മണ്ണറിഞ്ഞ് വിത്തിട്ടാൽ മനവും നിറയും

സുരേഷ് വെട്ടുകാട്ട്
Published on Jan 11, 2026, 12:40 AM | 1 min read
കരുനാഗപ്പള്ളി
ഇത്തവണയും പതിവ് തെറ്റിയില്ല. തണ്ണിമത്തൻ കൃഷിയിൽ മികച്ച നേട്ടം. ആദ്യഘട്ട വിളവെടുപ്പിൽ 50 കിലോ വിറ്റു.രണ്ടാഴ്ചയ്ക്കകം 500 മൂട് വിളവെടുക്കാൻ പാകം. ഇത്തവണ മൂന്നുമുതൽ നാലര കിലോവരെ തൂക്കമുള്ള തണ്ണിമത്തനുകളാണ് ലഭിച്ചത്. മണ്ണിൽ പണിയെടുത്താൽ നൂറുമേനി വിളവ് ലഭിക്കുമെന്ന അനുഭവ പാഠമാണ് തൊടിയൂർ 16–-ാം വാർഡിലെ ശിവഗംഗ വീട്ടില്‍ വിജയകല വീണ്ടും തെളിയിക്കുന്നത്. വീട്ടില്‍ നേരിട്ടാണ് വിൽപ്പന. ഇത്തവണ കിരൺ ഇനത്തിൽപ്പെട്ട പച്ചനിറത്തിലുള്ള തണ്ണിമത്തൻ ആയിരുന്നു കൃഷി. ഷുഗർ ക്യൂൻ, മൊക്കാസ എന്നീ ചുവന്ന ഇനവും മഞ്ഞ ഇനത്തിൽപ്പെട്ട ആരോഗയും മുൻ വർഷങ്ങളിൽ കൃഷിചെയ്തിരുന്നു. കഴിഞ്ഞ 10 വർഷമായി കൃഷിയിൽ ഇവർ നേടിയെടുത്തത് അതുല്യ വിജയഗാഥയാണ്. കൃഷിവകുപ്പിന്റെ പൂർണ പിന്തുണ ഇവർക്കുണ്ട്. വീടിനോടുചേർന്ന് കാര്‍ഷികാവശ്യത്തിനായി സമീപവാസി വിട്ടുനൽകിയ ഒരേക്കറിന്റെ ഒരു ഭാഗത്താണ് കൃഷി. തണ്ണിമത്തൻ വിത്ത് മൺതിട്ടയിൽ തിടിലുവച്ച് ചാണകവും എല്ലുപൊടിയും ഉൾപ്പെടെയുള്ള വളം ചെയ്തശേഷം പ്ലാസ്റ്റിക് ഷീറ്റ് പാകി ഡ്രിപ്പ് ഇറിഗേഷനിലൂടെയാണ് കൃഷി ചെയ്തത്. വർഷത്തിൽ രണ്ടുതവണ തണ്ണിമത്തൻ കൃഷി ചെയ്യാനാകും. 75 ദിവസം വരെയാണ് മത്തനുകൾ പാകമാകാനുള്ള സമയം. ദിവസവും നാലുമണിക്കൂർ വരെ കൃഷിക്കായി മാറ്റിവയ്ക്കുമെന്ന് വിജയകല പറഞ്ഞു. കക്കിരി, അമരപ്പയർ, ചീര, വെണ്ട, വഴുതന, തക്കാളി തുടങ്ങിയ പച്ചക്കറികളും താമര, ഓർക്കിഡുകൾ, ജമന്തി, റോസ് തുടങ്ങി പൂക്കളുടെ കൃഷിയും ഇവര്‍ക്കുണ്ട്. വിഷമയമില്ലാത്ത പച്ചക്കറി വാങ്ങാൻ ഒട്ടേറെപ്പേരാണ് വീട്ടിലെത്തുന്നത്. കുടുംബശ്രീ പ്രവർത്തക കൂടിയാണ് വിജയകല. മികച്ച കർഷക എന്ന നിലയിൽ നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ പ്രത്യേക പ്രഭാതവിരുന്നിൽ പങ്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൃഷിവകുപ്പിന്റെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭർത്താവ് അനിൽകുമാറും മക്കളായ ആഷ്‌ലി, അശ്വിൻ എന്നിവരും എല്ലാ സഹായത്തിനും ഒപ്പമുണ്ട്.










0 comments