130 രൂപയാണ് വില. പത്തുവർഷമായി കപ്പയുടെ വിലയിൽ മാറ്റമില്ല, 20രൂപ. കപ്പയ്ക്കും ചിക്കനുമൊപ്പം അൽപ്പം ഊണും കൂടിയാകാം എന്നു തോന്നിയാൽ അത്യാവശ്യക്കാർക്ക് വീട്ടിലെ അടുക്കളയിൽ തയ്യാറാക്കിയ നാടൻ ചോറും കറിയുമുണ്ട്. ശുചിത്വവും രുചിയുമാണ് ദോഹയുടെ ഹൈലൈറ്റ്. സഹായിയായി അച്ഛൻ ഭാസ്കരനും കൂടാറുണ്ട്. എല്ലാ പിന്തുണയുമായി സിവിൽ പൊലീസ് ഓഫീസറായ മകൾ ദേവുവുമുണ്ട്.










0 comments