ad
Deshabhimani

സ്റ്റാൻഡ്‌ 
വിടാതെ ബിനു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സനു കുമ്മിൾ

Published on Sep 21, 2025, 01:13 AM | 1 min read

കടയ്ക്കൽ

"ആനപ്പാറ, മുക്കുന്നം, കുമ്മിൾ, മതിര, പാങ്ങോട്, കല്ലറ’. കടയ്ക്കൽ പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന്‌ കല്ലറയിലേക്ക് സർവീസ് തുടങ്ങുന്ന ബസിലേക്ക് യാത്രക്കാരെ വിളിച്ച് കയറ്റുകയാണ് ബിനു. അതിനിടയിൽ മടത്തറയിലേക്കുള്ള ബസ് വന്നു. പിന്നെ രണ്ട് ബസിലേയ്ക്കും യാത്രക്കാരെ വിളിച്ച് കയറ്റലായി. അതിരാവിലെ മുതൽ രാത്രിവരെ ബിനുവിന്റെ ജോലി നീളും. സാധാരണ ഒരാൾക്ക് വേഗത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ജോലിയാണ് ഇതെന്ന് വിചാരിച്ചാൽ തെറ്റില്ല. പക്ഷേ, ബിനു ഒരു സാധാരണക്കാരനല്ല. അവിടെയാണ് ഈ കഥ വ്യത്യസ്തമാകുന്നതും. രണ്ടാമത്തെ വയസ്സിൽ പോളിയോ ബാധിച്ച് അരയ്ക്ക് താഴോട്ട് തളർന്നുപോയിരുന്നു. അച്ഛനും അമ്മയും തൊഴിലാളികളായ കുടുംബം. മടത്തറ കാണി ഹൈസ്കൂളിൽ എട്ടാംക്ലാസ്‌ വരെ പഠിച്ചു. പിന്നെ എങ്ങനെയെങ്കിലും ജീവിക്കണമെന്ന്‌ വാശിയായി. നിവർന്ന് നിൽക്കാനാകില്ലെങ്കിലും ഉറക്കെ വർത്തമാനം പറയാനാകുമെന്ന ബലത്തിൽ കടയ്ക്കൽ ബസ് സ്റ്റാൻഡിലിറങ്ങി. അക്കാലത്ത് ബസുകളുടെ റൂട്ടും സമയവും വിളിച്ച് പറയാൻ കോളാമ്പിയുള്ള കാലം. ഒരു ബസിന് അഞ്ചുരൂപ വരെ കൂലി കിട്ടുമായിരുന്നെന്ന് ബിനു പറയുന്നു. പിന്നെ അനൗൺസ്മെന്റ്‌ നിർത്തി ബസുകളുടെ സമീപംചെന്ന് യാത്രക്കാരെ വിളിച്ച് കയറ്റലായി. ഇരു കൈകൾ നിലത്തൂന്നിയുള്ള ആ പാച്ചിലിന് വേഗത കൂടുതൽ വേണമെന്ന് വന്നതോടെ പലകയിൽ ഇരുമ്പ് ടയറുകൾ ഘടിപ്പിച്ച വണ്ടിയിലായി ജോലി. പിന്നെയത് മുച്ചക്ര സൈക്കിളായി മാറി. കടയ്ക്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡുമായുള്ള ബിനുവിന്റെ ആത്മബന്ധത്തിന് രണ്ട് വ്യാഴവട്ടങ്ങൾ പിന്നിടുകയാണ്. മടത്തറ മേലെമുക്ക് ബ്ലോക്ക് നമ്പർ 167ൽനിന്ന് കടയ്ക്കൽ ബസ്‌ സ്റ്റാൻഡിലേക്കിറങ്ങിയ പയ്യന് പ്രായം 45 കടന്നു. കൂലി അഞ്ചുരൂപയിൽനിന്ന് 10 രൂപയായി മാറി. സ്റ്റാൻഡില്‍ എത്തുന്ന ബസുകളുടെ എണ്ണം നൂറിലേക്കെത്തി. ഡോറ് നിയന്ത്രിക്കാൻ ക്ലീനറന്മാരില്ലാതായി. എങ്കിലും മുച്ചക്ര സൈക്കിളിൽ ഉച്ചത്തിലുള്ള ശബ്ദവുമായി ബിനു ഇവിടെത്തന്നെ തുടരുന്നു. ബസ് ജീവനക്കാരും ഉടമകളും യാത്രക്കാരും നൽകുന്ന സഹായത്താലാണ്‌ ജീവിതം മുന്നോട്ട് പോകുന്നത്‌. സ്റ്റാൻഡിലെ ഏക സംഘടനയായ പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയനും (സിഐടിയു) എല്ലാ സഹായവുമായി ഒപ്പമുണ്ടെന്ന്‌ ബിനു പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home