അതിജീവനത്തിനായി കൈകോര്‍ത്ത് ശിശുക്ഷേമസമിതി

സ്വന്തം ലേഖകൻ
Published on Jan 07, 2026, 12:15 AM | 1 min read
കൊല്ലം
തീയായി പടര്‍ന്ന ദുരന്തത്തെ അതിജീവിക്കാനായി കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ജില്ലാ ശിശുക്ഷേമസമിതി. വീട് കത്തിനശിച്ച കാര്‍ത്തികിന്റെയും കൃഷ്ണവേണിയുടെയും തുടര്‍ജീവിതത്തിന് കരുത്തേകുംവിധമാണ് പിന്തുണ. ചിറ്റുമല ദേവീക്ഷേത്രത്തിനു പിന്നില്‍ കാഞ്ഞിരംവിള തെക്കതില്‍ താമസിച്ചിരുന്ന കാര്‍ത്തികിന്റെയും കൃഷ്ണവേണിയുടെയും വീട് കഴിഞ്ഞ 31ന് കത്തിനശിച്ചിരുന്നു. വീടിന്റെ പ്രമാണവും പ്രധാന രേഖകളും നശിച്ച സാഹചര്യത്തില്‍ കുട്ടികളുടെ ഒരു വര്‍ഷത്തേക്കുള്ള പഠനസാമഗ്രികള്‍ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ജില്ലാ ശിശുക്ഷേമസമിതി വഹിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക കണ്ടെത്തുന്നത്. ശിശുക്ഷേമ സമിതിയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പദ്ധതിയിലും ഇവരെ ഉള്‍പ്പെടുത്തി. സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തിയാണ് തീരുമാനമെന്ന് സമിതി സെക്രട്ടറി ഡി ഷൈന്‍ദേവ് പറഞ്ഞു. കുട്ടികളുടെ അച്ഛന്‍ രാഹുല്‍രാജ് ഡ്രൈവറും അമ്മ സ്വകാര്യ കടയിലെ ജീവനക്കാരിയുമാണ്. നിലവില്‍ നാലംഗ കുടുംബം ബന്ധുവീട്ടിലാണ് താമസിക്കുന്നത്. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ശാന്തന്‍, ജില്ലാ ശിശുക്ഷേമ സമിതി ട്രഷറര്‍ എന്‍ അജിത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍ മനോജ് എന്നിവരാണ് വിവരങ്ങള്‍ നേരിട്ട് വിലയിരുത്തിയത്. സിവികെഎം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ആര്‍ കാര്‍ത്തിക്, എസ്ജെഎംഎല്‍പിഎസിലെ മൂന്നാം ക്ലാസിലാണ് കൃഷ്ണവേണി.










0 comments