മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിന് കൈമാറി
സോമരാജൻ ജീവിക്കും മറ്റുള്ളവർക്ക് വെളിച്ചമായി

പുനലൂർ
മരണശേഷം ശരീരം വൈദ്യശാസ്‌ത്ര പഠനത്തിന് നൽകണമെന്ന അച്‌ഛന്റെ ആഗ്രഹം സഫലമാക്കി മക്കൾ. പുനലൂർ മണിയാർ സജീവ് ഭവനിൽ ആർ സോമരാജൻ (87)ന്റെ മൃതദേഹമാണ് വെള്ളി ഉച്ചയോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിന് കൈമാറിയത്. വ്യാഴം രാത്രി 10നായിരുന്നു മരണം. തന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് ഉപകാരപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഒപ്പം തന്റെ കണ്ണുകൾ മറ്റൊരാൾക്ക് കാഴ്ചയേകണമെന്നും. 2010ൽ അപകടത്തിൽ മരിച്ച ഭാര്യ ഓമനയുടെ കണ്ണുകളും അവയവങ്ങളും ദാനംചെയ്തിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിനും കൈമാറി. വീട്ടിൽ പൊതുദർശനത്തിനുവച്ച സോമരാജൻ മൃതദേഹത്തിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ജയമോഹൻ ,കെ രാജഗോപാൽ, ചിന്ത ജെറോം , ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് എൽ സജികുമാർ, ഏരിയ സെക്രട്ടറി അഡ്വ.പി സജി എന്നിവരടക്കം നിരവധിപ്പേർ അന്ത്യാഞ്‌ജലി അർപ്പിച്ചു. സിപിഐ എമ്മിന്റെ മണിയാറിലെ ആദ്യകാല പാർടി അംഗമായിരുന്നു. മക്കളായ സജീവും സജിതയും അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാനുള്ള തീരുമാനത്തിലാണ്.









0 comments