തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാത്തത് ജനങ്ങളോടുള്ള വഞ്ചന: കെ എൻ ബാലഗോപാൽ

കൊല്ലം
സർക്കാരിന്റെ കൈവശം പണമുണ്ടായിട്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാത്തത് ജനങ്ങളോടുള്ള വഞ്ചനയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആദ്യ മൂന്നുവർഷവും കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചതിന്റെ പ്രതിസന്ധി ഉണ്ടായിട്ടും എൽഡിഎഫ് സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കുറച്ചില്ല. ശമ്പളവും പെൻഷനും മുടക്കിയില്ല. എന്നാൽ, മൂന്നുമാസംകൊണ്ട് ജിഎസ്ടി ഇനത്തിൽ ഉൾപ്പെടെ അധികവരുമാനം ലഭിച്ചിട്ടും തദ്ദേശ സ്ഥാപനങ്ങൾക്ക് പണം നൽകാത്തത് വികസനം അട്ടിമറിക്കാനാണെന്ന് ബാലഗോപാൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾക്ക് അർഹമായ ഫണ്ട് വെട്ടിക്കുറച്ച സർക്കാരിനെതിരെ എൽഡിഎഫ് കോർപറേഷൻ കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് കാലത്ത് കേന്ദ്രവിഹിതം 10,000കോടി ലഭിച്ചത് മുഖ്യമന്ത്രി, എംഎൽഎമാർ, എംപിമാർ എല്ലാം ചേർന്ന് ഡൽഹിയിൽ സമരം നടത്തിയതിന്റെ ഭാഗമായിട്ടാണ്. എന്നാൽ, ജിഎസ്‌ടി അധികവരുമാനമായി 6500കോടി, നികുതി വർധന, ഇന്ധനവില വർധനയുടെ നികുതി തുടങ്ങിയവ സംസ്ഥാന സർക്കാരിന് കിട്ടുന്നുണ്ട്. എന്നിട്ടും പണം നൽകിയില്ല. പിണറായി സർക്കാരിന്റെ കാലത്ത് അവയവദാനത്തിനും മറ്റും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്റർ ഇപ്പോൾ കുടുംബക്കാരെ കാണാനും സ്വകാര്യ ആവശ്യങ്ങൾക്കുമാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. കേരളം ദുരിതക്കയത്തിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി വിരുന്നിനു പങ്കെടുത്തത് ഔചിത്യമില്ലായ്മയാണ്. റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളിൽ ഉൾപ്പെടെ വെള്ളം കയറി വ്യാപാരികൾക്ക് കോടികളുടെ നഷ്ടമുണ്ടായിട്ടും സഹായിക്കാൻ സർക്കാർ സംവിധാനങ്ങൾ എത്തിയില്ല. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ഇടതു സംഘടനകളാണ് സഹായത്തിനിറങ്ങുന്നതെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.










0 comments